- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ജോലി ചെയ്യുമ്പോൾ പ്രദീപ് മോഷണത്തിന് ജയിലിൽ കിടന്നു; നാട്ടിലെത്തി പട്ടാഭിരാമനിലെ നടി വിജയലക്ഷ്മിയെ വീഴ്ത്തിയത് ബിസിനസുകാരാനാണെന്ന് പറഞ്ഞ്; ആഡംബര ഭ്രമം കൂടിയായപ്പോൾ വീണ്ടും മോഷണവും കൊലപാതകവും; വഞ്ചിക്കപ്പെട്ടതിന്റെ വേദന സഹിക്കാനാവാതെ വിജലക്ഷ്മിയുടെ ആത്മഹത്യ
ആലപ്പുഴ: ജീവിതത്തിൽ വഞ്ചിക്കപ്പെട്ടെന്ന് തോന്നി ജീവനൊടുക്കിയവർ നിരവധിയാണ്. ഭർത്താവിൽ നിന്നുമുള്ള വഞ്ചന സഹിക്കാൻ കഴിയാതെയാണ് പട്ടാഭിരാമൻ സിനിമയിലെ നടി കൂടിയായ വിജയലക്ഷ്മി ജീവനൊടുക്കിയത്. കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ നടി തീരുമാനിച്ചത് എല്ലാം കൈവിട്ടു പോയെന്ന ഘട്ടത്തിലായിരുന്നു. ആഡംബരപ്രിയനായ ഭർത്താവ് മോഷണവും കൊലപാതകവും പതിവാക്കിയതാണ് ഇവരെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്.
ചാരുംമൂട് ചത്തിയറയിൽ പുതുച്ചിറക്കുളത്തിലായിരുന്നു വിജയലക്ഷ്മി എന്ന ഉണ്ണിയാർച്ച മുങ്ങി മരിച്ചത്. 2019ൽ റിലീസായ നടൻ ജയറാം നായകനായ 'പട്ടാഭിരാമൻ' എന്ന സിനിമയിലെ ജസീക്ക എന്ന കഥാപാത്രത്തെയായിരുന്നു ഇവർ അവതരിപ്പിച്ചത്. ഇതിനു പുറമേ ഏതാനും സിനിമകളിലും വിജയലക്ഷ്മി ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഭർത്താവ് താമരക്കുളം പച്ചക്കാട് അമ്പാടിയിൽ പ്രദീപ് കൊലക്കേസിൽ ജയിലിലായത് അവർക്ക് വലിയ ആഘാതമായിരുന്നു.
വെള്ളിത്തിരയിൽ അറിയപ്പെടുന്ന നടി വിവാഹം കഴിച്ചത് ഒരു കള്ളനെയായിരുന്നു എന്ന അപമാനം അവർക്ക് സഹിക്കാൻ കഴിയുന്നത് ആയിരുന്നില്ല. അതുകൊണ്ട് കൂടിയാണ് അവർ ജീവനൊടുക്കിയത്. നേരത്തെ കുവൈത്തിൽ ജോലി ചെയ്യുമ്പോഴും പ്രദീപ് അവിടെ മോഷണക്കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷമാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ സമയം വിദ്യാർത്ഥിനിയായിരുന്ന വിജയലക്ഷ്മിയുടെ നിർബന്ധത്തിനു വഴങ്ങി വീട്ടുകാർ വിവാഹം നടത്തി നൽകുകയായിരുന്നു. പ്രണയത്തിൽ വീഴ്‌ത്തിയായിരുന്നു വിവാഹം.
ബിസിനസുകാരനാണെന്ന് പറഞ്ഞ പ്രദീപ് ആഡംബരപ്രിയനുമായിരുന്നു. കിട്ടുന്ന പണം കൊണ്ട് അടിച്ചുപൊളി ജീവിതമായിരുന്നു ഇയാളുടെ ശൈലി. ഇതിനിടെ പലതവണ മോഷണക്കേസിൽ കുടുങ്ങിയിട്ടും മക്കളെ ഓർത്ത് ഭർത്താവിനെ ഉപേക്ഷിക്കാതിരിക്കുകയായിരുന്നു. ഇതിനിടെ കായംകുളം, ഹരിപ്പാട്, കുറത്തികാട്, മാവേലിക്കര, ചെങ്ങന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ 20 കേസുകളെങ്കിലും ഇയാളുടെ പേരിൽ ഉണ്ടായി. നാട്ടിൽ മോഷണം പതിവായതോടെയാണ് ബെംഗളൂരുവിൽ ബിസിനസ് ചെയ്തു ജീവിക്കാമെന്നു പറഞ്ഞ് ഭാര്യയെ കൂട്ടിക്കൊണ്ടു പോയത്. അവിടെയും മോഷണം തുടരുകയും ഒപ്പം കൊലപാതകം കൂടി നടത്തിയതോടെയാണ് വിജയലക്ഷ്മി നാട്ടിലേയ്ക്കു തിരികെ പോരാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഡിസംബർ മൂന്നിന് ബെംഗളൂരുവിൽ വൃദ്ധയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലാണ് ബൊമ്മനഹള്ളി പൊലീസ് ഡിസംബർ 29 ന് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇതോടെ നാട്ടിലേയ്ക്കു തിരിച്ചു പോന്ന വിജയലക്ഷ്മിയെ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേയ്‌ക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശേഷം 'മരണച്ചിറ' എന്നറിയപ്പെടുന്ന പുതുച്ചിറക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ ക്രൂരത തിരിച്ചറിഞ്ഞതാകാം ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ബെംഗളൂരുവിൽ ബൊമ്മനഹള്ളിയിലെ മുനീശ്വരാ ലേഔട്ട്, കൊടിച്ചിക്കനഹള്ളിയിൽ വീടിനോടു ചേർന്ന് ചെറിയ കട നടത്തിയിരുന്ന മലയാളിയായ നിർമ്മല മേരിയെ(65) സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പ്രദീപ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവരുടെ സാമ്പത്തിക സാഹചര്യം വിലയിരുത്തിയ ശേഷം പതിവായി നിരീക്ഷിച്ച് ആളില്ലാത്ത സമയം തിരിച്ചറിഞ്ഞ് വീട് വാടകയ്‌ക്കെടുക്കാൻ എന്ന പേരിൽ സ്ഥലത്തെത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. 48 ഗ്രാം സ്വർണവും കടയിലെ പണവും പ്രദീപും സംഘവും തട്ടിയെടുത്തു. മോഷണം നടത്തി അവിടെ നിന്നു മുങ്ങി നാട്ടിലെത്തിയെങ്കിലും ബൊമ്മനഹള്ളി പൊലീസ് പിന്തുടർന്നെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് പ്രദീപ്. സംഭവത്തിനു പിന്നാലെ മക്കളുമായി നാട്ടിലെത്തുകയായിരുന്നു വിജയലക്ഷ്മി.
മറുനാടന് മലയാളി ബ്യൂറോ