- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉലകനായകന്റെ ഉജ്ജ്വല തിരിച്ചുവരവ്; നാലുവർഷത്തിന് ശേഷമെത്തിയ കമൽഹാസൻ ചിത്രം 'വിക്രം' മാസ് മൂവി; ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒപ്പം ചേരുമ്പോൾ തീയേറ്ററുകൾ ഇളകി മറിയുന്നു; കലാപരമായി കമലിന്റെ മുൻ ചിത്രങ്ങളുടെ നിലവാരമില്ല; ലോകേഷ് കനകരാജ് ചിത്രം മർഡർ മിസ്റ്ററി ത്രില്ലർ
ലോക സിനിമയിൽ തന്നെ അഭിനയത്തെ ഇത്രയേറെ ആസ്വദിച്ച മറ്റൊരു നടൻ ഇല്ലെന്ന് പറയാം. കുള്ളനായും, ഊമയായും, പടു കിഴവനായും, നർത്തകനായും, സൈക്കോയോയും, കില്ലറായൂം, ഒരേ സമയം നായകനായും വില്ലനായും, നാലുവേഷങ്ങളിലും എന്തിന് പത്തുവേഷങ്ങളിൽവരെ അയാൾ എത്തി. അഭിനയം, സംവിധാനം, രചന, സംഗീതം, നിർമ്മാണം, തുടങ്ങിയ സിനിമയുടെ സമസ്തമേഖലകളിലും കൈവെച്ചു. അതായിരുന്നു ഉലകനായകൻ കമൽഹാസൻ. നായകനും, ഗുണയും, കരുതിപ്പുനലും, തേവർ മകനും, മഹാനദിയും, ഇന്ത്യനും, അപൂർവസഹോദരങ്ങളുമൊക്കെ കണ്ട് കൈയടിച്ചു വളർന്ന, പഴയ തലമുറക്ക് അദ്ദേഹം അക്ഷരാർഥത്തിൽ സിനിമാ ദൈവമാണ്. പക്ഷേ 2018ലെ വിശ്വരൂപം 2വിനുശേഷം രാഷ്ട്രീയത്തിലേക്ക് കളം മാറ്റിച്ചവിട്ടിയ, ഉലകനയാകന് സിനിമയിൽ ഉണ്ടായത് നീണ്ട ഇടവേളയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ന്യുജൻ പിള്ളേർരൊന്നും, വിജയ്ക്കും, സുര്യക്കും, അജിത്തിനുമൊന്നും കൊടുക്കുന്ന കട്ട ആരാധന കമലിന് കൊടുത്തിട്ടുണ്ടായിരുന്നില്ല. അവർക്ക് ആസ്വദിക്കാന പാകത്തിലുള്ള ഒരു കമൽ സിനിമ വന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.
പക്ഷേ ഇപ്പോഴിതാ കൊമേർഷ്യൽ സിനിമയുടെ എല്ലാ ചേരുവകളും വെച്ചുകൊണ്ടുള്ള ഒരു മരണമാസ് സിനിമയുമായി കമൽഹാസൻ, നമ്മുടെ ന്യൂജൻ പിള്ളേരെകൂടി കൈയിലെടുക്കയാണ്. അതാണ് കേരളത്തിൽനിന്ന് മാത്രം ആദ്യ ദിനം അഞ്ചുകോടിരൂപ നേടിയ വിക്രം. തമിഴ്നാട്ടിൽ അത്ര കാണാത്ത, മൾട്ടി സ്റ്റാർ മൂവിയാണിത്. കമലിനൊപ്പം, ഫഹദ്ഫാസിലും, വിജയ് സേതുപതിയും, പൂണ്ടുവിളയാടുന്ന ചിത്രം. ക്ലൈമാക്സിൽ കൊലമാസായി നടൻ സൂര്യ കൂടി എത്തുന്നതോടെ തീയേറ്ററുകളിൽ ആരവം ഇരിട്ടിക്കയാണ്. 67ാം വയസ്സിൽ കമലിന്റെ ശക്തമായ തിരിച്ചുവരവാണെന്ന് വേണമെങ്കിൽ പറയാം.
ലോകേഷ് കനകരാജിന്റെ സംവിധാനത്തൽ ഇറങ്ങിയ പുതിയ ചിത്രം വിക്രം, ഒരു മാസ് എന്റർടെയിനറാണ്. കമലസാഹന്റെ മുൻകാല പടങ്ങളുടെ ക്ലാസ് പ്രതീക്ഷിച്ച് എത്തിയാൽ നിങ്ങൾക്ക് നിരാശയുണ്ടാവും. ലോകേഷ് കനകരാജിന്റെ മുൻ ചിത്രം 'കൈദി'യുടെ ഫീൽ ഒന്നും വിക്രത്തിന് കിട്ടുന്നില്ല. കലാപരമായി നോക്കുമ്പോൾ വൺ ടൈം വാച്ച് മൂവിമാത്രമാണിത്. പക്ഷേ ഒരു ഫാൻബേസ് പക്കാ മസാല മൂവിയുമാണുതാനും.
മർഡർ മിസ്റ്ററി ത്രില്ലർ
1986ലെ കമൽഹാസൻ മൂവി വിക്രത്തിൽ നിന്നുള്ള ഹീറോ ക്യാരക്റ്ററാണ് ചിത്രത്തിൽ. കമൽ നൊസ്റ്റാൾജിയ പരമാവധി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ ചിത്രത്തിലുണ്ട്. ഒപ്പം 2019ലോകേഷ് കനകരാജ് മൂവിയിൽ കൈദി നിന്നുള്ള റഫറൻസുകളും. എപ്പോളൊക്കെ കൈദി പരാമർശം വരുന്നോ, അപ്പോഴോക്കെ തീയേറ്ററിൽ കൈയടിയും ഉയരുന്നുണ്ട്.
കൈദിയിൽ കഥ അവസാനിച്ചിടത്തുനിന്നാണ്, വിക്രം തുടങ്ങുന്നത്. മയക്കുമരുന്നുമായി എത്തിയ രണ്ടു കണ്ടെയ്നറുകൾ ചെന്നൈയിൽ കാണാതാവുന്നു. അതു തിരികെ പിടിക്കാൻ ലോക്കൽ ഗ്രൂപ്പുകൾ അന്വേഷിക്കുന്നു. അതേസമയം തന്നെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ മൂന്ന് ഉയർന്ന ഉദ്യോഗസ്ഥർ അടക്കം നാലുപേർ കൊല ചെയ്യപ്പെടുന്നു. മുഖംമൂടികളായ ഒരു സംഘമാണ് സമാന പാറ്റേണിലുള്ള മൂന്നു കൊലപാതകങ്ങളും നടത്തുന്നത്. ഈ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാനെത്തുകയാണ് അമർ (ഫഹദ് ഫാസിൽ). അതിനിടയിൽ അന്വേഷണത്തിനു സമാന്തരമായി വീണ്ടും ആവർത്തിക്കുന്ന കൊലപാതകങ്ങൾ. ഇതിനെല്ലാം പിന്നിലെ കുത്തുകൾ യോജിപ്പിച്ച് ഒടുവിൽ സത്യത്തിലേക്ക് എത്തിച്ചേരുകയാണ് അമർ. അവിടുന്നങ്ങോട്ട് ഒരു പ്രതികാരത്തിന്റെ തീ ആളിപടരുകയാണ്. വെറും ഒരു പ്രതികാര കഥയല്ല ഇതൊന്ന് വിക്രം പറയുന്നു. നാർക്കോട്ടിക്ക് മാഫിയക്ക് എതിരായ ഒരു യുദ്ധമാണിത്.
അടിമുടി ഒരു ആക്ഷൻ പാക്ക്ഡ് സിനിമയാണ് വിക്രം. ആക്ഷൻ സീക്വൻസുകളിലൂടെ, അതിനെ മികച്ച രീതിയിൽ കൊറിയോഗ്രഫി ചെയ്തുകൊണ്ടാണ് കഥ പറഞ്ഞു പോകുന്നത്. ചിത്രത്തിന്റെ പ്ലോട്ടിൽ വലിയ പുതുമയില്ലെങ്കിലും, കഥാപാത്രങ്ങളെ ഇൻട്രസ്റ്റിങ്ങായി പ്ലേസ് ചെയ്തും, മാസ് ആക്ഷൻ സീനുകൾകൊണ്ടും മേക്കിങ്ങ് മികച്ചതാക്കാൻ ലോകേഷിന് കഴിഞ്ഞിട്ടുണ്ട്.
കത്തിയും തോക്കും എന്തിന് സ്പൂണും ഫോർക്കും വെച്ചു വരെയും, കയ്യിലൊന്നുമില്ലാതെയുമുള്ള സംഘട്ടനങ്ങൾ ചിത്രത്തിലുണ്ട്. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവത്തിന് ചേർന്നത് എന്നതുപോലെയുള്ള ആക്ഷൻ സ്റ്റെലും ഉൾപ്പെടുത്തിയിട്ടുണ്ട്. കമൽ ഹാസനും ഫഹദിനും വിജയ് സേതുപതിക്കും ഒരു ഗാങ്ങിനുമൊക്കെയാണ് ആക്ഷൻ സീനുകൾ ത്രൂ ഔട്ട് ഉള്ളതെങ്കിലും ഇവരേക്കാളൊക്കെ സ്കോർ ചെയ്തത്, വിക്രമിന്റെ വീട്ടിലെ വേലക്കാരിയായി വരുന്നു സ്ത്രീ കഥാപാത്രമാണ്. ഒറ്റ സീനിലെ അവരുടെ ആക്ഷൻ ഗംഭീരമായിരുന്നു.
ഉലകനായകന്റെ വിളയാട്ടം
കേരളത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്നപോലെ കമലും രജനിയും ഒന്നിച്ച് അഭിനയിക്കുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിന് കമൽ ഇങ്ങനെ മറുപടി പറയുന്നു. '' അത് ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനമാണ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു സിനിമയിൽ വന്നാൽ അതിന്റെ ബജറ്റ് വലുതാവും''. വിക്രമിന്റെ പ്രമോഷനിലും കമൽ ഈ കഥ പറഞ്ഞു. എന്നിട്ട് ഈ ചിത്രം ഒരു മൾട്ടിസ്റ്റാർ ചിത്രമാണെന്നും വിശദീകരിക്കുന്നു. ശരിയാണ്, നായകന്റെ മാത്രം രംഗങ്ങൾ പർവതീകരിക്കാതെ എല്ലാവർക്കും സ്പേസ് കൊടുക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ ആദ്യപകുതിയെ പുർണ്ണമായും നിയന്ത്രിക്കുന്നത് ഫഹദ് ഫാസിലിന്റെ കഥാപാത്രമാണ്. അല്ലുഅർജുന്റെ പുഷ്പയിൽ വില്ലനായിക്കൊണ്ട്, ഫഹദിന് വിശാലമായ കാൻവാസിലേക്ക് എൻട്രി കിട്ടിയിരുന്നു. ഇതോടെ പാൻ സൗത്ത് ഇന്ത്യൻ സ്റ്റാറായി ഫഹദ് ഉയരുമെന്ന് ഉറപ്പാണ്. പക്ഷേ രണ്ടാം പകുതിയിൽ കമൽ തകർന്നുണ്ട്. പ്രായത്തെ വെല്ലുന്നതാണ് ഉലക നായകന്റെ പ്രകടനം. രണ്ടാം പകുതിയിലെ സംഘട്ടന രംഗങ്ങളിലെയും വെടിവെപ്പ് മാസ് സീനുകളിലുമൊക്കെയുള്ള പ്രകടനം, അദ്ദേഹത്തിന്റെ പഴയ പ്രതാപ കാലത്തെ ഓർമ്മിപ്പിക്കുന്നു. അതുപോലെ ഈ ചിത്രത്തിൽ ഒരു കുട്ടിയും പ്രധാന കഥാപാത്രമാണ്. ആ സെന്റിമെൻസ് രംഗങ്ങളിലൊക്കെ കമൽഹാസന്റെ ആ കൊതിപ്പിക്കുന്ന ഡയലോഗ് ഡെലിവറി ഒന്ന് കാണേണ്ടതാണ്.
മാസ്റ്റർ എന്ന വിജയ് ചിത്രത്തിൽനിന്ന് നേരിട്ട് ഇറങ്ങി വന്നപോലെയാണ് വിജയ് സേതുപതിയുടെ വില്ലന്റെ പ്രകടനം. ഇൻട്രോ സീനൊക്കെ മാസാണ്. പക്ഷേ പിന്നീടങ്ങോട്ട് സന്താനം എന്ന വില്ലന്റെ കഥാപാത്ര വളർച്ച വേണ്ടരീതിയിൽ ആയില്ല. പല്ലുകടിച്ചുകൊണ്ടുള്ള വിജയ്സേതുപതിയുടെ ഡയലോഗ് ഡെലിവറിയിലുമുണ്ട് വല്ലാത്ത ക്രിത്വിമത്വം.
മലയാള നടൻ ചെമ്പൻ വിനോദ് ഈ പടത്തിൽ ഒരു മുഖ്യവേഷം ചെയ്യുന്നുണ്ട്. അത് അയാൾ നന്നാക്കിയിട്ടുമുണ്ട്. ചെമ്പന് തമിഴിലേക്കുള്ള ഒന്നാന്തരം എൻട്രിയായിരിക്കും ഇത്. നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും നന്നായി. അതുപോലെ മലയാളിയായ ഗിരീഷ് ഗംഗാധാന്റെ ക്യാമറയാണ് വിക്രത്തിന് വലിയ മുതൽക്കൂട്ടാവുന്നത്. എപ്പോഴും മലയാള സിനിമയെ പ്രോമോട്ട് ചെയ്യാനുള്ള കമലിന്റെ ശ്രമം മറക്കാൻ പറ്റില്ല. അനിരുദ്ധിന്റെ മ്യൂസിക്കും നന്നായി. സിനിമയുടെ തിയേറ്റർ എക്സ്പീരിയൻസ് ബാക്ക്ഗ്രൗണ്ട് സ്കോർ ഗുണം ചെയ്യുന്നുണ്ട്.
കമലിന്റെ പഴയ ചിത്രങ്ങളുടെ നിലവാരമില്ല
ചിത്രം തുടങ്ങി ആദ്യത്തെ ആറുമിനിട്ടിനുള്ളിൽ പ്രേക്ഷന് ഒന്നാന്തരം ഒരു ഷോക്ക് കൊടുക്കുന്നുണ്ട് സംവിധായകൻ. പക്ഷേ പിന്നീട് അത് നിലനിർത്താൻ കഴിയുന്നില്ല. ആദ്യപകുതിയിൽ ചിത്രത്തിന്റെ വേഗത അൽപ്പം കുറഞ്ഞപോലെയുണ്ട്. എന്നാൽ ഒരു കോമർഷ്യൽ സിനിമക്ക് വേണ്ട മികച്ച ഇന്റർവെൽ പഞ്ചോടെ, ചിത്രത്തെ തിരിച്ച് പിടിക്കുന്നുണ്ട് സംവിധായകൻ.
ഇത്തരം ഒരു സിനിമകൾക്ക് വേണ്ടിയിരുന്ന ശക്തമായ സക്രിപ്്റ്റ് പലപ്പോഴും ചിത്രത്തിനില്ല. സംഭാഷണങ്ങളും പോര. ഒടിടത്ത് കമലിന്റെ ദീർഘമായ വിശദീകരണം ബോറടിയിലേക്ക് നീങ്ങുന്നുണ്ട്. ഇടവേളയ്ക്ക് ശേഷവും കനകരാജിന്റെ ട്രെയ്ഡ് മാർക്ക് ആയ വെടിക്കെട്ട് ആവോളമുണ്ട് എന്നുമാത്രം. തന്റെ മുൻസിനിമകളിൽ നിന്ന് അതുക്കുമേലെ എന്തുകൊടുക്കാൻ കഴിയുമെന്നതാണ്, ഈ ചിത്രത്തിൽ ലോകേഷും നേരിടുന്ന വെല്ലുവിളി. പക്ഷേ അവസാനത്തെ പത്തുമിനുട്ടിലെ കൂട്ടവെടിവെപ്പും, പീരങ്കിതുപ്പലുമെല്ലാം, എല്ലാം ശരിക്കും ഹോളിവുഡ് നിലവാരത്തിലാണ് എടുത്തിട്ടുള്ളത്.
ക്ളൈമാക്സ് കഴിഞ്ഞു ടെയിൽ എൻഡിൽ സ്ക്രീനിലെത്തുന്ന സൂര്യയാണ് സത്യത്തിൽ സിനിമക്ക് വമ്പൻ എനർജിലെവൽ സമ്മാനിക്കുന്നത്. അടുത്തകാലത്തായി തമിഴ് മാസ് സിനിമകൾ അവസാനിക്കുന്നപോലെ രണ്ടാം ഭാഗത്തിന് സ്പേസ് ഇട്ടുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ചുരക്കിപ്പറഞ്ഞാൽ, കമൽഹാസന്റെ മുൻ ചിത്രങ്ങളുടെ നിലവാരം നോക്കി നിങ്ങൾ വിക്രമിന് ടിക്കറ്റ് എടുക്കുരുത്. ലോകേഷ് കനകരാജിന്റെ പതിവ് പാറ്റേണിലുള്ള ഒരു ത്രില്ലർ എന്ന ചിത്രത്തിൽ എടുത്താൽ കുഴപ്പമില്ല. പക്ഷേ എന്തൊക്കെയായലും വിക്രം തീയേറ്റുകളുടെ ഇളങ്ങി മറിക്കയാണെന്നതിൽ സംശമില്ല. കേരളത്തിൽപോലും എല്ലാ തീയേറ്ററുകളിലും ഹൗസ്ഫുള്ളായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
വാൽക്കഷ്ണം: വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഒരുപോലെ സുതാര്യത പുലർത്തുന്ന മനുഷ്യനാണ് കമൽഹാസൻ. മികച്ച നികുതിദായകനുള്ള അവാർഡ് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്ന് പല തവണ കൈപ്പറ്റിയയാൾ. അങ്ങനെയുള്ള ഒരാൾക്ക് പറ്റിയ മേഖലയല്ല രാഷ്ട്രീയം. അതിന് ചെലവാക്കിയ ഊർജം കമൽ സിനിമക്ക് ചെലവാക്കിയിരുന്നെങ്കിൽ, ഇന്ത്യൻ ചലച്ചിത്ര മേഖല എങ്ങനെ പുരോഗമിക്കുമായിരുന്നു. വെറും രണ്ടുദിവസം കൊണ്ട് 200 കോടിയുടെ ബിസിനസാണ് വിക്രം ഉണ്ടാക്കിയത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ