തിരുവനന്തപുരം; കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലിയും ധനസഹായവും സർക്കാർ നൽകും എന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.സിഎസ്‌ഐ സഭ സർക്കാരുമായി നടത്തിയ ചർച്ചയിലാണ് സർക്കാർ ഉറപ്പ് നൽകിയത്. കഴിഞ്ഞ 22 ദിവസമായി വിജിയും കുടുംബവും സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിലായിരുന്നു. കെഎസ്എഫ്ഐയിലായിരിക്കും വിജിക്ക് നിയമനം നൽകുക.

നവംബർ അഞ്ചിന് സനൽ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാർ അടക്കമുള്ളവർ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നൽകി. എന്നാൽ പ്രതിയായ ഡിവൈഎസ്‌പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്‌പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിന്റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.

സനലിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി എം പിയും രംഗത്തെത്തിയിരുന്നു. വീട് പണയം വച്ച് വനിത വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്നാണ് സുരേഷ് ഗോപിയുടെ ഉറപ്പ്. വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ സനൽകുമാറിന്റെ വീട് ജപ്തി ഭീഷണിയിലാണ്. വീട് പണിയാനായി സനലിന്റെ അച്ഛൻ ഗവൺമെന്റ് പ്രസിൽ ജോലി ചെയ്യവേ എടുത്ത ഏഴ് ലക്ഷം രൂപ പലിശ കയറി വലിയ തുകയായി. പെൻഷനാവുന്ന ദിനം അച്ഛൻ ആത്മഹത്യ ചെയ്തു. അടവ് മുടങ്ങാതിരിക്കാൻ വെൺപകർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സനൽ പിന്നെയും 50000 രൂപ കടമെടുത്തിരുന്നു. ഇതിനിടെയായിരുന്നു സനലിന്റെ മരണവും.

നവംബർ ആറ് നെയ്യാറ്റിൻകര കൊടങ്ങാവിളയിലെ ബിനുവിന്റെ വീട്ടിൽ നിന്നും ഇറങ്ങവേ കാർ പാർക്ക് ചെയ്തത് സംബന്ധിച്ച തർക്കമാണ് സനൽ കുമാറിന്റെ കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സനലിനെ മർദ്ദിച്ച ഹരികുമാർ റോഡിൽ കൂടി കാർ വരുന്നത് കണ്ടിട്ടും സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ ഹരികുമാറിനെ ഏഴ് ദിവസങ്ങൾക്ക് ശേഷം കല്ലമ്പലത്തെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന കെ ബിനുവിന്റെ വീടിന് മുന്നിൽ വച്ചാണ് ഇരുവരും വാക്ക് തർക്കമുണ്ടായത്. ബിനുവിന്റെ വീട്ടിൽ വന്നതായിരുന്നു ഡിവൈഎസ്‌പി. തിരിച്ചുപോകാൻ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കാറിന് മുന്നിൽ മറ്റൊരു കാർ കിടക്കുന്നു.സനലിന്റേതായിരുന്നു കാർ. ഡിവൈഎസ്‌പിയുടെ കാറിന് മുന്നിൽ നിർത്തി സനൽ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഇത് കണ്ട് രോഷാകുലനായ ഡിവൈഎസ്‌പി ബഹളം വച്ചു. ഓടിവന്ന സനലിനോടും തട്ടിക്കയറി. ഡിവൈഎസ്‌പി യൂണിഫോണിൽ ആയിരുന്നില്ല. അതുകൊണ്ടുതന്നെ സനൽ ഡിവൈഎസ്‌പിയാണെന്ന് തിരിച്ചറിഞ്ഞതുമില്ല.

ഇരുവരും തർക്കം രൂക്ഷമായി. ഈ വേളയിൽ ഡിവൈഎസ്‌പി സനലിന്റെ മുഖത്തടിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സനലിനെ മർദ്ദിച്ച ശേഷം അതുവഴി വന്ന വാഹനത്തിന് മുന്നിലേക്ക് പിടിച്ചുതള്ളുകയായിരുന്നുവത്രെ. അമിത വേഗത്തിൽ വന്ന കാറിന് മുന്നിലേക്കാണ് തള്ളിയത്. കാറിടിച്ചതോടെ ഡിവൈഎസ്‌പി ഓടി രക്ഷപ്പെട്ടു.

ഡിവൈഎസ്‌പിയാണെന്ന് നാട്ടുകാരും തിരിച്ചറിഞ്ഞില്ല. അവർ പിന്നാലെ ഓടി. ഡിവൈഎസ്‌പിയെ മർദ്ദിച്ചു. ബിനു വന്നു ഡിവൈഎസ്‌പിയുടെ കാർ വീട്ടിന് മുന്നിൽ നിന്ന് മാറ്റി. നാട്ടുകാർ ആംബുലൻസ് വിളിച്ചു. പൊലീസുകാരും സംഭവസ്ഥലത്തെത്തി. ജനറൽ ആശുപത്രിയിലും ശേഷം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും സനലിനെ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കാൻ പൊലീസുകാർ മനപ്പൂർവം വൈകിച്ചുവെന്ന വിവരവും പുറത്തുവന്നു.കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം വാഹനത്തിന് മുന്നിലേക്ക് മനപ്പൂർവം തള്ളുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.