തിരുവനന്തപുരം: ജേക്കബ് തോമസ് ഭരിച്ച് മെതിച്ചതാണ് വിജിലൻസ് ഡയറക്ടർ കസേര. സത്യസന്ധനായ ഉദ്യോഗസ്ഥനെ വിജിലൻസിന്റെ തലപ്പത്ത് വച്ചത് പ്രതിച്ഛായ ഉയർത്തുകയെന്ന പിണറായി തന്ത്രത്തിന്റെ ഭാഗമായിരുന്നു. എന്നാൽ കളി പാളിയെന്ന് തിരിച്ചറിഞ്ഞതോടെ ഐഎംജിയുടെ മുലയ്ക്ക് ജേക്കബ് തോമസ് എത്തി. നിയമസഭയിൽ ഈ കസേര കണ്ട് പനിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. ജേക്കബ് തോമസിനെ ഒരിക്കലും മാറ്റില്ലെന്ന വിലയിരുത്തലാണ് ഇതിലൂടെ എത്തിയത്. എന്നാൽ ജേക്കബ് തോമസിനെ മാറ്റിയാലും ആർക്കും ഈ കട്ടിൽ കിട്ടിലെന്ന അർത്ഥമായിരുന്നു അതിനുള്ളതെന്ന് ഇപ്പോൾ ഐപിഎസുകാർ അടക്കം പറയുന്നു.

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല നൽകിയിരിക്കുകായണ്. ഏറെ പേരുകൾ വിജിലൻസ് ഡയറക്ടറാകാൻ സി.പി.എം മുന്നോട്ട് വച്ചു. പക്ഷേ ആരേയും വിശ്വസിക്കാൻ കഴിയുന്നില്ല. അഴിമതിക്കേസിൽ സർക്കാർ പെടാതിരിക്കാനാണ് ഇതെന്ന് വിലയിരുത്തലുണ്ട്. കേരളത്തിൽ ഇപ്പോൾ എട്ട് ഡിജിപിമാരുണ്ട്. അതിനിടെ നാലു പേർക്ക് കൂടി. ഡിജിപി പദവി നൽകാൻ സ്‌ക്രീനിങ് കമ്മിറ്റി ശുപാർശയും ചെയ്തു. തച്ചങ്കരിക്കു പുറമേ ഇതേ ബാച്ചുകാരും എഡിജിപിമാരുമായ ജയിൽ മേധാവി ആർ.ശ്രീലേഖ, എസ്‌പിജി ഡയറക്ടർ അരുൺകുമാർ സിൻഹ, സുദേഷ് കുമാർ എന്നിവർക്കാണു സ്ഥാനക്കയറ്റത്തിനു ശുപാർശ.

നിലവിൽ സംസ്ഥാനത്തു കേന്ദ്ര സർക്കാർ അംഗീകരിച്ച ഡിജിപി പദവിയിൽ നാല് ഉദ്യോഗസ്ഥരുണ്ട്. കേന്ദ്രസർക്കാരും അക്കൗണ്ടന്റ് ജനറലും അംഗീകരിക്കാത്ത ഡിജിപി പദവിയിലും നാല് ഉദ്യോഗസ്ഥരുണ്ട്. അംഗീകാരമില്ലാത്ത നാലുപേർക്കും എഡിജിപിമാരുടെ ശമ്പളമേ ലഭിക്കുന്നുള്ളു. ഡിജിപി പദവിയിൽ ഒഴിവു വരുമ്പോൾ മാത്രമേ ഇവർക്ക് ഈ റാങ്ക് ലഭിക്കുകയുള്ളു. അതായത് അടുത്ത മന്ത്രിസഭാ യോഗത്തിലൂടെ ഡിജിപിമാരുടെ എണ്ണം പന്ത്രണ്ടായി ഉയരും. 30 വർഷം പൂർത്തിയാക്കിയ ഐഎഎസുകാർക്കു ചീഫ് സെക്രട്ടറി പദവി നൽകിയതിന്റെ തുടർച്ചയാണ് ഐപിഎസുകാർക്ക് ഇതു നൽകാൻ ശുപാർശചെയ്തത്. എന്നിട്ടും വിജിലൻസിന് മാത്രം നാഥനില്ല.

വിജിലൻസിന് സ്വതന്ത്രചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനവും ഉണ്ടായിരുന്നു. ഡയറക്ടറുടെ ചുമതല വഹിക്കുന്ന പൊലീസ് മേധാവിക്ക് ഒട്ടേറെ ജോലിയുണ്ടെന്നും സമയമുള്ളയാളെ സ്ഥിരം ഡയറക്ടറാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിജിലൻസ് ഡയറക്ടർ ചുമതല ഒരുദ്യോസ്ഥന് സ്വതന്ത്രമായി നൽകാത്ത സർക്കാർ എന്തുസർക്കാരാണെന്നാണ് ഹൈക്കോടതിയുെട ചോദ്യം. സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറില്ലാത്തതിന്റെ കുഴപ്പങ്ങൾ അക്കമിട്ട് നിരത്തിയാണ് കോടതി സർക്കാരിനെ വിമർശിച്ചത്. എന്നിട്ടും സർക്കാരിന് കുലുക്കമില്ല. വിശ്വസ്തനെ കിട്ടിയാൽ മാത്രമേ എത്ര ഡിജിപിമാരുണ്ടെങ്കിലും വിജിലൻസ് ആസ്ഥാനത്ത് നാഥനെത്തൂ.

വിജിലൻസ് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിൽ എത്തുന്നുന്നുണ്ട്. ഇതിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കണം. വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കാനാകൂ. റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിന് ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണമാണ് പല ഉദ്യോഗസ്ഥരും കോടതിയിൽ നിരത്തുന്നത്. ഒട്ടേറെ ചുമതലകളുള്ള സംസ്ഥാന പൊലീസ് മേധാവിക്ക് ഈ ചുമതല സമയബന്ധിതമായി നിർവഹിക്കാനാകില്ല. മുൻപ് എഡിജിപി റാങ്കിലുള്ളവരും വിജിലൻസ് ഡയറക്ടറായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യനായ ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത മന്ത്രിസഭാ യോഗം ഡിജിപിയെ നിയോഗിക്കാനും സാധ്യത ഏറെയാണ്.

വിജിലൻസ് കമ്മീഷൻ രൂപീകരിക്കാനും നളിനി നെറ്റോയെ അതിന്റെ തലപ്പത്ത് നിയോഗിക്കാനും പിണറായിക്ക് താൽപ്പര്യമുണ്ട്. എന്നാൽ ജേക്കബ് തോമസിനേക്കാൾ മൂർച്ചയുള്ള വാളാണ് നളിനി നെറ്റോ. അഴിമതിക്കെതിരെ ഏതറ്റം വരേയും പോകും. അതുകൊണ്ട് തന്നെ ആ കളിക്ക് സിപിഎമ്മിനും താൽപ്പര്യമില്ല. ഇതോടെ വിജിലൻസ് കമ്മീഷനും നീളുകയാണ്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലെ ഭരണ പരിഷ്‌കാര കമ്മീഷൻ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതു പ്രകാരം ഹൈക്കോടതി ജസ്റ്റീസുമാർക്ക് മാത്രമേ കമ്മീഷന്റെ തലപ്പത്ത് എത്താനുമാകൂ. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ട് നളിനി നെറ്റോയെ വിജിലൻസ് കമ്മീഷൻ ഏൽപ്പിക്കാനാണ് താൽപ്പര്യം.

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച നളിനി നെറ്റോ നിലവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഈ സാഹചര്യത്തിലാണ് നളിനി നെറ്റോയ്ക്ക് വിജിലൻസ് കമ്മീഷണറാകാൻ സാധ്യത ഏറുന്നത്.