- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൈന മതക്കാരനായ രാജ്കോട്ടുകാരൻ; വിവാദങ്ങളിൽ പെടാത്ത സംഘപരിവാർ അനുയായി; അമിത് ഷായുടെ ഏറ്റവും അടുത്തയാൾ: ദളിത്-പട്ടേൽ രോഷം രൂക്ഷമായ ഗുജറാത്ത് നിലനിർത്താൻ വിജയ് രൂപാണിക്ക് കഴിയുമോ?
ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിക്ക് മുമ്പിൽ വലിയ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. ദളിത് -പട്ടേൽ പ്രക്ഷോഭങ്ങൾക്ക് നടുവിലാണ് സംസ്ഥാനം. അടുത്തിടെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നു. സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും കരുത്തു കാട്ടിയപ്പോൾ ആം ആംആദ്മിയും തക്കം പാർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗുജറാത്തിന്റെ അമരക്കാരനായി വിജയ് രൂപാണി എന്ന ജൈനമതക്കാരൻ എത്തുന്നത്. പട്ടേൽ സമുദായത്തിന്റെ രോഷം ശമിപ്പിക്കാൻ വേണ്ടി ആ സമുദായത്തിൽ നിന്നു തന്നെ ആനന്ദി ബെൻ പട്ടേലിന്റെ പകരക്കാരൻ വരുമെന്നാണ് കരുതിയത്. എന്നാൽ, അമിത് ഷായുടെ കൂടി വിശ്വസ്തനായി വിജയ് രൂപാണി മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയായിരുന്നു. പട്ടേൽ സമുദായത്തിലെ പ്രമുഖ നേതാവായ നിതിൻ പട്ടേലിനെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ അദേഹത്തിന്റെ പ്രധാന ദൗത്യം ബിജെപിയുമായി അകന്നു നിൽക്കുന്ന പട്ടേൽ സമുദായത്തെ ഒപ്പം നിർത്തുക എന്നതുതന്നെയാണ്. അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ, മുഖ്യമന്ത്രി
ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിക്ക് മുമ്പിൽ വലിയ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. ദളിത് -പട്ടേൽ പ്രക്ഷോഭങ്ങൾക്ക് നടുവിലാണ് സംസ്ഥാനം. അടുത്തിടെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നു. സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും കരുത്തു കാട്ടിയപ്പോൾ ആം ആംആദ്മിയും തക്കം പാർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗുജറാത്തിന്റെ അമരക്കാരനായി വിജയ് രൂപാണി എന്ന ജൈനമതക്കാരൻ എത്തുന്നത്. പട്ടേൽ സമുദായത്തിന്റെ രോഷം ശമിപ്പിക്കാൻ വേണ്ടി ആ സമുദായത്തിൽ നിന്നു തന്നെ ആനന്ദി ബെൻ പട്ടേലിന്റെ പകരക്കാരൻ വരുമെന്നാണ് കരുതിയത്. എന്നാൽ, അമിത് ഷായുടെ കൂടി വിശ്വസ്തനായി വിജയ് രൂപാണി മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയായിരുന്നു.
പട്ടേൽ സമുദായത്തിലെ പ്രമുഖ നേതാവായ നിതിൻ പട്ടേലിനെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ അദേഹത്തിന്റെ പ്രധാന ദൗത്യം ബിജെപിയുമായി അകന്നു നിൽക്കുന്ന പട്ടേൽ സമുദായത്തെ ഒപ്പം നിർത്തുക എന്നതുതന്നെയാണ്. അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രൂപാണിയുടെ പേര് നിർദേശിക്കപ്പെട്ടമ്പോൾ അതിനെ എതിർത്തത് പട്ടേൽ സമുദായത്തിലെ തന്നെ രണ്ട് പ്രമുഖരായിരുന്നു. മുന്മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലും ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയ നിതിൻ പട്ടേലുമാണ് ഇവർ. ഇവരുടെ നീക്കങ്ങളും ഇനി വിജയ് രൂപാണിക്ക് വിനയാകും.
വിവാദങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുനിന്ന നേതാവാണ് വിജയ് രൂപാണി. ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം മികച്ച മന്ത്രിയെന്ന പേരെടുത്തു. സൗമ്യനും കാര്യശേഷിയുമുള്ള നേതാവെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധേയനായത്. അനുരഞ്ജനത്തിന്റെ പാതയിൽ പ്രശ്‌നങ്ങളെ സമീപിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും ശ്രദ്ധനേടി.
ജൈന മതാംഗമായ രാജ്‌കോട്ട് സ്വദേശിയാണ് വിജയ് രൂപാണി. പട്ടേൽ വിഭാഗക്കാരുടെ ശക്തികേന്ദ്രമായ സൗരാഷ്ട്രയുടെ ഹൃദയഭാഗമാണ് രാജ്‌കോട്ട്. പട്ടേൽ വിഭാഗം നടത്തിയ സംവരണ പ്രക്ഷോഭം ഗുജറാത്തിനെ പിടിച്ചുലച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌കോട്ടിൽനിന്നുള്ള നേതാവിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുന്നത്. ആനന്ദിബെൻ മന്ത്രിസഭയിൽ ഗതാഗതം, ജലവിതരണം, തൊഴിൽ തുടങ്ങിയ വകുപ്പുകളുടെ ചുമതല രൂപാണി വഹിച്ചിട്ടുണ്ട്. 2014 ലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തുന്നത്. വാജുഭായി വാലാ കർണാടക ഗവർണറായതിനെത്തുടർന്ന് ഒഴിവുവന്ന രാജ്‌കോട്ട് മണ്ഡലത്തിൽനിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
ഭരണത്തിൽ മികവ് പുലർത്താനും സർക്കാർ സംവിധാനങ്ങൾ കൈപ്പിടിയിലൊതുക്കാനും മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന് കഴിയാതിരുന്നത് വലിയ വീഴ്ചയായി വിലയിരുത്തപ്പെട്ടിരുന്നു. അവരുടെ കുടുംബാംഗങ്ങൾ ഭരണത്തിൽ നിരന്തരം കൈകടത്തുന്നത് സംഘ പരിവാർ അടക്കമുള്ളവരെ ചൊടിപ്പിച്ചു. എന്നാൽ സംഘ പരിവാറുമായി വളരെ മികച്ച ബന്ധം നിലനിർത്തുന്ന നേതാവാണ് രൂപാണി. മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കളുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതും.
ആനന്ദിബെന്നിന്റെ പിൻഗാമിയായി നിതിൻ പട്ടേൽ, പുരുഷോത്തം രുപാല തുടങ്ങിയ പേരുകൾ പറഞ്ഞുകേട്ടിരുന്നുവെങ്കിലും എല്ലാവരെയും ഞെട്ടിച്ച് രൂപാണിതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണങ്ങളെ തുടർന്ന് സംസ്ഥാനത്ത് നടക്കുന്ന ദളിത് പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കുക എന്നതാണ് വിജയ് രുപാണിയുടെ മുൻപിലുള്ള ഒരു പ്രധാന വിഷയം. ദളിത് സമൂഹത്തെ അനുനയിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാവും സമ്മാനിക്കുക.
തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടെ ശക്തരായി മാറിയ കോൺഗ്രസും, ഗുജറാത്തിൽ ''ഡൽഹി മോഡൽ'' വിജയം തേടുന്ന ആം ആദ്മിയും ഊർജ്ജസ്വലരായ പ്രതിപക്ഷമായി രുപാണി സർക്കാരിന് മുൻപിലുണ്ടാവും. വെല്ലുവിളികൾ പലതുണ്ടെങ്കിലും പാർട്ടി അധ്യക്ഷൻ അമിത്ഷായുടെ വിശ്വസ്തനായ വിജയ് രൂപാണിക്ക് ഉറച്ചു പിന്തുണയാണ് ആർഎസ്എസ് നൽകുന്നത്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സംസ്ഥാനം വിട്ട ശേഷം ഗുജറാത്തിലെ രാഷ്ട്രീയ കാലാവസ്ഥ ബിജെപിക്ക് അത്രകണ്ട് അനുകൂലമല്ല. മോദിയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ആനന്ദിബെൻ പാട്ടേലിന് മോദിയെ പോലെ സംസ്ഥാന ഭരണം നിയന്ത്രിക്കുവാൻ സാധിച്ചിരുന്നില്ല.
സംവരണം ആവശ്യപ്പെട്ട് ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന സംവരണ പ്രക്ഷോഭം വലിയ വെല്ലുവിളിയാണ് ആനന്ദിബെൻ സർക്കാരിന് മുൻപിൽ സൃഷ്ടിച്ചത്. പട്ടേൽ സമുദായം സംസ്ഥാനത്ത് നടത്തിയ പ്രക്ഷോഭങ്ങൾ പലപ്പോഴും ജനജീവിതം തന്നെ സ്തംഭിപ്പിച്ചു. ബിജെപിയുടെ മുഖ്യവോട്ടു ബാങ്കായ പട്ടേൽ സമുദായത്തെ ഒപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക സംവരണം പ്രഖ്യാപിച്ചെങ്കിലും പ്രശ്‌നത്തിൽ ഇടപെട്ട ഹൈക്കോടതി സംവരണം താൽകാലികമായി സ്റ്റേ ചെയ്തിരിക്കുകയാണിപ്പോൾ.
പട്ടേൽ സമുദായം നടത്തിയ സംവരണപ്രക്ഷോഭത്തിന്റെ ആഘാതങ്ങളിൽനിന്ന് സർക്കാർ കര കയറി വരവേയാണ് ഗോഹത്യയുടെ പേരിൽ സംഘപരിവാർ സംഘടനകൾ ദളിതരെ ആക്രമിച്ചതും സംസ്ഥാന വ്യാപകമായ ദളിത് പ്രക്ഷോഭങ്ങൾക്ക് അത് വഴി തുറന്നതും. ഇങ്ങനെ തീർത്തും സങ്കീർണമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിലാണ് വിജയ് രൂപാണി ഗുജറാത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്.
വിദ്യാർത്ഥി നേതാവായി പൊതുപ്രവർത്തനരംഗത്തേക്ക് വന്ന വിജയ് രൂപാണി ആർഎസ്എസിലൂടേയും ജനസംഘത്തിലൂടേയുമാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറുന്നത്. അഭിഭാഷക ബിരുദം നേടിയ അദേഹം അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസവും അനുഭവിച്ചിരുന്നു. സൗരാഷ്ട്ര മേഖലയിൽ ഉൾപ്പെട്ട രാജ്‌കോട്ടാണ് വിജയ് രൂപാണിയുടെ ജന്മദേശം. പട്ടേൽ സമുദായത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം. രാജ്‌കോട്ട് കോർപ്പറേൻ കൗൺസിലറായി ജയിച്ചാണ് വിജയ് രൂപാണി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാക്കുന്നത്. പിന്നീട് രാജ്‌കോട്ട് മേയർ പദവിയിലെത്തിയ അദ്ദേഹം പിൻക്കാലത്ത് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
കേശുഭായി പട്ടേൽ, നരേന്ദ്ര മോദി എന്നിവർ മുഖ്യമന്ത്രിയായ ഘട്ടത്തിൽ അവരുടെ വിശ്വസ്തനായിരുന്ന വിജയ് രൂപാണി പാർട്ടിയുടെ പ്രചരണം നയിച്ചും വിവിധ കോർപ്പറേഷനുകളുടെ തലപ്പത്ത് പ്രവർത്തിച്ചും കഴിവ് തെളിയിച്ചിരുന്നു. 2014 ആനന്ദിബെൻ പട്ടേൽ മുഖ്യമന്ത്രിയായപ്പോൾ ഗതാഗതം, തൊഴിൽ, ജലവിതരണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തതിനിടെ നിരവധി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിവാദങ്ങളിലൊന്നും വിജയ് രൂപാണിയുടെ പേര് വന്നിട്ടില്ല. ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം കഴിവ് തെളിയിക്കുകയും ചെയ്തു. സങ്കീർണമായ ഗുജറാത്ത് രാഷ്ട്രീയത്തിൽ ബിജെപിയെ നയിക്കാൻ അദേഹം തിരഞ്ഞെടുക്കപ്പെടാൻ ഒരു കാരണം അദ്ദേഹത്തിന്റെ ഈ സംശുദ്ധപ്രതിച്ഛായയും പൊതുസ്വീകാര്യതയുമാണ്.