കടപ്ര: കൈക്കൂലിക്കെതിരെ വിജിലൻസ് നടപടി കർശനമാക്കുമ്പോഴും തങ്ങൾക്കിതൊന്നും ബാധകമല്ലെന്ന് രീതിയിൽ ചില ഉദ്യോഗസ്ഥരുടെ കൈക്കൂലി ഭ്രമം തുടരുന്നു. ഇത്തരത്തിൽ നിരവധി കൈക്കൂലി വിരുതന്മാരെയാണ് സമീപകാലത്ത് പല ഓഫീസകളിൽ നിന്നായി വിജിലൻസ് കൈയോടെ പിടികൂടിയത്.വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്തിലെ സീനിയർ ക്ലാർക്കിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വസ്തു നികുതി കെട്ടിട നിർമ്മാണ പെർമിറ്റ് വിഭാഗത്തിലെ ക്ലാർക്ക് തകഴി കുന്നുമ്മ ശ്രീനിലയത്തിൽ പി.സി.പ്രദീപ് കുമാർ (52) ആണ് അറസ്റ്റിലായത്.ഇന്നലെ രാവിലെയാണ് സംഭവം.

വളഞ്ഞവട്ടം സ്വദേശിനിയായ വീട്ടമ്മയോട് 40000 രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് ഇത് 25000 രൂപയാക്കി കുറച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഇവർ അപേക്ഷ നൽകുന്നത്. കഴിഞ്ഞ മാസം 8ന് 10000 രൂപ നൽകിയിരുന്നു. ബാക്കി തുക കൂടി ആവശ്യപ്പെട്ടതോടെ വീട്ടമ്മ വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥനെ പിടികൂടാൻ വിജിലൻസ് തന്ത്രപൂർവ്വം കെണിയൊരുക്കുകായിരുന്നു. ബാക്കി തുകയായ പത്തായിരം രൂപ നൽകാൻ പോകുമ്പോഴാണ് ഉദ്യോഗസ്ഥനെ വിജിലൻസ് പൊക്കിയത്.

തന്ത്രപരമായ നീക്കത്തിലാണ് വിജിലൻസ് ഇദ്ദേഹത്തെ പിടികൂടിയത്. വീട്ടമ്മയോട് പണം വാങ്ങിയത് ഇവരുടെ കാറിൽ വച്ചാണ്. വീട്ടിൽ നിന്ന് ഓഫിസിലേക്കു വരുന്ന വഴി പൊടിയാടി ജംക്ഷനിൽ ബസിറങ്ങിയ പ്രദീപ് അവിടെ നിന്ന് പഞ്ചായത്ത് ഓഫിസിലേക്ക് ഇവരുടെ കാറിലാണ് വന്നത്. വീട്ടമ്മയുടെ സഹോദരനാണ് കാർ ഓടിച്ചിരുന്നത്. ഇവിടം മുതൽ വിജിലൻസ് സംഘം ബൈക്കിലും കാറിലുമായി ഇവരെ പിന്തുടർന്നു. പുളിക്കീഴ് പാലത്തിനു സമീപം എത്തിയപ്പോൾ കാർ നിർത്തി പിറകിലിരുന്ന വീട്ടമ്മ പുറത്തിറങ്ങി കാറിന്റെ മുൻവാതിൽ തുറന്ന് ഡാഷ് ബോർഡിൽ നിന്നു പഴ്‌സെടുത്തു പണം ഇദ്ദേഹത്തിനു നൽകുകയായിരുന്നു.

ഈ സമയം വിജിലൻസ് സംഘത്തിന്റെ ബൈക്ക് ഇവരുടെ കാറിനു പിറകിൽ നിർത്തിയിട്ടിരുന്നു. കാറിൽ വന്ന സംഘം സംഭവം വീക്ഷിച്ച് പതുക്കെ മുന്നോട്ടുപോയി. തുടർന്ന് പഞ്ചായത്ത് ഓഫിസിനു മുൻവശത്തെത്തി കാറിൽ നിന്നിറങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു. ഓഫിസിലെത്തിച്ച് ഫിനോഫ്തലിൻ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഇദ്ദേഹത്തിന്റെ രണ്ടു കൈകളിൽ നിന്നും തെളിവ് ലഭിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ അപേക്ഷ സ്വീകരിക്കുന്നതിൽ പാലിക്കേണ്ട നടപടിക്രമങ്ങളിലും വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. സാധാരണ അപേക്ഷ ഫ്രണ്ട് ഓഫിസിൽ നൽകി നമ്പറിട്ടാണ് അതതു സെക്ഷനിലെത്തുന്നത്. ഈ നടപടികളൊന്നും നടത്തിയിട്ടില്ല.വിജിലൻസ് ഡിവൈഎസ്‌പി ഹരി വിദ്യാധരൻ, സിഐമാരായ കെ.അനിൽകുമാർ, ജെ.രാജീവ്, എസ്.അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് അറസ്റ്റ് ചെയ്തത്. തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.