പത്തനംതിട്ട: കാനറ ബാങ്കിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലാകുമ്പോൾ തട്ടിപ്പിന് പിന്നിലെ രഹസ്യങ്ങളും ചുരുളഴിയും. പത്തനംതിട്ട കാനറ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. ബംഗ്‌ളൂരുവിൽ നിന്നാണ് വിജീഷ് വർഗ്ഗീസിനേയും കുടുംബത്തേടും പൊലീസ് പൊക്കിയത്. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത്രയും വലിയൊരു തട്ടിപ്പ് നടന്നിട്ടും തിരിച്ചറിയാതിരുന്ന കാരണത്താൽ ബാങ്ക് മാനേജരടക്കം അഞ്ച് ജീവനക്കാരെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു.

കാനറാ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ നിർണായക തെളിവാകും. 2020 നവംബർ മുതൽ മൂന്നര മാസക്കാലത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. മാനേജർ അടക്കം ഉയർന്ന ജീവനക്കാരുടെ കമ്പ്യൂട്ടറുകൾ അവരുടെ അസാന്നിധ്യത്തിൽ പ്രതി വിജീഷ് വർഗീസ് ഉപയോഗിച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉച്ച ഭക്ഷണ ഇടവേളകളിൽ വിജീഷ് ജീവനക്കാരുടെ കമ്പ്യൂട്ടറുകൾ മാറി മാറി ഉപയോഗിച്ചിട്ടുണ്ട്. കുടുംബവുമായി ഒളിവിൽ പോയ വിജീഷിനെ കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായത്. അസാധാരണമായ ഒരു തട്ടിപ്പ് കേസാണ് കാനറാ ബാങ്കിൽ സംഭവിച്ചത്. ജോലി ലഭിച്ച് ഒന്നരവർഷം തികയുന്നതിന് മുൻപ് തന്നെ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി തട്ടിയെടുത്തു.

കാനറയിൽ ലയിപ്പിക്കപ്പെട്ട മുൻ സിൻഡിക്കേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു കൊല്ലം ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസ്. 14 മാസത്തിനുള്ളിൽ 191 ഇടപാടുകളിലൂടെയാണ് വിജീഷ് ഇത്രയും തുക തട്ടിയെടുത്തത്. നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജീഷ് വർഗീസ്. കമ്പ്യൂട്ടറിന്റെ സർവവിജ്ഞാനകോശം എന്നൊക്കെ വിളിക്കാവുന്ന തരത്തിൽ സാങ്കേതികമായി ഒട്ടേറെ കാര്യങ്ങൾ അറിയാവുന്ന വിജീഷ് അപ്രതീക്ഷിതമായി നേവിയിൽ നിന്ന് സ്വയം വിരമിച്ചു. തുടർന്ന് ബാങ്ക് ടെസ്റ്റ് എഴുതി ജോലിക്കു കയറി. അത്യുത്സാഹിയും പൂർണമനസോടെയും സമയം നോക്കാതെയും ജോലി ചെയ്യുന്ന മിടുമിടുക്കൻ. എല്ലാവർക്കും ജോലിയിൽ സഹായിയായി.

ആദ്യ ലോക് ഡൗൺ കാലത്തും കൃത്യസമയത്ത് ബാങ്കിലെത്തി. ജോലിക്ക് വരാൻ കഴിയാത്തവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സഹായിച്ചു. ബാങ്കിലെ അവരുടെ കമ്പ്യൂട്ടർ ഓപ്പൺ ചെയ്ത് പല വിവരങ്ങളും പറഞ്ഞുകൊടുത്തു. വീട്ടിലിരുന്ന പല ബാങ്ക് ജീവനക്കാരും അവരുടെ ഓഫീസ് കമ്പ്യൂട്ടറിൽ നിർണായക വിവരങ്ങൾ സൂക്ഷിച്ചിരുന്നതിന്റെ പാസ് വേഡുകൾ അങ്ങനെ അയാൾ മനസ്സിലാക്കി. സ്ഥിരനിക്ഷേപകരുടെ അക്കൗണ്ട് വിവരങ്ങൾ മനസിലാക്കി തുക തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നു വിജീഷ്. ഉയർന്ന ഉദ്യോഗസ്ഥരുടെ വരെ കമ്പ്യൂട്ടറിലെ പാസ് വേഡുകൾ വിജീഷ് സ്വന്തമാക്കി. ഓരോ കമ്പ്യൂട്ടറിലെയും രഹസ്യ വിവരങ്ങൾ ചോർത്തിയെടുത്തു.

ബാങ്ക് ഇടപാടുകൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുന്നതിനൊപ്പം ബാങ്കുകളിൽ സ്‌ളിപ്പ് എഴുതി സൂക്ഷിക്കാറുമുണ്ട്. സ്‌ളിപ്പുകൾ മേലധികാരികൾ പാസാക്കേണ്ടതുമുണ്ട്. ഇങ്ങനെ സ്‌ളിപ്പുകൾ പാസാക്കാനായി മേലധികാരിയുടെ അടുത്ത് ചെന്നുനിന്ന് അവരുടെ കമ്പ്യൂട്ടറിലെ വിവരങ്ങളും പാസ് വേഡുകളും മനസിലാക്കി. മറ്റ് ജീവനക്കാർ ഉച്ചഭക്ഷണത്തിന് പുറത്തേക്കു പോകുന്ന സമയങ്ങളിൽ വിജീഷ് ബാങ്കിൽ തന്നെയുണ്ടാകുമായിരുന്നു. അവരുടെ കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അക്കൗണ്ടുകൾ ക്‌ളാേസ് ചെയ്യുകയുമുണ്ടായി. തട്ടിപ്പുകൾ നടത്തിയ ചില അക്കൗണ്ടുകളുടെ സ്‌ളിപ്പുകൾ ഇല്ലാതിരുന്നതും മേലധികാരികളെ അതിശയപ്പെടുത്തി. ചില നിക്ഷേപകരുടെ വിവരങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് നഷ്ടപ്പെട്ടതായി സൂചനയുണ്ട്.

കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ കാലാവധി പൂർത്തിയായ നിക്ഷേപങ്ങളും മോട്ടോർ വാഹന അപകടക്കേസുകളിൽ നഷ്ടപരിഹാരമായി പലരുടെയും അക്കൗണ്ടുകളിലേക്ക് ലഭിച്ച തുകകളും തട്ടിയെടുത്താണ് പ്രതി കടന്നത്. ഫെബ്രുവരിയിൽ ഒരു നിക്ഷേപകന്റെ മൊബൈൽ ഫോണിലേക്ക് വന്ന മെസേജാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. 10ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയായിട്ടും അദ്ദേഹം പിൻവലിച്ചിരുന്നില്ല. ഒരു ദിവസം തന്റെ അക്കൗണ്ടിലുള്ള തുക പിൻവലിക്കപ്പെട്ടതായി ലഭിച്ച മെസേജിനെ തുടർന്ന് നിക്ഷേപകൻ ബാങ്കിൽ വിവരമറിയിച്ചു.

ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയിൽ തുക മുഴുവനും പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. തന്റെ നോട്ടപ്പിഴവാണെന്ന് പറഞ്ഞ് സംഭവത്തിൽ നിന്ന് വിജീഷ് തലയൂരി. പണം തിരികെ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, മറ്റ് പലരുടെയും അക്കൗണ്ടുകളിൽ നിന്ന് കൂടുതൽ തുക പിൻവലിക്കപ്പെട്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് വിജീഷ് സസ്‌പെൻഷനിലായി. ബാങ്ക് നടത്തിയ ആഭ്യന്തര ഓഡിറ്റിംഗിലാണ് 8.13കോടി രൂപ തട്ടിയെടുത്തെന്ന് റിപ്പോർട്ട് പുറത്തുവന്നത്.