കൊച്ചി: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ കസ്റ്റഡി ചോദ്യം ചെയ്യൽ ഇന്ന് അവസാനിച്ചു. ചോദ്യം ചെയ്യൽ അവസാനിച്ചെന്നും പൂർണ്ണമായും സത്യസന്ധമായും സഹകരിച്ചുവെന്നും വ്യക്തമാക്കി വിജയ് ബാബുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നൽകിയെന്നും വിജയ് ബാബു വ്യക്തമാക്കി.

മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാല്ലാം ഉത്തരമുണ്ടെന്നും എന്നാൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറയുന്നു. തന്റെ സിനിമകൾ സംസാരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കി. വിജയ് ബാബുവിനെ അമ്മയിൽ ലഭിച്ച സ്വീകരണം വിവാദമാക്കിയ ഘട്ടത്തിൽ തന്നെയാണ് വികാര നിർഭരമായ പോസ്റ്റുമായി വിജയ് ബാബു രംഗത്തുവന്നതും.

വിജയ് ബാബു കുറിച്ചത് ഇങ്ങനെ:

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യൽ ഇന്ന് അവസാനിച്ചു. പ്രക്രിയയിലുടനീളം ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സത്യസന്ധമായും സഹകരിച്ചു. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നൽകിയിട്ടുണ്ട്. എന്റെ മനസ്സിൽ ഉയർന്നുവരുന്ന അസ്വസ്ഥമായ ചിന്തകളെയെല്ലാം അതിജീവിച്ച് കഴിഞ്ഞ 70 ദിവസങ്ങളായി ഈ നിമിഷം വരെ എന്നെ ജീവനോടെ നിലനിർത്തിയ ദൈവത്തിന് നന്ദി പറയുന്നു.

എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും - നിങ്ങൾ എല്ലാവരും കാരണമാണ് ഞാൻ ജീവിച്ചിരിക്കുന്നത്. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും എനിക്ക് ആശ്വാസമായി. അവസാനം സത്യം ജയിക്കും. പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും ബഹുമാനപ്പെട്ട കോടതിയോടും അല്ലാതെ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

എല്ലാ ഉത്തരങ്ങളും എനിക്കുണ്ടായിട്ടും എനിക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്നില്ല എന്നതിൽ ക്ഷമ ചോദിക്കുന്നു. അതുവരെ, ഞാൻ സൃഷ്ടിക്കുന്ന സിനിമകൾ സംസാരിക്കും. ഞാൻ എന്റെ സിനിമകളെക്കുറിച്ച് മാത്രം സംസാരിക്കും. തകർന്ന മനുഷ്യനെക്കാൾ ശക്തമായി മറ്റൊന്നില്ല എന്ന് പറയുന്നു. സ്വയം പുനർനിർമ്മിക്കുന്നു..ദൈവം അനുഗ്രഹിക്കട്ടെ.

അതേസമയം വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുൻകൂർജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ അതിജീവിത ആരോപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യത്തിൽ കഴിയുന്ന പ്രതി കേസിലെ തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന ആശങ്കയും അതിജീവിത അപ്പീലിൽ വ്യക്തമാക്കി.

വിദേശത്തിരുന്ന് വിജയ് ബാബു ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് അപ്പീലിൽ അതിജീവിത ആരോപിച്ചിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ല. അന്വേഷണത്തിൽ നിന്ന് ബോധപൂർവം ഒളിച്ചോടാൻ വേണ്ടിയായിരുന്നു വിദേശത്തേക്ക് കടന്നത്. ഇക്കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് അതിജീവിതയുടെ അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഭിഭാഷകൻ രാകേന്ദ് ബസന്താണ് അതിജീവിതയുടെ അപ്പീൽ ഫയൽ ചെയ്തത്. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്‌ച്ച അപ്പീൽ ലിസ്റ്റ് ചെയ്യാൻ അതിജീവതയുടെയും സംസ്ഥാന സർക്കാരിന്റെയും അഭിഭാഷകർ നടപടി ആരംഭിച്ചു. ഇതിനായി ഉടൻ തന്നെ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകും.