അഹമ്മദാബാദ്: രാജ്യ സ്‌നേഹത്തിന്റെ ഹോൾസെയിൽ കച്ചവടക്കാരാണ് തങ്ങളെന്നാണ് ബിജെപിക്കാരുടെ അവകാശ വാദം. ഏത് കാര്യത്തിനും പട്ടാളക്കാരെ കൂട്ട് പിടിച്ച് രാജ്യ സ്‌നേഹത്തിന്റെ കഥകൾ വിവരിക്കുന്ന ബിജെപി നേതാക്കൾക്ക് ജവാന്മാരുടെ കുടുംബങ്ങളെ അയിത്തമാണ്. 2002ൽ കശ്മീരിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻ അശോക് തദ്വിയുടെ മകൾക്ക് ഇത്തരത്തിലുള്ള ഒരു അനുഭവമാണ് ഗുജറാത്തിലെ മുഖ്യമന്ത്രിയായ വിജയ് രൂപാണിയിൽ നിന്ന് നേരിടേണ്ടി വന്നത്.

തങ്ങളുടെ കുടുംബത്തിന് വാഗ്ദ്ധാനം ചെയ്ത ഭൂമി സർക്കാർ നിൽകിയില്ലെന്നാരോപിച്ച് രൂപൽ തദ്വി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നിൽ വെച്ച് പൊലീസ് വലിച്ചിഴച്ച് പുറത്താക്കിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കെവാഡിയ കോളനിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രൂപൽ തദ്വി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങിയത്.

തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് രൂപാണി സംസാരിക്കുന്നതിനിടെ സദസ്സിലിരിക്കുകയായിരുന്ന രൂപൽ എനിക്ക് അദ്ദേഹത്തെ കാണണമെന്ന് ഒച്ച വെച്ചത് തുടർന്ന് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഓടുന്നതിനിടെയാണ് വനിതാ പൊലീസുകാർ രൂപലിനെ തടഞ്ഞ് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയത്.പൊലീസ് ഇവരെ പുറത്തേക്ക് വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ബിജെപിയുടെ അഹങ്കാരം കൊടുമുടിയിൽ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

നേരത്തെ രൂപൽ പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. രൂപലിന്റെ അമ്മ ആത്മഹത്യാ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു.ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇതിന്റെ വീഡിയോ ബിജെപിക്കെതിരെ പ്രചാരണയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. തന്റെ പ്രചാരണ പരിപാടികളിൽ രാഹുൽഗാന്ധി ഈ സംഭവം ഉയർത്തിക്കാട്ടി ബിജെപിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.