തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവനെ മുഖ്യമന്ത്രി പിണറായി വിജയൻ ശാസിച്ചതായി റിപ്പോർട്ട്. വിജയരാഘവന്റെ 'പാണക്കാട് പരാമർശത്തിൽ' പാർട്ടിയുടെ തിരുത്ത് ഈ സാഹചര്യത്തിലാണ്. വിജയരാഘവന്റെ ആ വിവാദ പരാമർശം ഒഴിവാക്കാവുന്നതായിരുന്നുവെന്നു സിപിഎം വിലയിരുത്തി. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിന്റെ ഈ അഭിപ്രായം വിജയരാഘവനും അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അഭിപ്രായം പറയുമ്പോൾ ജാഗ്രത വേണമെന്നും നിർദേശിച്ചുവെന്ന് മനോരമയും റിപ്പോർട്ട് ചെയ്യുന്നത്.

പാണക്കാട് കുടുംബത്തിനെ ചൊറിഞ്ഞ് മുസ്ലിം വോട്ട് നശിപ്പിച്ചു എന്ന വികാരമാണ് സിപിഎമ്മിനുള്ളിൽ ഉള്ളത്. ഈ സാഹചര്യത്തിലാണ് വിജയരാഘവനെ ശാസിച്ച് പിണറായി മുസ്ലിം വോട്ടുകൾ അനുകൂലമാക്കാൻ ശ്രമിക്കുന്നത്. എന്നാൽ പാണക്കാട് തങ്ങളെ കടന്നാക്രമിച്ച് വിജയരാഘവൻ സാധ്യതകൾ ഇല്ലാതെയായി. മലബാറിലെ മുസ്ലീങ്ങൾക്ക് പാണക്കാട്ടെ കുടുംബവുമായി വ്യക്തിബന്ധമുണ്ട്. രാഷ്ട്രീയത്തിന് അതീതമായ ആത്മയീയതയാണ് ഇതിന് കാരണം. പാണക്കാട് കുടുംബത്തെ ആരും മതത്തിന്റെ വേലിക്കെട്ടിൽ കെട്ടുന്നുമില്ല. പോരാത്തതിന് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ് പണക്കാട്ടെ തങ്ങൾ.

കഴിഞ്ഞ എൽഡിഎഫ് യോഗത്തിനു ശേഷമുള്ള വിജയരാഘവന്റെ വാക്കുകൾ വൻ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. എൽഡിഎഫ് യോഗം നടന്ന 27ന് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ വസതിയിലെത്തി കണ്ടത്. ഇതേക്കുറിച്ച് വിജയരാഘവന്റെ ആക്ഷേപം ഇങ്ങനെയായിരുന്നു: ''പാണക്കാട്ടേയ്ക്കുള്ള രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും യാത്രയാണ് ഇന്നത്തെ പ്രഭാത വാർത്ത. ലക്ഷ്യം വ്യക്തമാണ്. മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായി കൂട്ടുകെട്ടു വിപുലീകരിക്കുക എന്ന നിലയിലേക്ക് യുഡിഎഫും കോൺഗ്രസ് നേതൃത്വവും ചുരുങ്ങിപ്പോയി.'' ഇത് ഏറെ ചർച്ചയായി. ഭൂരിപക്ഷ വർഗ്ഗീയതയെ തോലിക്കുന്നതിനുള്ള നീക്കമായി പോലും വിലയിരുത്തി. ഇതിനൊപ്പമാണ് യാക്കോബായ നേതൃത്വത്തിന്റെ വിമർശനം എത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനെ പരോക്ഷമായി വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസാണ് രംഗത്ത് വന്നത്. മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതനിരപേക്ഷ നിലപാട് ഉയർത്തി പിടിച്ചിട്ടുള്ള പാർട്ടിയാണ് ലീഗ്. തെരഞ്ഞെടുപ്പ് ജയത്തിനായി വർഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ കാലത്തും ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന ആളാണ് ഗീവർഗീസ് മാർ കൂറിലോസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഇതെല്ലാം മുഖവിലയ്‌ക്കെടുത്താണ് വിജയരാഘവനെ പിണറായി ശാസിക്കുന്നത്.

കരുതലോടെ വാക്കുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. തുടർഭരണം സാധ്യമാക്കാൻ എല്ലാവരേയും കൂടെ നിർത്തണം. അതുകൊണ്ട് ആരേയും പിണക്കരുതെന്നാണ് പിണറായിയുടെ നിലപാട്. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയേയും വേർതിരിച്ചു പറയേണ്ടിയിരുന്നു എന്നാണ് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയത്. ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഒന്നാണ് എന്ന വിശകലനം സിപിഎമ്മിനില്ലെന്നും ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ യുഡിഎഫിന്റേതു വർഗീയ നിലപാടുകളാണ് എന്നു വിമർശിച്ചു. ഇന്നലെ 'ദേശാഭിമാനി'യിൽ എഴുതിയ ലേഖനത്തിൽ മുസ്‌ലിം ലീഗിനെ വിജയരാഘവൻ പൂർണമായി ഒഴിവാക്കി.

മുസ്ലിം ലീഗിനെതിരായ വിമർശനം ഉയർത്തി വിജയരാഘവൻ പച്ചയായ വർഗീയത പറയുകയാണ് എന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലീഗ് രാഷ്ട്രീയ കക്ഷിയാണെന്നും അതിന്റെ പ്രസിഡന്റുമായി സഖ്യ കക്ഷിയായ കോൺഗ്രസ് ചർച്ച നടത്തിയതിനെ മറ്റൊരു തരത്തിൽ ചിത്രീകരിക്കാൻ പാടില്ലായിരുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. പാണക്കാട് കുടുംബത്തിനെതിരെയും അത്തരം ഒരു പരാമർശം നടത്തേണ്ട സാഹചര്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് മുൻകൈ എടുത്ത് ഉണ്ടാക്കിയ ജമാഅത്തെ ബന്ധം ശക്തിപ്പെടുത്താനുള്ള കോൺഗ്രസ് നീക്കത്തെയാണ് ഉദ്ദേശിച്ചതെന്നു വിജയരാഘവൻ വിശദീകരിച്ചു.

ഇന്നലെ ദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗത്തിൽ മോദിയേയും വിജരാഘവൻ കടന്നാക്രമിച്ചു. മോദിയാണ് പ്രധാന എതിരാളിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതും ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ്.