കൊച്ചി : പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പിടികൂടാൻ കേരളാ പൊലീസ് ദുബായിലേക്ക് പോകില്ല. വിജയ് ബാബുവിനെ കണ്ടെത്താൻ ഇനി നടപടി സ്വീകരിക്കേണ്ടതു കേന്ദ്രസർക്കാരെന്ന നിലപാടിലാണ് പൊലീസ്. വിജയ് ബാബുവിന്റെ സങ്കേതം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തുടർനടപടി ആവശ്യപ്പെട്ടു കൊച്ചി സിറ്റി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിനു വീണ്ടും കത്തയച്ചു. ഈ മാസം 18ന് ശേഷമേ വിജയ് ബാബു പുറത്തേക്ക് വരൂവെന്നാണ് സൂചന.

മജിസ്ട്രേറ്റ് കോടതിയുടെ വാറന്റ് ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യൻ എംബസി വഴി വാറന്റിന്റെ പകർപ്പ് അവിടത്തെ പൊലീസിനു കൈമാറി. അതിനാൽ ഇനി അന്വേഷണം നടത്തി ആളെ കണ്ടെത്തി കയറ്റി വിടുകയാണു ചെയ്യുന്നത്. കുറ്റവാളികളെ കൈമാറാൻ യു.എ.ഇയും ഇന്ത്യയും തമ്മിൽ കരാറുള്ളതിനാൽ, മറ്റു നടപടിക്രമമൊന്നും ആവശ്യമില്ല. ലോകത്ത് ഏതു വിമാനത്താവളത്തിൽ പോയി ഇറങ്ങിയാലും തടഞ്ഞുവയ്ക്കുന്നതിനായി എമിഗ്രേഷൻ വിഭാഗം വഴി റെക്കോർഡ് അലർട്ടും നൽകിയിട്ടുണ്ട്. തടഞ്ഞു വച്ചശേഷം ഇന്റർപോൾ വഴി കൈമാറുകയാണു ചെയ്യുന്നത്.

വിജയ് ബാബുവിന്റെ താമസസ്ഥലത്തിന്റെ വിലാസം കിട്ടിയാലുടൻ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമാകും. ദുബായിൽ വിജയ്ബാബു ഉപയോഗിക്കാൻ സാധ്യതയുള്ള ഫോൺ നമ്പറുകളെല്ലാം സൈബർ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. താൻ ബിസിനസ് ആവശ്യാർത്ഥം വിദേശത്താണെന്നും 19 നു മാത്രമേ നാട്ടിലെത്താൻ കഴിയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചത്.

പിന്നീടു യാതൊരു വിവരവുമില്ല. വിജയ്ബാബു ബലാത്സംഗം ചെയ്തെന്നാണു യുവതിയുടെ പരാതി. കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിനു പിന്നാലെയാണു വിജയ് ബാബു വിദേശത്തേക്കു പോയത്. കഴിഞ്ഞ 22 നാണു പുതുമുഖ നടി പൊലീസിൽ പരാതി നൽകിയത്. ഈ വിവരം ചോർന്നു കിട്ടിയ പ്രതിയും നിർമ്മാതാവുമായ വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്നു ബെംഗളൂരു വഴി ദുബായിലേക്കും കടന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.

ഈമാസം 18നാണു വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. വിദേശത്ത് ഒളിവിൽ തങ്ങി അറസ്റ്റ് വൈകിപ്പിക്കുന്ന പ്രതി വിജയ് ബാബു പരാതിക്കാരിയെയും കേസിൽ തനിക്കെതിരെ മൊഴി നൽകാൻ സാധ്യതയുള്ളവരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെയും ദുബായ് പൊലീസിന്റെയും സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുംവരെ പൊലീസിനു മുന്നിൽ ഹാജരാകേണ്ടതില്ലെന്നു വിജയ് ബാബുവിനു നിയമോപദേശം കിട്ടിയിട്ടുണ്ട്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലെങ്കിലും കോടതി തീരുമാനം വന്നശേഷമേ സാധാരണ പൊലീസ് അറസ്റ്റിനു മുതിരാറുള്ളൂവെന്ന കാരണത്താലാണു ഒളിവിൽതന്നെ കഴിയാനുള്ള നിർദ്ദേശം. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടി ഇന്റർപോളിനു മറുപടി നൽകാനും വിജയ്ബാബു ഉദ്ദേശിക്കുന്നുണ്ട്. തന്റെ ഹർജിയിൽ കോടതിയുടെ തീർപ്പുണ്ടാകുംവരെ നടപടി പാടില്ലെന്നാണു വിജയ് ബാബുവിന്റെ ആവശ്യം. തന്നെ കുറ്റക്കാരനായി ഒരു കോടതിയും കണ്ടെത്തിയിട്ടില്ല. പൊലീസ് നടപടി അന്വേഷണത്തിന്റെ ഭാഗമായാണ്. നിശ്ചിത തിയതിക്കുള്ളിൽ താൻ പൊലീസിനു മുന്നിൽ ഹാജരാകാമെന്നു അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ നടപടി പാടില്ലെന്നു ഇന്റർപോളിനെ അറിയിക്കാനാണു വിജയ് ബാബു ഒരുങ്ങുന്നത്. മാത്രമല്ല, തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകുന്നതിനു സമയം വേണമെന്നു ആവശ്യപ്പെട്ടതു പ്രോസിക്യൂഷനാണെന്നാണു വിജയ് ബാബുവിന്റെ വാദം. ഒരു മാസത്തെ സമയമാണു അനുവദിച്ചത്. നീണ്ട കാലയളവാണു പൊലീസിനു തിരിച്ചടിയായത്. ഹർജി മാറ്റിയതു പൊലീസിന്റെ ആവശ്യപ്രകാരമായതിനാൽ, അതിനു മുമ്പായി അറസ്റ്റ് ചെയ്യുന്നതിൽ സാങ്കേതിക തടസവുമുണ്ട്.