അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്കിന് കാരണം സോണിയ ഗാന്ധിയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മകൻ രാഹുൽ ഗാന്ധിയോടുള്ള സ്‌നേഹമാണ് രാജ്യമെങ്ങും കോൺഗ്രസ് മുങ്ങിത്താഴുന്നതിനു പ്രധാന കാരണം. കോൺഗ്രസിന്റെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് രൂപാണി പറഞ്ഞു.

സംസ്ഥാനം പ്രളയബാധിതമായി ഉഴറുമ്പോൾ, കോൺഗ്രസിന്റെ 40 എംഎൽഎമാർ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിലിൽ സുഖിച്ചു കഴിയുകയാണെന്ന് രൂപാണി ചൂണ്ടിക്കാട്ടി. അത്രത്തോളം നിരുത്തരവാദിത്തത്തോടെയും നിർവികാരതയോടെയുമാണ് കോൺഗ്രസ് പെരുമാറുന്നത്. അഹമ്മദ് പട്ടേലിനെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന ആർത്തിമാത്രമാണ് 40 എംഎഎൽഎമാരെ ഒളിപ്പിക്കുന്നതിനു പിന്നിൽ. ഇവരിൽ പ്രളയ ദുരിതം ബാധിച്ച മണ്ഡലങ്ങളിലെ എംഎൽഎമാരുമുണ്ട്. വളരെ താമസിയാതെ കോൺഗ്രസും പ്രളയത്തിൽപ്പെട്ടു മുങ്ങും രൂപാണി കൂട്ടിച്ചേർത്തു.

അതേസമയം, പണവും അധികാരവും കരുത്തും കാട്ടി ബിജെപി ഗുജറാത്തിൽ കുതിരക്കച്ചവടം നടത്തുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. അടുത്തിടെ ആറ് കോൺഗ്രസ് എംഎൽഎമാരാണ് രാജിവച്ച് ബിജെപിയിൽ ചേർന്നത്. ഇതേത്തുടർന്ന് വെള്ളിയാഴ്ച കോൺഗ്രസ് തങ്ങളുടെ 44 എംഎൽഎമാരെ ബെംഗളൂരുവിലേക്കു മാറ്റിയിരുന്നു.