- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് രൂപാണി തന്നെ ഗുജറാത്ത് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി നിധിൻ പട്ടേലിനേയും തിരഞ്ഞെടുത്ത് ബിജെപി കേന്ദ്രനേതൃത്വം; നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചതോടെ ഇറക്കുമതി മുഖ്യമന്ത്രിയുണ്ടാകുമെന്ന വാദം പൊളിച്ച് ബിജെപി
ഗാന്ധിനഗർ: വിജയ് രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രിയായി നിധിൻ പട്ടേലിനെയും ബിജെപി തീരുമാനിച്ചു. ഇതോടെ ബിജെപി കേന്ദ്രനേതൃത്വം വീണ്ടും ഇറക്കുമതി സ്ഥാനാർത്ഥിയുമായി എത്തുമെന്ന എതിരാളികളുടെ വാദം പൊളിഞ്ഞു. സ്മൃതി ഇറാനിയെ ഗുജറാത്തിൽ മുഖ്യമന്ത്രിയാക്കുമെന്ന വാർത്തകൾ വന്നിരുന്നു. യുപിയിൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് ഇത്തരത്തിൽ ആയിരുന്നു. അതിനാൽ തന്നെ ഗുജറാത്തിലും ഇത് ആവർത്തിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ചാണ് ഇന്ന് തീരുമാനം ഉണ്ടായത്. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തുടരട്ടെയെന്നായിരുന്നു യോഗ തീരുമാനം. അങ്ങനെയാണ് നിധിൻ പട്ടേലിനേയും രൂപാണിയേയും തുടരാൻ പാർട്ടി അനുവദിച്ചത്. ജയ്റ്റ്‌ലിയെക്കൂടാതെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയും കേന്ദ്ര നിരീക്ഷകരായി നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തു. സംസ
ഗാന്ധിനഗർ: വിജയ് രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രിയായി നിധിൻ പട്ടേലിനെയും ബിജെപി തീരുമാനിച്ചു. ഇതോടെ ബിജെപി കേന്ദ്രനേതൃത്വം വീണ്ടും ഇറക്കുമതി സ്ഥാനാർത്ഥിയുമായി എത്തുമെന്ന എതിരാളികളുടെ വാദം പൊളിഞ്ഞു. സ്മൃതി ഇറാനിയെ ഗുജറാത്തിൽ മുഖ്യമന്ത്രിയാക്കുമെന്ന വാർത്തകൾ വന്നിരുന്നു. യുപിയിൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് ഇത്തരത്തിൽ ആയിരുന്നു. അതിനാൽ തന്നെ ഗുജറാത്തിലും ഇത് ആവർത്തിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ചാണ് ഇന്ന് തീരുമാനം ഉണ്ടായത്.
കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തുടരട്ടെയെന്നായിരുന്നു യോഗ തീരുമാനം. അങ്ങനെയാണ് നിധിൻ പട്ടേലിനേയും രൂപാണിയേയും തുടരാൻ പാർട്ടി അനുവദിച്ചത്. ജയ്റ്റ്‌ലിയെക്കൂടാതെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയും കേന്ദ്ര നിരീക്ഷകരായി നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് വൻ വിജയം പ്രതീക്ഷിച്ച ബിജെപി 99 സീറ്റിൽ ഒതുങ്ങിയതോടെ രുപാണിക്കു പകരക്കാരനുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഉൾപ്പെടെ പേരുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്കു പറഞ്ഞുകേട്ടു. കഴിഞ്ഞ മന്ത്രിസഭയിൽ ആനന്ദിബെൻ പട്ടേലിനു പകരക്കാരനായാണ് രുപാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
പട്ടേൽ, ദലിത് പ്രക്ഷോഭങ്ങളെത്തുടർന്നായിരുന്നു ആനന്ദിബെൻ പട്ടേലിന്റെ കസേര തെറിച്ചത്. എന്നാൽ അതേ പട്ടേൽ, ദളിത് തരംഗത്തിൽ തെരഞ്ഞെടുപ്പിൽ പിന്നാക്കംപോയതു രുപാണിക്കും തിരിച്ചടിയായി. ഇതിനെയെല്ലാം അതിജീവിച്ചാണ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിശ്വസ്തനായ രുപാണി വീണ്ടും മുഖ്യമന്ത്രിക്കസേര സ്വന്തമാക്കിയിരിക്കുന്നത്. മന്ത്രിസഭയിൽ പട്ടേൽ, ദളിത് വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
എല്ലാ വിഭാഗത്തേയും കയ്യിലെടുക്കുന്ന വിധത്തിലാണ് ബിജെപി കാര്യങ്ങൾ നീക്കുന്നത്. പാർട്ടി വിജയിച്ചെങ്കിലും ഗുജറാത്തിൽ ബിജെപി വിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും ചില മേഖലകളിൽ പാർട്ടിക്ക് വീഴ്ചവന്നു എന്നുമാണ് വിലയിരുത്തൽ. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കരുതലോടെയാണ് ബിജെപിയുടെ നീക്കം. ഇപ്പോൾ സംസ്ഥാന ഘടകത്തിൽ ഒരു ചർച്ച ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിക്കാനാണ് നിലവിലെ മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും തുടരാൻ അനുവദിക്കുന്നത്.



