- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന്റെ പേരിൽ വിജയ് അച്ഛനുമായി സംസാരം പോലുമില്ലെന്ന് അമ്മ; പാർട്ടി രൂപീകരണത്തിൽ പിന്നോട്ടില്ലെന്ന നിലപാടിൽ ചന്ദ്രശേഖറും; 'രസിഗർ മൻട്രം' രൂപീകരിച്ചതും മകൻ ആവശ്യപ്പെട്ടിട്ടായിരുന്നില്ലെന്നും പിതാവ്; വിവാദങ്ങൾ ഒടുങ്ങാതെ ഓൾ ഇന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം
നടൻ വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടിയുടെ പേരിൽ താരത്തിന്റെ കുടുംബത്തിൽ കലഹം. വിജയ്യുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ ഉറച്ച് നിൽക്കുന്നതോടെ പിതാവും മകനും തമ്മിൽ സംസാരം പോലുമില്ലെന്നാണ് താരത്തിന്റെ അമ്മ ശോഭാ ചന്ദ്രശേഖർ വ്യക്തമാക്കുന്നത്. അതേസമയം, വിജയ്യുടെ പേരിലുള്ള രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് ചന്ദ്രശേഖർ. വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണെന്നും താൻ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയെ മകൻ തള്ളിപ്പറയില്ലെന്നും അത്തരമൊരു പ്രസ്താവന വിജയ്യുടെ അല്ലെന്നും ചന്ദ്രശേഖർ തമിഴ് ചാനലുകളോട് വ്യക്തമാക്കി. 'ഓൾ ഇന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം' എന്ന പേരിൽ രാഷ്ട്രീയ പാർട്ടി ഇലക്ഷൻ കമ്മിഷനിൽ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
1993ൽ 'രസിഗർ മൻട്രം' എന്ന പേരിൽ വിജയ് ആരാധകരുടെ സംഘടന രൂപീകരിച്ചത് താനാണ്. ഇത് വിജയ് ആവശ്യപ്പെട്ടിട്ടല്ല. അത് ക്ഷേമപ്രവർത്തനങ്ങൾക്കായി 'മക്കൾ ഇയക്ക'മായി മാറി. ജനക്ഷേമ പ്രവർത്തനങ്ങളിൽ 'മക്കൾ ഇയക്കം' വർഷങ്ങളായി സജീവമായതിനാലാണ് ആരാധകരുടെ ആഗ്രഹം പരിഗണിച്ച് രാഷ്ട്രീയ പാർട്ടിയാക്കിയതെന്നും എസ്. എ പറയുന്നു. പൊതുപ്രവർത്തനം നടത്തുന്ന ഈ സംഘടനക്ക് അംഗീകാരമുണ്ടാകണമെന്ന ലക്ഷക്കണക്കിന് വിജയ് ആരാധകരുടെ ആഗ്രഹത്താലാണ് രാഷ്ട്രീയ കക്ഷിയായത്.
വിജയ്യുടെ അനുമതിയില്ലാതെയാണ് രാഷ്ട്രീയ പാർട്ടിയെന്ന് അമ്മ ശോഭാ ചന്ദ്രശേഖറും വ്യക്തമാക്കിയിട്ടുണ്ട്. അസോസിയേഷൻ രൂപീകരണം എന്ന് ഭർത്താവ് എസ്. എ ചന്ദ്രശേഖർ പറഞ്ഞതിനാലാണ് രേഖകളിൽ ഒപ്പുവച്ചതെന്ന് ശോഭ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനാണ് ചന്ദ്രശേഖർ ശ്രമിക്കുന്നതെന്ന് മനസിലായതോടെ താൽപ്പര്യമില്ലെന്നും ട്രഷറർ ആകാനില്ലെന്നും വ്യക്തമാക്കിയെന്നും ശോഭാ ചന്ദ്രശേഖർ. രജിസ്ട്രേഷൻ പ്രകാരം ശോഭാ ചന്ദ്രശേഖർ ആണ് ഓൾ ഇന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന രാഷ്ട്രീയ പാർട്ടിയുടെ ട്രഷറർ.
ഇളയദളപതി വിജയ് രാഷ്ടീയത്തിലേക്കെന്നും ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കുന്നുവെന്നും വാർത്ത വന്നതിന് പിന്നാലെ അതെല്ലാം നിഷേധിച്ച് സൂപ്പർ താരം രംഗത്തെത്തിയിരുന്നു. ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാൻ വിജയ് തിരഞ്ഞെടുപ്പു കമ്മിഷനിൽ അപേക്ഷ നൽകിയെന്നാണ് വാർത്ത വന്നത്. ഇതിന് പിന്നാലെ അച്ഛൻ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ലെന്ന പ്രഖ്യാപനവുമായി താരമെത്തി. ആരാധകർ പാർട്ടിയിൽ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു.
തന്റെ ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കി രജിസ്റ്റർ ചെയ്യാനാണ് താരം നീക്കം നടത്തുന്നതെന്നാണ് വൻതോതിൽ പ്രചരിച്ച വാർത്ത. ഫാൻസുകാർ ഇത് മുഖവിലയ്ക്ക് എടുക്കുകയും ചെയ്തു. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിലാണു സംഘടന രജിസ്റ്റർ ചെയ്യുക എന്നും . പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു വാർത്ത.
തമിഴകത്തെ യുവ നടന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ് മുൻപും രാഷ്ട്രീയ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സമീപകാല ചിത്രങ്ങളായ മെഴ്സൽ, സർക്കാർ എന്നിവയിൽ വ്യക്തമായ രാഷ്ട്രീയ സൂചനകളുണ്ടായിരുന്നു. മെഴ്സലിനെതിരെ ബിജെപിയും 'സർക്കാരിനെതിരെ' അണ്ണാഡിഎംകെയും രംഗത്തെത്തിയിരുന്നു. സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനെതിരെ നടന്ന വെടിവയ്പ്പുണ്ടായപ്പോൾ, പ്രതിഷേധക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിജയ് കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചിരുന്നു.
അടുത്തിടെ, വിജയ്യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. ജനം ആവശ്യപ്പെടുമ്പോൾ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നുമാണ് അദ്ദഹം പറഞ്ഞത്. വിജയ്യും പിതാവും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് അന്ന് ചന്ദ്രശേഖർ നിലപാടു വ്യക്തമാക്കിയത്. ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന ചന്ദ്രശേഖർ തന്നെ മുൻപും നൽകിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ താരത്തിന്റെ ചില പ്രസ്താവനകൾ രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെട്ടു. പുതിയ ചിത്രമായ 'മാസ്റ്ററിന്റെ' ചിത്രീകരണത്തിനിടെ ആദായ നികുതി വകുപ്പ് വിജയ്യെ ചോദ്യം ചെയ്തതു വൻ വാർത്തയായിരുന്നു. ഇതിന്റെ ഭാഗമായി താരത്തിന്റെ വീട്ടിലുൾപ്പെടെ റെയ്ഡ് നടത്തുകയും ചെയ്തു. നടനെതിരായ നടപടി രാഷ്ട്രീയ വിരോധം തീർക്കലാണെന്ന് ആരാധകർ ആരോപിച്ചിരുന്നു.
സംവിധായകൻ കൂടിയായ അച്ഛൻ എസ്. എ. ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുണ്ട്. നിലവിൽ വിജയ് ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു ചന്ദ്രശേഖറാണ്.
മറുനാടന് ഡെസ്ക്