ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം വിക്രമിന് ഹൃദയ സ്തംഭനം ഉണ്ടായിട്ടില്ലെന്ന് കാവേരി ആശുപത്രി അധികൃതർ. അദ്ദേഹത്തിന്റെ നില ഇപ്പോൾ ഭേദപ്പെട്ടു. വൈകാതെ ആശുപത്രി വിടും. നെഞ്ചിലെ അസ്വസ്ഥതയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചുവെന്നും മെഡിക്കൽ ബുള്ളറ്റനിൽ അറിയിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് താരത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് ആറു മണിയോടെ പൊന്നിയിൻ സെൽവൻ സിനിമയുടെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വാർത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്.

നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനാണ് ഏറെ പ്രതീക്ഷയുള്ള ചിത്രം. ഇതു കൂടാതെ കോബ്ര എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. കൂടാതെ പാ രഞ്ജിത്തിനൊപ്പമുള്ള പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ട്വിറ്ററിൽ ഏറെ ഫോളോവേഴ്സ് ഉള്ള ട്രേഡ് അനലിസ്റ്റുകളിൽ നിന്ന് വിക്രത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലതരത്തിൽ ട്വീറ്റുകളാണ് എത്തിയത്. ആർ അജയ് ജ്ഞാനമുത്തുവിന്റെ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം കോബ്ര, ഗൗതം വസുദേവ് മേനോന്റെ സ്പൈ ത്രില്ലർ ധ്രുവ നച്ചത്തിരം, മണി രത്നത്തിന്റെ എപിക് ഹിസ്റ്റോറിക്കൽ ഫിക്ഷൻ പൊന്നിയിൻ സെൽവൻ 1 എന്നിങ്ങനെയാണ് വിക്രത്തിന്റെ ലൈനപ്പ്. ഇതിൽ മിക്കവയും വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റുകളാണ്.

ഇതിൽ കോബ്രയാണ് ആദ്യമെത്തുക. കോബ്രയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തിൽ മലയാളത്തിൽ നിന്ന് റോഷൻ മാത്യുവും മിയ ജോർജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.