- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കൗണ്ട് നമ്പർ ക്യാഷറുടേത്; പേര് അർഹതപ്പെട്ട വ്യക്തിയുടേതും; അക്കൗണ്ട് നമ്പരും കോഡും യോജിക്കുന്നെങ്കിൽ ഉടമയുടെ പേര് പരിഗണിക്കാതെ തന്നെ പണം കൈമാറമെന്നത് തട്ടിപ്പിന് ഗുണകരമായി; വിജീഷ് വർഗ്ഗീസിന് പിന്നിൽ വൻതോക്കുകളും; കാനറാ ബാങ്ക് തട്ടിപ്പിൽ അന്വേഷണം ഉന്നതരിലേക്ക്
പത്തനംതിട്ട: കാനറാ ബാങ്ക് പത്തനംതിട്ട ശാഖയിലെ കാഷ്യർ വിജീഷ് വർഗീസ് കോടികൾ തട്ടിയെടുത്തത് ഓൺലൈൻ ചൂതാട്ടത്തിന്. ബെംഗളൂരുവിൽ കള്ളപ്പേരിൽ കുടുംബാഗംങ്ങൾക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പത്തനംതിട്ടയിലെത്തിച്ച പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. അതിനിടെ പിടിയിലായ പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിൽ നിന്നും പണമൊന്നും കണ്ടെത്താനായില്ല. വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ മിനിമം ബാലൻസ് മാത്രമാണുണ്ടായിരുന്നത്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് മുൻപ് തന്നെ പണം പിൻവലിച്ചുവെന്നാണ് കരുതപ്പെടുന്നത്.
തട്ടിയെടുത്ത പണം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് നിക്ഷേപിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ.. ഭാര്യയുടെ അക്കൗണ്ടിലേക്ക് മാത്രം 39 തവണയാണ് ഇയാൾ പണം നിക്ഷേപിച്ചത്. സ്വന്തം അക്കൗണ്ടിലേക്ക് 68 തവണയും പണം ഇട്ടിട്ടുണ്ട്. ഇതിന് പുറമെ അമ്മ, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചു. കുടുംബാംഗങ്ങളായ മൂന്ന് പേരുടെ അക്കൗണ്ടുകളിലേക്ക് കൂടി പണം എത്തിയതായും പറയപ്പെട്ടിരുന്നു. എന്നാൽ ഈ അക്കൗണ്ടുകളിലൊന്നും പണം കണ്ടെത്താനായില്ലെന്നതാണ് വസ്തുത.
പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 8.13 കോടി രൂപയാണ് ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് തട്ടിയെടുത്തത്. തട്ടിപ്പിനു ശേഷം കുടുംബാഗംങ്ങൾക്കൊപ്പം നാടുവിട്ട പ്രതി ഫെബ്രുവരി 27 മുതൽ ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് ബെംഗളൂരുവിലെത്തിയാണ് വിജീഷ് വർഗീസിനെ കസ്റ്റഡിയിലെടുത്തത്. പണം തട്ടിയത് ഓൺലൈൻ ചൂതാട്ടത്തിനൊപ്പം, ഷെയർ മാർക്കറ്റിലെ നിക്ഷേപത്തിനും ഉപയോഗിച്ചെന്നാണ് സൂചന.
14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് പ്രതി തട്ടിപ്പു നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപ കൈക്കലാക്കി. സ്ഥിരം നിക്ഷേപങ്ങളിൽ നിന്നും കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലെ പണവും ആണ് തട്ടിയെടുത്തത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിലായിരുന്നു അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ടയിലെത്തിച്ച പ്രതിയെ കോവിഡ് പരിശോധനയ്ക്കു ശേഷം തുടർ നടപടികൾ സ്വീകരിച്ചു. ആദ്യം സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരനായിരുന്ന വിജീഷ് ബാങ്ക് ലയനത്തോടെയാണ് കാനറാ ബാങ്ക് ജീവനക്കാരനായത്.
ഫെബ്രുവരി മുതൽ തന്നെ കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിൽ പോയ വിജീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാൾ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി) എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു വിജീഷിന്റെ തട്ടിപ്പ്. അക്കൗണ്ട് നമ്പരും ഐഎഫ്എസ്ഇ കോഡും യോജിക്കുന്നെങ്കിൽ അക്കൗണ്ട് ഉടമയുടെ പേര് പരിഗണിക്കാതെ തന്നെ ഈ സംവിധാനം വഴി പണം പിൻവലിക്കാം.
അതായത് സ്വന്തം അക്കൗണ്ട് നമ്പരിലേക്ക് പണം ട്രാൻസഫർ ചെയ്യും. അക്കൗണ്ട് ഉടമയുടെ പേര് യഥാർത്ഥവുമായിരിക്കും. ഇങ്ങനെ നൽകുമ്പോൾ പണം മാറ്റിയത് പേരുള്ള വ്യക്തിയുടെ അക്കൗണ്ടിലേക്കാണെന്ന് തോന്നും. പക്ഷേ പോകുന്നത് അക്കൗണ്ട് നമ്പർ നൽകുന്ന ബാങ്കിലേക്കായിരിക്കും. ബാങ്കുകളിൽ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകൾ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകിട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് സൂചന.
സ്ഥിര നിക്ഷേപം പിൻവലിക്കാനെത്തുന്നവരിൽനിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടന്റോ ബ്രാഞ്ച് മാനേജരോ ആണ്. ഉയർന്ന തസ്തികയിലുള്ളവരുടെ പാസ് വേർഡ് മനസ്സിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നുമാണ് ഓഡിറ്റ് വിഭാഗം സംശയിക്കുന്നത്. ഇങ്ങനെയാണ് വിജീഷ് കോടികൾ നേടിയത്. അന്വേഷണം ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരിലേക്കുമെത്തും. ഇത്ര വലിയ തുക ഒരാൾക്കു മാത്രമായി തട്ടിയെടുക്കാനാവില്ല എന്നാണു പൊലീസിന്റെയും ബാങ്ക് ഇന്റേണൽ വിജിലൻസ് വിഭാഗത്തിന്റെയും നിഗമനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് കേന്ദ്രസർക്കാരിനു കത്തു നൽകിക്കഴിഞ്ഞു.
മാനേജർ അടക്കമുള്ളവരുടെ കംപ്യൂട്ടറുകളുടെ യൂസർ ഐഡിയും പാസ്വേർഡും 30 ദിവസം കൂടുമ്പോൾ മാറ്റണമെന്നാണു ചട്ടം. ഇതു രണ്ടും തുടർച്ചയായി വിജീഷ് വർഗീസിനു ലഭിച്ചതെങ്ങനെയെന്നതാണു പ്രധാന ചോദ്യം. ഇതാണ് ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരെ സംശയമുനയിൽ നിർത്തുന്നത്. സൂക്ഷ്മനിരീക്ഷണത്തിലൂടെ പ്രതി പാസ്വേർഡുകൾ സ്വന്തമാക്കിയെന്ന വാദത്തിനും കഴമ്പില്ല. പാസ്വേഡിനൊപ്പം ഉപയോഗിക്കുന്ന ആളുടെ വിരലടയാളം കൂടി പതിപ്പിച്ചാൽ മാത്രമേ കംപ്യൂട്ടറുകൾ ഓൺ ചെയ്യാൻ സാധിക്കൂ. ഉദ്യോഗസ്ഥർ ബാങ്കിലെത്തി കംപ്യൂട്ടർ ഓണാക്കിയ ശേഷം വിജീഷ് അവ കൈകാര്യം ചെയ്തെന്നു വാദിച്ചാലും, എല്ലാ സമയവും ഉദ്യോഗസ്ഥർ അലസമായി ഇരുന്നോ എന്ന ചോദ്യമുയരുന്നു.
ആറു മാസത്തിലധികം ഉദ്യോഗസ്ഥരെ ഒരേ സീറ്റിൽ ഇരുത്താതെ മറ്റു സെക്ഷനുകളിലേക്കു മാറ്റാറുണ്ട്. ഇക്കാര്യത്തിലും വീഴ്ച പറ്റി. ഒരു വർഷത്തിലേറെക്കാലം വിജീഷ് വർഗീസ് ഒരേ ചുമതലയിൽ തുടർന്നു. ആരുടെയും സഹായമില്ലാതെ രേഖകളിലും കംപ്യൂട്ടറിലും തിരിമിറി നടത്തി ഇത്ര വലിയ കൊള്ള സാധ്യമല്ലെന്നതാണ് നിഗമനം. ബാങ്കിലെ മുഴുവൻ കംപ്യൂട്ടറുകളുടെയും ബയോമെട്രെിക് പാസ്വേർഡും സിസ്റ്റം പാസ്വേർഡും തനിക്ക് അറിയാമായിരുന്നെന്നു വിജീഷ് വർഗീസ് സമ്മതിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ