- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിഷയുടേത് വൻ സാമ്പത്തിക ഇടപാട്; പലരിൽനിന്നും പണം വാങ്ങി, ആദ്യം വാങ്ങിയവർക്ക് തിരിച്ചുനൽകാൻ പിന്നീട് മറ്റു ചിലരിൽനിന്ന് പണം വാങ്ങി; രണ്ടു ബാങ്ക് അക്കൗണ്ടുകളിൽനിന്നു മാത്രം 88 ലക്ഷത്തിന്റെ ഇടപാടുകൾ; ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതം; മൊബൈലും ലാപ്ടോപും വിശദ പരിശോധനക്ക്
കൊയിലാണ്ടി: ചേലിയ മലയിൽ വിജിഷയുടെ മരണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതം, ഒരു സാധാരണക്കാരി നടത്തിയ സാമ്പത്തിക ഇടപാടിനേക്കാൾ വലിയ തുകയുടെ ഇടപാടാണ് വിജിഷ നടത്തിയത്. ഇവരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച പൊലീസ് ശരിക്കും ഞെട്ടിയിട്ടുണ്ട്. ഇവരുടെ രണ്ടു ബാങ്ക് അക്കൗണ്ടുകളിൽനിന്നു മാത്രം 88 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നിട്ടുണ്ട്.
ഇത്രയും തുക എന്തിനു വേണ്ടി ഉപയോഗിച്ചുവെന്ന് വ്യക്തമല്ല. മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും വ്യക്തമാകാനുണ്ട്. വായ്പ ആപ്പിന്റെ ഇരയാണ് വിജിഷയെന്ന് നാട്ടുകാർ സംശയിക്കുന്നു. നഗരത്തിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിൽ ജീവനക്കാരിയായ വിജിഷ 2021 ഡിസംബർ 11ന് ആണ് വീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത്.
ഇവർ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. ഹരിദാസ് വ്യക്തമാക്കി. പലരിൽനിന്നും പണം വാങ്ങിയിട്ടുണ്ട്. ചിലർക്കെല്ലാം തിരിച്ചുനൽകി. ആദ്യം വാങ്ങിയവർക്ക് തിരിച്ചുനൽകാൻ പിന്നീട് മറ്റു ചിലരിൽനിന്ന് വാങ്ങി.
തിരിച്ചുനൽകിയവരിൽനിന്ന് പിന്നീട് കൂടുതൽ പണം വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്രയും പണം എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകാനുണ്ട്. പണം തിരിച്ചുകിട്ടാനുള്ളവരിൽ പലരും രംഗത്തുവന്നിട്ടില്ല. വിജിഷ ഉപയോഗിച്ച മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവ വിശദ പരിശോധനക്ക് വിധേയമാക്കും. ഇവ കോടതിയിൽ ഹാജരാക്കും.
പൊലീസ് സൈബർ സെല്ലിന്റെ പരിശോധന ആവശ്യമാണ്. ലോക്കൽ പൊലീസ് നേരത്തെ നടത്തിയ അന്വേഷണത്തിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 88 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നതായി തെളിഞ്ഞിരുന്നു. ബിരുദധാരിയാണ് വിജിഷ. നാട്ടിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മരണത്തിനു തൊട്ടുമുമ്പ് വിജിഷയുടെ ഫോണിലേക്കു വന്ന കാളുകൾ ആയിരിക്കണം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാർ കരുതുന്നു. പതിവുപോലെ ഓഫിസിലേക്കു പുറപ്പെട്ട വിജിഷ പെട്ടെന്ന് തിരിച്ചുവന്ന് വീട്ടിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ