തൃശൂർ: റിലയൻസ് 4 ജി കേബിൾ സ്ഥാപിക്കുന്നതിന് കൊച്ചി കോർപ്പറേഷൻ വഴിവിട്ട സഹായം നൽകിയന്നെ മറുനാടൻ മലയാളി വാർത്തകൾ ശരിവച്ച് തൃശൂർ വിജിലൻസ് കോടതിയുടെ അന്വേഷണ ഉത്തരവ്. കൊച്ചി മേയർ ടോണി ചിമ്മിണി, മരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സൗമിനി ജെയിൻ എന്നിവർക്കെതിരെ പ്രാഥമികാ അന്വേഷണം നടത്താൻ വിജിലൻസിന് കോടതി ഉത്തരവ് നൽകി. ഇതോടുകൂടി റിലയൻസ് അഴിമതിയിൽ ടോണി ചിമ്മിണിയുടെ പങ്ക് പുറത്തുവരുമെന്നാണ് സൂചന.

പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജിനെ കുടുക്കിയത് റിലയൻസ് ഇടപാടുകളായിരുന്നു. സൂരജിനെതിരെ വിജിലൻസ് നടപടി വരികയും സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഈ സമയമാണ് ടോണി ചിമ്മിയക്ക് എതിരായ അഴിമതി രേഖകൾ സഹിതം മറുനാടൻ മലയാളി പുറത്തുകൊണ്ട് വന്നത്. മറ്റ് മാദ്ധ്യമങ്ങളും അത് ഏറ്റെടുത്തു. എന്നാൽ ഉന്നത സ്വാധീനം മൂലം ചിമ്മിണിക്ക് എതിരെ കേസോ നടപടികളോ പരിശോധനയോ വന്നില്ല. ഈ സാഹചര്യത്തിലാണ് തൃശൂർ കോടതിയുടെ ഉത്തരവ് ശ്രദ്ധേയമാകുന്നത്.

റിയലൻസ് ഗ്രൂപ്പിന് വേണ്ടി ഒത്താശ ചെയ്ത കൊച്ചി കോർപ്പറേഷനിലെ ഭരണക്കാർ വേണ്ടന്നുവച്ചത് 20 കോടിയിലേറെ രൂപയാണ്. കോർപ്പറേഷന്റെ വഴിവിട്ട സഹായത്തോടെ കോടികൾ ലാഭിക്കാനും റിലയൻസിന് സാധിച്ചു. റിലയൻസ് 4 ജി കേബിൾ സ്ഥാപിക്കുന്നതിന് നഗരസഭ റോഡ് കുഴിക്കാൻ അനുവാദം നൽകിയതിലൂടെ ഈടാക്കിയത് തുച്ഛമായ തുക ഈടാക്കിയാണ്. കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മീറ്ററിന് 3500 രൂപ വരെ ഈടാക്കുമ്പോൾ സ്വന്തം കോർപ്പറേഷൻ റിലയൻസിൽ നിന്ന് വാങ്ങിയത് 100 രൂപയിൽ താഴെ മാത്രം ഈടാക്കിയതാണ് വിവാദമായിരിക്കുന്നത്. നഗരസഭമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി അനുമതി നൽകിയതിന്റെ രേഖകളാണ് മറുനാടൻ മലയാളി പുറത്തുവിട്ടത്.

കൗൺസിൽ യോഗത്തിൽ പേരു പോലും ചർച്ച ചെയ്യാതെയാണ് ഈ വിവാദ തീരുമാനം കമ്മിറ്റി എടുത്തത്. ഇത് പ്രകാരം 107 കിലോമീറ്റർ റോഡ് കുഴിച്ചതിന് റിലയൻസ് ആകെ അടക്കേണ്ടത് 1.25 കോടി രൂപ മാത്രം. നഗരസഭ പരിധിയിലെ വിവിധ റോഡുകളിൽ വീറ്റ് എടുത്ത് ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിക്കാൻ അനുമതി തേടി റിലയൻസ് ജിയോ ഇൻഫോകോം 2014 ജനുവരി മാസത്തിലാണ് കോർപ്പേറഷനിൽ അപേക്ഷ സമർപ്പിക്കുന്നത്. ദേശീയ പാത വഴിയും പി.ഡബ്ല്യ.യു.ഡി റോഡിലും ഈടാക്കേണ്ട അതെ തുക തന്നെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഈടാക്കേണ്ടത് എന്നിരിക്കെ പ്രത്യേക അവകാശം ഉപയോഗിച്ചാണ് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി റിലയൻസിന് വഴി വിട്ട സഹായം ചെയ്തിരിക്കുന്നത്.

ബി.എം.ആൻഡ് ബി.സി.റോഡുകളിൽ 1 മീറ്ററിന് 3464 രൂപയും മറ്റ് റോഡുകളിൽ മീറ്ററിന് ആയിരം രൂപ മുതൽ 3000 രൂപ വരെയുമാണ് പി.ഡബ്ല്യ.ഡി ഈടാക്കുന്നത്. സമീപ പഞ്ചായത്തുകൾ പോലും ഈ തുക വാങ്ങുമ്പോഴാണ് കോർപ്പറേഷനന്റെ ഈ നടപടി. ഫോർട്ട് കൊച്ചിയിൽ 92.21 രൂപ, പള്ളുരുത്തിയിൽ 90 രൂപ, വൈറ്റിലയിൽ 86, ഇടപ്പള്ളിയിൽ മാത്രം 233.88 രൂപക്കാണ് റിലയൻസിന് കുഴിയെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. നഗരമദ്ധ്യത്തിൽ ആകട്ടെ മീറ്ററിന് 98.34 രൂപക്കാണ് കോർപ്പറേഷൻ കണക്കാക്കിയിട്ടുള്ളത്. തുക കുറച്ച് നൽകിയതിലൂടെ ഏതാണ്ട് 20 കോടിയിൽപ്പരം രൂപയുടെ നഷ്ടമാണ് കോർപ്പറേഷൻ കണക്കാക്കുന്നത്.

ഒരു ലക്ഷം രൂപക്ക് മുകളിൽ വരുന്ന എല്ലാ ഇടപാടുകൾക്കും കൗൺസിൽ അംഗീകാരം വേണമെന്ന ചട്ടവും റിലയൻസിനായി കോർപ്പറേഷൻ കാറ്റിൽ പറത്തി. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതാണ് കോടതി ഇടപെടലിലൂടെ വിജിലൻസ് കോടതി പരിശോധിക്കാൻ പോകുന്നത്.