പതിനായിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ വിവിധ സ്ഥലങ്ങളിൽ എത്തിയത്. അറിവിന്റെ ഹരിശ്രീ കുറിക്കാൻ ജാതിമതഭേദമെന്യേ ആയിരങ്ങൾ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് സ്ഥലങ്ങളിലും എത്തിയപ്പോൾ എവിടെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിൽ മൂകാംബികയിലും കൊല്ലൂരിലും തിരൂർ തുഞ്ചൻ പറമ്പിലും വൻ തിരക്കാണ് ഉണ്ടായത്. ക്ഷേത്രങ്ങളിൽ കൂടാതെ വിവിധ ദേവാലയങ്ങളിലും പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിലും ചടങ്ങുകൾ നടന്നു.

മഴയൊഴിഞ്ഞുനിന്ന വിജയദശമി ദിനത്തിൽ പനച്ചിക്കാട് ദക്ഷിണമൂകാംബികയ്ക്കു മുൻപിൽ പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിച്ചു. എഴുത്തിനിരുത്തിന് അൻപത് ആചാര്യന്മാർ നേതൃത്വം നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം തലേദിവസം മുതൽ എത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് പൂജയെടുത്തു. തുടർന്ന് വിദ്യാമണ്ഡപത്തിൽ എഴുത്തിനിരുത്ത് തുടങ്ങി.

മലയാളഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മംകൊണ്ട് പവിത്രമായ തിരൂർ തുഞ്ചൻപറമ്പിൽ അറിവിന്റെ ഹരിശ്രീ കുറിക്കാൻ ജാതിമതഭേദമെന്യേ ആയിരക്കണക്കിന് കുട്ടികളെത്തി. കേരളത്തിനകത്തും പുറത്തും നിന്നുമായി 3841 കുട്ടികളാണ് ഹരിശ്രീ കുറിച്ചത്.

ശനിയാഴ്ച പുലർച്ചെ 4.30 മുതൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ എം ടി. വാസുദേവൻനായർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട്ട് മുരളി, പ്രദേഷി പണിക്കർ, പി.സി. സത്യനാരായണൻ എന്നിവരും കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. അരിയിട്ട തളികയിൽ ഇളം വിരൽതുമ്പുകൊണ്ടും ഇളംനാവിൻ തുമ്പിൽ പവിത്ര മോതിരം കൊണ്ടുമാണ് അക്ഷരംകുറിച്ചത്.

ഓഡിറ്റോറിയത്തിൽ 117 കവികൾ കവിത ചൊല്ലി കവികളുടെ വിദ്യാരംഭം നടത്തി. സരസ്വതീ മണ്ഡപത്തിൽ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ കുരുന്നുകൾക്ക് അക്ഷരവിദ്യ പകർന്നുനൽകി. പി.കെ. ഗോപി, കെ.പി. രാമനുണ്ണി, ആലംങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻ ബാബു, ഐസക് ഈപ്പൻ, പൂനൂർ കെ. കരുണാകരൻ, കാനേഷ് പുനൂർ, ഡോക്ടർ രാധാമണി ഐങ്കലത്ത്, ഡോ.ആർസു, കെ.എസ്. വെങ്കിടാചലം, കെ.പി. സുധീര, ജി.കെ. റാംമോഹൻ, കെ.ജി. രഘുനാഥ്, മാധവൻ പുറച്ചേരി, ഡോ.ഗോപി പുതുക്കോട്, ഡോ.രാധാമണി, ഡോ.സന്തോഷ്, കടാങ്കോട് പ്രഭാകരൻ, മുണ്ടൂർ സേതുമാധവൻ, ഡോ.കെ. മുരളീധരൻ, ഡോ.ആനന്ദ് കാവാലം, ടി.കെ. ശങ്കരനാരായണൻ, ദിവാകരൻ മാവിലായി തുടങ്ങിയവർ ആദ്യക്ഷരം കുരുന്നുകൾക്ക് പകർന്നു കൊടുത്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുഞ്ചൻപറമ്പിലെത്തി സരസ്വതീ മണ്ഡപത്തിൽ കുട്ടികളെ ഹരിശ്രീ കുറിച്ചു.

കയ്ക്കാത്ത കാഞ്ഞിരമരചുവട്ടിലെ പഞ്ചാര മണലിലും നിരവധിപേർ ഹരിശ്രീ കുറിച്ചു. ജെ.സിഐ തിരൂർ വിദ്യാരംഭദിനത്തിൽ കഴിഞ്ഞ 25 വർഷമായി കുട്ടികൾക്ക് സൗജന്യ പാൽ വിതരണം ചെയ്യുന്ന കേന്ദ്രവും സ്പീക്കർ സന്ദർശിച്ചു. കഴിഞ്ഞവർഷത്തിൽനിന്ന് വ്യത്യസ്തമായി ഈ വർഷം കുട്ടികളുടെ എണ്ണം കുറവായിരുന്നു. സന്നദ്ധ സേവകരുടെ സുരക്ഷാ വിഭാഗവും പ്രവർത്തിച്ചു. ആലത്തിയൂർ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രി വൈദ്യപരിശോധനയ്ക്ക് പ്രത്യേക കൗണ്ടറും ഏർപ്പെടുത്തി. കുടുംബശ്രീ വനിതകളുടെ രുചി, അമൃതം ഭക്ഷണശാലകളുമൊരുക്കിയിരുന്നു

ശിവ-ശക്തിചൈതന്യം നിറഞ്ഞ ശ്രീചക്രബിന്ദുവിലെ പൊന്പ്രഭയില് കൊല്ലൂര് മൂകാംബികാ ക്ഷേത്രത്തില് 3000ത്തിലേറെ കുട്ടികള് ആദ്യക്ഷരം കുറിച്ചു. സരസ്വതീമണ്ഡപത്തിലും യാഗശാലയിലുമാണ് വിദ്യാരംഭച്ചടങ്ങ് നടന്നത്. ബ്രഹ്മ-വിഷ്ണു-മഹേശ സങ്കല്പത്തിന്റെയും മഹാകാളി, മഹാലക്ഷ്മി, സരസ്വതി സങ്കല്പത്തിന്റെയും സംഗമസ്ഥാനമാണ് ശ്രീലകത്തെ ശ്രീചക്രബിന്ദു. ദേവീ-ദേവന്മാരുടെ ഊര്ജപ്രവാഹമെന്ന് വിശേഷിപ്പിക്കുന്ന ശ്രീചക്രബിന്ദുവിൽ മനസ്സര്പ്പിച്ചും സരസ്വതീകടാക്ഷത്തിനായി പ്രാര്ഥിച്ചും കുട്ടികളുടെ നാവില് ഹരിശ്രീ എഴുതി.

പുലര്‌ച്ചെ നാലുമണിക്കുമുമ്പ് തുടങ്ങിയ ചടങ്ങ് ഉച്ചവരെ നീണ്ടു. രാവിലെ നടതുറന്ന് പശുക്കിടാവിനെ കണികാണിച്ചശേഷം ഗണപതിഹോമത്തോടെയാണ് അനുഷ്ഠാനങ്ങള് തുടങ്ങിയത്. വിദ്യാരംഭത്തിന് മുന്നോടിയായി ദേവസ്ഥാനത്ത് ഗ്രന്ഥംവച്ച താളിയോലകള് വായിച്ചു. ദന്തധാവനപൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു. സരസ്വതീസ്വരൂപമായി മാറി വിജയദശമിദിനത്തില് പ്രഭാതദര്ശനം നല്കിയ ദേവി, മഹാലക്ഷ്മിപ്രഭയില് വിജയോത്സവം നടത്തി. ഒന്നരക്കിലോമീറ്റര് പടിഞ്ഞാറുമാറി ശുക്ലതീര്ഥസ്ഥാനത്തേക്ക് ദേവിയെ എഴുന്നള്ളിച്ചു. ഇവിടെ പ്രത്യേകപൂജയും നടന്നു. രാത്രി നടന്ന ശീവേലിയോടെ നവരാത്രി-ദശമി ഉത്സവത്തിന് കൊടിയിറങ്ങി.