ലണ്ടൻ: മദ്യരാജാവ് വിജയ് മല്യ ഇന്ത്യൻ ജയിലുകൾ എലിയും പാറ്റയും പാമ്പും നിറഞ്ഞതാണെന്ന വാദവുമായി രഗത്ത്. ഇന്ത്യയിലെ എല്ലാ ജയിലുകളും ആൾത്തിരക്കേറിയതും വൃത്തിയില്ലാത്തതുമാണ്.ഇവിടെ തന്റെ ജീവന് പോലും ഭീഷണിയുള്ള സാഹചര്യമാണെന്നും വിജയ് മല്യ ബ്രിട്ടനിലെ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു.

17 ബാങ്കുകളിൽനിന്ന് വായ്പയെടുത്ത 9000 കോടി തിരിച്ചടയ്ക്കാത്തത് അടക്കമുള്ള കേസുകളാണ് ഇന്ത്യയിൽ മല്യയ്ക്കെതിരെയുള്ളത്. നിയമ നടപടികളുമായി സഹകരിക്കാതെ 2016 മാർച്ചിൽ ബ്രിട്ടനിലേക്ക് കടന്ന മല്യ പിന്നീട് തിരിച്ചുവന്നില്ല. ഇതോടെയാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ ബ്രിട്ടനെ സമീപിച്ചത്.

എന്നാൽ ഇന്ത്യയിലെ ആർതർ റോഡ് ജയിൽ, ആലിപുർ ജയിൽ, പുഴാൽ ജയിൽ എന്നിവിടങ്ങളിലെ ദയനീയാവസ്ഥായാണ് വിജയ് മല്യ പറയുന്നത്. ബ്രിട്ടനിലെ ജയിൽ വിദഗ്ധൻ ഡോ.അലൻ മിച്ചലിനെ ഹാജരാക്കിയാണ് മല്യ തന്റെ വാദം വിശദീകരിച്ചത്.

ഇവിടേക്ക് അയച്ചാൽ തന്റെ ജീവന് ഭീഷണിയുണ്ടാവാൻ സാധ്യതയുണ്ട്. മാത്രമല്ല താൻ കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളാണ് എന്നും മുംബെയിലെ സെൻട്രൽ ജയിലിൽ നിലവിൽ 3000 തടവുകാരെങ്കിലുമുണ്ടെന്നും എന്നാൽ അവരെ പരിചരിക്കാൻ ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണുള്ളതെന്നും മല്യ പറയുന്നു. അതേ അവസരത്തിൽ ബ്രിട്ടനിലെ പ്രധാന ജയിലുകളിലെല്ലാം 12 മുഴുവൻ സമയ ഡോക്ടർമാരും, 60 നേഴ്‌സുമാരുമുണ്ടെന്നുമാണ് മല്യ പറയുന്നത്. കേസിൽ ജനുവരി 10 നാണ് കോടതി അന്തിമ വാദം കേൾക്കുന്നത്.