ന്യാമറിയത്തിനും മഗ്ദലനമറിയത്തിനുമിടയിലെ ജീവിതദൂരങ്ങൾ ഒറ്റയ്ക്കനുഭവിച്ചു തീർക്കേണ്ടിവരുന്ന പെൺപിറവികളെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ് നോവലിന്റെതന്നെ ചരിത്രധാരകളിലൊന്ന്. യൂറോ-അമേരിക്കൻ ഭാഷകളിൽ മാത്രമല്ല, മലയാളത്തിലും. മതം, സമൂഹം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങൾക്കും പ്രണയം, ലൈംഗികത, മാതൃത്വം തുടങ്ങിയ മൂല്യങ്ങൾക്കുമിടയിൽ സ്ത്രീയുടെ ശരീരവും ആത്മാവും തമ്മിൽ രൂപംകൊള്ളുന്ന സംഘർഷങ്ങളെക്കാൾ വലിയ നാടകീയതകളൊന്നും മനുഷ്യഭാവന ഇന്നോളം കലയിലും സാഹിത്യത്തിലും സൃഷ്ടിച്ചിട്ടില്ല. കൊളോണിയൽ ആധുനികത നിർമ്മിച്ചുനൽകിയ നോവലിന്റെ പാഠരൂപങ്ങൾക്കും ആവിഷ്‌ക്കാര കലകൾക്കുമുള്ളിൽ മലയാളഭാവുകത്വം നിർണയിച്ച സ്ത്രീയുടെ നിർവാഹകത്വങ്ങൾക്കുള്ളതും മറ്റൊരു സ്വരൂപമല്ല.

1859-ൽ മലയാളിയുടെ ജീവിതം ആദ്യമായി നോവൽവൽക്കരിക്കപ്പെട്ട (അഥവാ, മനുഷ്യരുടെ ജീവിതം കേരളത്തിൽ ആദ്യമായി സാഹിത്യവൽക്കരിക്കപ്പെട്ട) ഫ്രാൻസിസ് റൈറ്റ് കോളിൻസ് എന്ന മദാമ്മയുടെ ഇംഗ്ലീഷ് കൃതിതൊട്ട് (Slayer's Slain) ഈ ചരിത്രം ഇങ്ങനെയാണ്. കന്യകാത്വത്തിനും വേശ്യാത്വത്തിനുമിടയിലെ സ്ത്രീജീവിതത്തിന്റെ സാമൂഹ്യവിന്യാസങ്ങൾ മാത്രമല്ല, ആ രണ്ടവസ്ഥകൾകൊണ്ട് മത, കുടുംബ ഘടനകൾക്കുനേരെ അവർ ഉയർത്തുന്ന സദാചാരധാർമ്മികതയുടെ വെല്ലുവിളികളുമാണ് ശരീരത്തിന്റെയും ആത്മാവിന്റെയും പേരിൽ അവൾക്കുമേൽ വിധിയെഴുതാൻ പുരുഷകേന്ദ്രിത സ്ഥാപനങ്ങളെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ കുലടതക്കും കുലീനതക്കുമപ്പുറം സ്വന്തം ശരീരത്തിനും ആത്മാവിനുംമേൽ ഉടമസ്ഥത പ്രഖ്യാപിച്ച, തലച്ചോറുള്ള സ്ത്രീകളെ, മേല്പറഞ്ഞ സ്ഥാപനങ്ങൾ മേല്പറഞ്ഞ മൂല്യങ്ങൾകൊണ്ടുതന്നെ അളന്നുതൂക്കി, കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു.

ഈവിധം, തനിക്കും തന്റെ വിധിക്കുമിടയിലെ ദൂരകാലങ്ങൾ നിർഭയം പിന്നിട്ട ഒരു പെണ്ണിന്റെയും അവളെ നിർദയം കല്ലെറിഞ്ഞ സമൂഹത്തിന്റെയും കഥയാണ് ലിസിയുടെ 'വിലാപ്പുറങ്ങൾ'. കന്യകക്കുവേണ്ടിയെന്നതുപോലെതന്നെ മഗ്ദലനക്കുവേണ്ടിയും എഴുതപ്പെട്ട ഒരു കാലാന്തര സുവിശേഷം. മലയാളഭാവനയിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും മികച്ച സ്ത്രീസ്വത്വരൂപങ്ങളിലൊന്ന്. നോവലിന്റെ കലയിലെ ഉജ്ജ്വലമായ പെൺമാതൃക. സ്ത്രീയുടെ അമ്പരപ്പിക്കുന്ന ആന്തരലോകങ്ങളും തിരയടിച്ചാർക്കുന്ന സങ്കടക്കടലുകളും പൊള്ളിത്തിളയ്ക്കുന്ന ആസക്തികളും കത്തിപ്പടരുന്ന കാമനകളും കൊണ്ടെഴുതിയ, സങ്കീർത്തനം പോലെ ഭാവമൂർച്ചയുള്ള ജീവിതാഖ്യാനം.

1930 കൾ തൊട്ടുള്ള നാലുപതിറ്റാണ്ടാണ് 'വിലാപ്പുറ'ങ്ങളിലെ പ്രത്യക്ഷകഥാകാലം. ഏഴുപതിറ്റാണ്ട് പരോക്ഷകഥാകാലവും. തൃശൂർ നഗരത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ജീവിതകഥ, ഒറ്റയ്ക്കും തെറ്റയ്ക്കും പെരുമാറുന്ന ഒരുപാടു മനുഷ്യരുടെ അനുഭവങ്ങളിലൂടെ രേഖപ്പെടുത്തുന്ന, നോവലായെഴുതപ്പെട്ട ഭാവിതചരിത്രം. ശക്തൻതമ്പുരാൻ ചുറ്റുവഴി നിർമ്മിച്ച കാലം മുതൽതന്നെ തേക്കിൻകാടാണ് തൃശൂരിന്റെ അച്ചുതണ്ട്. കിഴക്കേകോട്ടക്കും പടിഞ്ഞാറേകോട്ടക്കുമിടയിലെ ഇടവഴികളും നടവഴികളും നാട്ടുപാതകളും രാജപാതകളും നിർമ്മിച്ച നഗരത്തിന്റെ ഹസ്തരേഖാശാസ്ത്രം 'വിലാപ്പുറ'ങ്ങളുടെ സാംസ്‌കാരിക ഭൂമിശാസ്ത്രമാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കമാണ് കാലം.

മലഞ്ചരക്കു കച്ചവടം നടത്തി കുടുംബത്തിനു വൻ ആസ്തിയുണ്ടാക്കിയ വല്യപ്പനെയും അപ്പനെയും പിന്തുടർന്ന് വയനാട്ടിൽ ചരക്കെടുക്കാൻ പോയ അന്തോണീസ് തിരിച്ചുവന്നത് പ്രിയനന്ദിനി എന്ന തമ്പ്രാട്ടിച്ചരക്കിനെയും കൊണ്ടായിരുന്നു. അപ്പന്റെ പഴയ വെപ്പാട്ടിയുടെ മകൾ. അതോടെ കുടുംബം തലകീഴ്മറിഞ്ഞു. മറിയയെ പെറ്റ് തമ്പ്രാട്ടിപ്പെണ്ണ് തൂങ്ങിച്ചത്തു. അന്തോണീസ് കണ്ണിലെ കൃഷ്ണമണിപോലെ കാത്ത മറിയ, പതിമൂന്നാം വയസ്സിൽ, ഡ്രൈവിങ് പഠിക്കാൻ എവിടെനിന്നോ ഒളിച്ചോടിവന്ന പീറ്ററിന്റെ കുഞ്ഞിനെ വയറ്റിൽ പേറിയതോടെ അയാളുടെ കച്ചവടവും ജീവിതവും പിന്നെയും തകിടംമറിഞ്ഞു. ഗർഭഛിദ്രം നടത്താൻ സമയം വൈകിയിരുന്നു. പീറ്റർ നാടുംവിട്ടിരുന്നു. അതുകൊണ്ട്, മന്ദനായ കുഞ്ഞപ്പിയുടെ തലയിൽ മകളെ കെട്ടിവച്ച് അന്തോണീസ് തളർന്നുവീണു. ലോകത്തെ മുഴുവൻ അമ്പരപ്പിച്ച് മറിയ തന്റെ ജീവിതം തുടങ്ങി. അവളെ കൊതിക്കാത്തവരും കാമിക്കാത്തവരുമായി നാട്ടിൽ ഒരു പുരുഷനുമുണ്ടായിരുന്നില്ല. അവളെ മനസ്സിലോർത്താണ് ഓരോ ഭർത്താവും ഭാര്യയെ പ്രാപിച്ചിരുന്നത്.

പീറ്ററിനെ കാത്തിരുന്ന മറിയയെ പക്ഷെ, തിരികെവന്ന അയാൾ സ്വീകരിച്ചില്ല. അവനോടുള്ള പകയിൽ മറിയ തനിക്കിഷ്ടപ്പെട്ട മുഴുവൻ പുരുഷന്മാരെയും പ്രാപിച്ചു. വെടിക്കെട്ടുകാരൻ ചാക്കോരു മുതൽ ആരെയും അവൾ കൂടെക്കിടത്തി. കശാപ്പുകടയിൽ കന്നുകാലിമാംസം വിറ്റുണ്ടാക്കിയതിനെക്കാൾ ജനബന്ധം സ്വന്തം ശരീരം വിറ്റ് മറിയ നേടി. ഇരുപതുതവണ പെറ്റു. കാലം മുന്നോട്ടൊഴുകി. കള്ളും ചാരായവും കാമവും കശാപ്പുമായി മറിയ തൃശൂരിന്റെ ഇതിഹാസ നായികയായി. കാട്ടാളൻ പൊറിഞ്ചുവിന്റെയും കൂറ്റൻ, പാണ്ടിജോസുമാരുടെയും നേതൃത്വത്തിൽ കൂറുമുറ്റിയ പുരുഷന്മാർ അവൾക്കു കാവൽനിന്നു. എങ്ങുനിന്നോ ഓടിവന്ന ദയാലു അവളുടെ വിശ്വസ്തനായി.

എസ്തപ്പാനും കൊച്ചുമാത്തുവും പോലുള്ള ബാല്യകാല സുഹൃത്തുക്കൾ മുതൽ കുറുക്കനന്തുവും ചുമ്മാറും വരെയുള്ളവർ മറിയയ്ക്കു ചുറ്റും പ്രദക്ഷിണം വച്ചു. തെറിയുടെ പൂരപ്പാട്ടുപാടി ചന്തയിലെ കച്ചവടക്കാർക്കും ചട്ടമ്പികൾക്കും തീട്ടംകോരികൾക്കും വേശ്യകൾക്കും 'പനങ്കേറി' മറിയ പേടിസ്വപ്നമായി മാറി. പകയും വെറിയും കൊണ്ടു പുകഞ്ഞപ്പോഴും മറിയ നെറിയും നേരും മറന്നില്ല. സദാചാരത്തിന്റെയും കുടുംബമഹിമയുടെയും ചില്ലുമേടകൾ അവൾ നിഷ്‌ക്കരുണം എറിഞ്ഞുടച്ചു. മനസ്സു പറഞ്ഞതു ശരീരം ചെയ്തു. ആസക്തികൾക്കും കാമനകൾക്കും മേൽ അവൾ സ്വാധികാരത്തിന്റെ തീറുവിലയിട്ടു. അപ്പോഴും ഒരു പ്രണയത്തിന്റെ ഏകാന്തതാരകം അവളുടെ സ്വപ്നലോകങ്ങളിൽ കത്തിനിന്നു. ജീവിതം ഒരു ചൂളപോലെ അവളെ എരിച്ചു.
താങ്ങും തണലുമായി നിന്ന കാട്ടാളൻ പൊറിഞ്ചുവിന്റെ പടുമരണം മറിയയെ തളർത്തി. വലംകയ്യറ്റുപോയതുപോലെ അവൾക്കു നൊന്തു. വിമോചനസമരത്തിന് പള്ളിയും കമ്മറ്റിക്കാരും ചേർന്നു കെട്ടിയിറക്കിയ പൂമലക്കൂറ്റന്മർ അവളെ ക്രൂരമായി ബലാൽക്കാരം ചെയ്തു. അമ്മയുടെ ചോരയ്ക്കും കണ്ണീരിനും പകരം വീട്ടിയ മകൻ ജോൺസിനെ അവന്റപ്പൻ പീറ്റർ കാത്തു. ചന്തയിലെ തർക്കത്തിന്റെ പേരിൽ കുറുക്കനന്തുവിനെ ഗുണ്ടകൾ കൊന്നു. മറിയയെ പ്രാപിക്കാൻ ഭ്രാന്തുപിടിച്ചെത്തിയ ഡ്രിൽമാഷിന്റെ കത്തിമുനയിൽ പാണ്ടി ജോസും കൂറ്റൻജോസും കാലപുരിപൂകി. അഴീക്കോടൻ രാഘവന്റെ കൊലയ്ക്കു പകരം വീട്ടാനെത്തിയവർ ജോൺസിനെയും ദയാലുവിനെയും കൊന്നുവീഴ്‌ത്തി. പീറ്ററിന്റെ ഭാര്യയും മക്കളും പിണങ്ങിപ്പോയി. തന്റെ ഇരുപത്തിരണ്ടു മക്കളെയും നോക്കിവളർത്തിയ റോസിമുത്തികൂടി മരിച്ചതോടെ മറിയ ഉള്ളതെല്ലാം വിറ്റുപെറുക്കി അട്ടപ്പാടിക്കു പോയി. കാലമേറെ കഴിഞ്ഞു. മക്കളാരോ പറഞ്ഞ് പീറ്ററിന്റെ മരണവാർത്തയറിഞ്ഞ മറിയ, അയാളുടെ കുഴിമാടത്തിലെത്തുന്നിടത്ത് നോവൽ അവസാനിക്കുന്നു.

മലയാളനോവലിന്റെ ആഖ്യാനപാരമ്പര്യത്തിൽ പലനിലകളിൽ ഇടംപിടിക്കുന്നുണ്ട് വിലാപ്പുറങ്ങൾ; പലനിലകളിൽ ആ പാരമ്പര്യത്തിൽനിന്നു വിട്ടുപോരുമ്പോൾതന്നെ. ബഷീറിന്റെയും പൊറ്റക്കാടിന്റെയും എൻ.പി.യുടെയും ശൈലിയിൽ സ്ഥല, കാലങ്ങളെ പൂരിപ്പിക്കുന്ന ഒറ്റമനുഷ്യരുടെ കാരിക്കേച്ചറുകൾ അസാധാരണമായ ഉൾക്കാഴ്ചയോടെ സൃഷ്ടിച്ചുകൊണ്ടാണ് ലിസി തന്റെ നോവലിന്റെ ഭാവനാഭൂപടം നിവർത്തിയിടുന്നത്. വെടിക്കെട്ടും പുലികളിയും കച്ചവടവും ചട്ടമ്പിത്തരവും ശരീരവ്യാപാരവും വെടിക്കഥയും കശാപ്പും കള്ളുകുടിയും കൊണ്ടു ജീവിതം മഴവില്ലുപോലെ വിടർത്തിയും പടർത്തിയും നിൽക്കുന്ന ഒരുപാടു മനുഷ്യരുടെ സാന്നിധ്യമുണ്ട് 'വിലാപ്പുറ'ങ്ങളിൽ. അഥവാ മതബോധവും കുടുംബപുരാണവും മുതൽ ദേശചരിത്രവും സ്ഥലകഥകളും വരെയുള്ളവ ഭാവനയിൽ ഊടും പാവും നെയ്യുന്നത് പറ്റ മനുഷ്യരിലൂടെയെന്നതിനെക്കാൾ ഒറ്റ മനുഷ്യരിലൂടെയാണ്. ഓരോ വ്യക്തിയും ഓരോ മനുഷ്യാവസ്ഥയുടെ പ്രതിനിധാനവും പ്രചരണവും സ്വയം ഏറ്റെടുക്കുന്ന നാട്ടുചരിത്രത്തിന്റെ വാമൊഴിപാഠങ്ങളിലൂടെ.

ഇരട്ടപ്പേരുകളുടെ പെരുക്കപ്പട്ടികയാണ് 'വിലാപ്പുറ'ങ്ങളിലുടനീളം. പനങ്കേറി മറിയയും വെടിക്കെട്ടു ചാക്കോരുവും കാട്ടാളൻ പൊറിഞ്ചുവും കൂറ്റൻ ജോസും പാണ്ടിജോസും കരിമ്പുലി വാസുവും വിക്കൻ വർഗീസും കുറുക്കനന്തുവും കുഞ്ഞാറ്റകുഞ്ഞപ്പിയും എരുമന്തോണിയും ചപ്ലിജോണിയും റിക്ഷാജോർജും കല്യാണമാത്തിരിയും കൂട്ടാൻ രമണിയും ചോത്തി മേറിയും വഴുതനങ്ങാരമണിയുമൊക്കെ തൃശൂരിന്റെ ഭൂതകാലത്തിന്റെ ഉടമകളാണ്. ഇവരുടെയൊക്കെ അതിസൂക്ഷ്മമായ ജീവിതാഖ്യാനവും അവ പൂരിപ്പിക്കുന്ന കഥനവാക്യങ്ങളും കൊണ്ട് തൃശൂരിന്റെ പൂരപ്പഴമകൾ ലിസി പുനഃസൃഷ്ടിക്കുന്നു.


വെടിക്കെട്ടിന്റെയും പുലികളിയുടെയും മാത്രമല്ല കശാപ്പിന്റെയും വാണിഭച്ചന്തകളുടെയും സംജ്ഞാകോശങ്ങൾതന്നെ രൂപപ്പെടുന്നുണ്ട് ഈ നോവലിൽ. എത്രയെങ്കിലും തന്മയത്വത്തോടെ തൃശൂരിന്റെ നസ്രാണിജീവിതവും ഭാഷാവഴക്കങ്ങളും വ്യക്തിബന്ധങ്ങളും കുടുംബഘടനകളും കാമനാജീവിതങ്ങളും ഒരുനൂറ്റാണ്ടു മുൻപത്തെ ഭൗതികാസ്പദങ്ങളും ജൈവഭൂമിശാസ്ത്രവും 'വിലാപ്പുറങ്ങൾ' പുനഃസൃഷ്ടിക്കുന്നു. അപ്പോഴും അതിരാണിപ്പാടത്തിലും എണ്ണപ്പാടത്തിലും നിന്നുമാത്രമല്ല, ലന്തൻബത്തേരിയിലും കോക്കാഞ്ചിറയിലും നിന്ന് മുന്നോട്ടുപോരുന്ന ദേശസംസ്‌കൃതിയുടെ ആൺ, പെൺ പെരുമകളും കോയ്മകളും കൊണ്ട് 'വിലാപ്പുറങ്ങ'ളുടെ ആഖ്യാനം ചടുലവും മൗലികവുമാകുന്നു.

ഉമ്മാച്ചു മുതൽ ഉമ്പിച്ചി (മരക്കാപ്പിലെ തെയ്യങ്ങൾ-അംബികാസുതൻ മാങ്ങാട്) വരെയുള്ള മലയാളനോവലിലെ നാട്ടുപെൺജീവിതങ്ങളിലൊന്നും കാണാത്തവിധം, ആൺകോയ്മയുടെ സ്ഥാപന, മൂല്യമണ്ഡലങ്ങളെ നിസ്സങ്കോചം വെല്ലുവിളിച്ചുകൊണ്ടാണ് പനങ്കേറി മറിയത്തിന്റെ ആത്മബോധം തിടംവയ്ക്കുന്നത്. പെണ്ണുങ്ങൾ കയറാത്ത കശാപ്പുകടയിലാണ് മറിയ തന്റെ സിംഹാസനം ഉറപ്പിക്കുന്നത്. നസ്രാണികളുടെ കുടുംബചരിത്രങ്ങളും നഗരത്തിന്റെ സാമൂഹികചരിത്രങ്ങളും കൂട്ടിയുരുക്കി സാറാജോസഫ് സൃഷ്ടിച്ച മത-രാഷ്ട്രീയ വിമർശനത്തിന്റെ ലോഹക്കൂട്ടല്ല ലിസിയുടേത്. അതേ ചേരുവകൾ തന്നെ മറ്റൊരു കാഴ്ചപ്പാടിലും സൗന്ദര്യത്തിലും കലാവിചാരത്തിലും നോവൽവൽക്കരിക്കുകയാണവർ. ഭൗതികജീവിതത്തിന്റെ ആത്മീയ പ്രതിസന്ധികൾകൊണ്ട് ഒരു പെണ്ണിന്റെയും അവളുടെയെന്നപോലെതന്നെ മുൻ പിൻ തലമുറകളുടെയും ഉഭയജീവിതലോകങ്ങളെ പ്രശ്‌നവൽക്കരിക്കുന്നു, 'വിലാപ്പുറങ്ങൾ'. തുടക്കത്തിൽ പറഞ്ഞതുപോലെ, കന്യാമറിയത്തിനും മഗ്ദലനമറിയത്തിനുമിടയിലുള്ള ജീവിതദൂരങ്ങളത്രയും ഒറ്റയ്ക്കു നടന്നുതീർത്ത ഒരു പെണ്ണിന്റെ കഥതന്നെയാണ് അവളുടെ നാടിന്റെയും കഥയായി മാറുന്നത്. സ്വന്തം ശരീരവും ആത്മാവും കൊണ്ട് ചരിത്രത്തിനും സമൂഹത്തിനും അതിലെ മുഴുവൻ സ്ഥാപന, മൂല്യങ്ങൾക്കും അവയുടെ വലിയ വലിയ പിഴകൾക്കുമെതിരെ സഞ്ചരിക്കുന്നു, മറിയ.

ചരിത്രത്തിന്റെ അടിയൊഴുക്കുകളും മേലടരുകളും കൊണ്ട് ഭാവനയ്ക്കു സൃഷ്ടിച്ചുകൊടുക്കുന്ന വിശ്വാസ്യതയിലും ആധികാരികതയിലും വിലാപ്പുറങ്ങൾ തനതായൊരു ശൈലി രൂപപ്പെടുത്തുന്നുണ്ട്. കാളവണ്ടികളും റിക്ഷാവണ്ടികളും എണ്ണവിളക്കുകളും മൺപാതകളും നിറഞ്ഞ നഗരഭൂപടം മാത്രമല്ല ഇതിനു തെളിവ്. കെ. കരുണാകരന്റെ രാഷ്ട്രീയവളർച്ചയും പടർച്ചയുമാണ് 'വിലാപ്പുറ'ങ്ങളിലെ ചരിത്രധാരയുടെ നട്ടെല്ല്. 1940-കളിൽ തൃശൂരിൽ തൊഴിലാളിസംഘടനാപ്രവർത്തകനായെത്തി '57 മുതൽ പാർലമെന്ററി രംഗത്തു സജീവമായി, അഴീക്കോടൻവധം, അടിയന്തരാവസ്ഥ, നക്‌സലൈറ്റ് മുന്നേറ്റം തുടങ്ങിയ ഘട്ടങ്ങളിൽ രാഷ്ട്രീയ നെറികേടുകളുടെ മൊത്തക്കച്ചവടക്കാരനായി മാറിയ കരുണാകരന്റെ കുടിലവും ജടിലവുമായ രാഷ്ട്രീയജീവിതം 'വിലാപ്പുറ'ങ്ങളുടെ ഭാവനാലോകങ്ങൾക്കടിവരയിടുന്നു. ഒപ്പം, വിമോചനസമരവും മുണ്ടശ്ശേരിയും തീറ്ററപ്പായിയും നവാബ് രാജേന്ദ്രനുമൊക്കെ പകർന്നാടിയ രണ്ടു ദശകത്തിന്റെ രാഷ്ട്രീയ ജീവചരിത്രവും.[BLURB#1-H]നാട്ടുഭാഷയും വാമൊഴിയും ദേശകഥകളും പഴംപുരാണങ്ങളും മിത്തുകളും വെടിക്കഥകളും കൊണ്ടു രൂപപ്പെടുത്തുന്ന 'വിലാപ്പുറ'ങ്ങളുടെ ആഖ്യാനധാരകളിലൊന്ന് ബൈബിളിന്റെ രൂപകസാന്നിധ്യമാണ്. പാപവും പുണ്യവും തമ്മിലുള്ള ഭേദവും വൈരുധ്യവും സ്വന്തം ജീവിതത്തിന്റെ തുലാസിൽ തൂക്കിനോക്കുന്നു, മറിയ. പാപത്തിന്റെ ശമ്പളം മരണമാണെന്നവൾക്കറിയാഞ്ഞല്ല. പക്ഷെ തന്റെമേൽ വിധിയെഴുതാൻ വന്ന സമൂഹത്തെയും വ്യക്തികളെയും അവരുടെതന്നെ പാപങ്ങളുടെ കണ്ണാടിക്കാഴ്ചകൊണ്ടു നിരായുധരാക്കുന്നു, മറിയ. അവളുടെ ഗർഭധാരണത്തിലും പീറ്ററിന്റെ ഒളിച്ചോട്ടത്തിലും തിരിച്ചുവരവിലും മാത്രമല്ല, മറിയ-പീറ്റർ-ജോൺസ് ബന്ധത്തിൽപോലും ബൈബിൾകഥകളുടെ ആദിരൂപകല്പനകൾ തിരയടിക്കുന്നുണ്ട്. വിമോചനസമരത്തിൽ കമ്യൂണിസ്റ്റ് സർക്കാരിന്റെ വെടിയേറ്റു മരിച്ച ഫ്‌ളോറിയുടെ ഭർത്താവിൽ മാത്രമല്ല, മകന്റെയും മകനെക്കാൾ തന്നെ സ്‌നേഹിച്ച ഒന്നിലധികം പേരുടെയും ജഡം മടിയിലേറ്റുവാങ്ങുന്ന മറിയയിലും പിയാത്തയുടെ ആവർത്തനമുണ്ട്. ഉല്പത്തിപുസ്തകത്തിന്റെ പാപബിംബങ്ങൾ മുതൽ സങ്കീർത്തനത്തിന്റെ പ്രണയാതിരേകങ്ങളും വെളിപാടുപുസ്തകത്തിന്റെ ഭ്രമകല്പനകളും വരെയുള്ളവ 'വിലാപ്പുറ'ങ്ങളുടെ ഭാവലോകം പൂർത്തീകരിക്കുന്നു.

നോവലിൽനിന്ന്:-

കന്നിപ്പുലികൾ
'പുലിക്കൊട്ടും പനതേങ്ങേം.......
ഡങ്കട ഡങ്കടക്കാ.... ഡങ്കം....ഡങ്കടാ.
ഡങ്കട ഡങ്കടങ്കാ..... ഡങ്കം.....
ദേഹം മുഴുവൻ പല നിറത്തിലുള്ള ചായം തേച്ച പുലികൾ വിക്കൻ വർഗീസിന്റെ തട്ടിൻപുറത്തുനിന്നും മരക്കോണിയിളകി വീഴും വിധത്തിൽ തുള്ളിക്കളിച്ച് ഇറങ്ങിവന്നു.
കൊട്ടു മുറുകി.
ഡങ്കട ഡങ്കടക്കാ .... ഡങ്കം .... ഡങ്കടാ....
തലേന്നു രാത്രി തുടങ്ങിയ ചായമടിയാണ്.
അമ്പട്ടൻ ഗോപാലൻ രോമം വടിച്ചിറക്കിയ ശരീരങ്ങളിൽ, പെയിന്റർ കൊച്ചുമാണിയും കൂട്ടരും തങ്ങളുടെ കരവിരുതു തെളിയിച്ചുകൊണ്ടിരുന്നു. ഇപ്രാവശ്യവും നല്ല കുടവയറന്മാരെ നോക്കിയാണ് പുലികളായി എടുത്തിരിക്കുന്നത്. വയറുകളിൽ സിംഹത്തലകളും കടുവാത്തലകളും തെളിഞ്ഞുവന്നു. കുമ്പകുലക്കി കളിക്കുമ്പോൾ അവയെല്ലാം ജീവനുള്ളതുപോലെ ഗർജിച്ചു.
കൊട്ടുവടിയും താറാമുട്ട പുഴങ്ങിയതുമാണ് പ്രധാന ഊർജ സ്രോതസ്സ്. പൊറോട്ടയും ചാപ്‌സ്‌കറിയും കൂട്ടത്തിൽ തട്ടിവിടുന്നുണ്ടെങ്കിലും പുലികൾക്കു പ്രിയം കൊട്ടുവടിതന്നെ. കിർണിയുടെ കൊട്ടുവടി പ്രസിദ്ധമാണ്. ചുമ്മാ നിലത്തൊഴിച്ച് തീപ്പെട്ടിയുരച്ചാൽ കത്ത്ണ സൊയമ്പൻ സാധനം!
മറ്റുള്ളവർ സോഡ ചേർത്ത് കഴിക്കുന്നത് പാണ്ടിജോസും ചുമ്മാരും വെള്ളം പോലും ചേർക്കാതെ വിഴുങ്ങിക്കൊണ്ടിരുന്നു.
പൊളിച്ച താറാമുട്ടപ്പാത്രം നീട്ടി കൺവീനർ കണാരൻ ചുമ്മാരെ നോക്കി പ്‌രാകി.
'ഈ താറാമൊട്ടയെങ്കിലും വിഴുങ്ങ്ടാ ശവി....'
'നിന്റമ്മേ കെട്ടിച്ച വകയിലുണ്ടായതല്ലേ ഞാൻ.... നെന്റൊരു ശങ്കടം.'
താറാമുട്ട വാങ്ങി വിഴുങ്ങിക്കൊണ്ട് ചുമ്മാരു പറഞ്ഞു.
പാണ്ടിജോസും ഒരു താറാമുട്ടയെടുത്തു. 'കഴിഞ്ഞ കളിക്കെടേല് കിട്ടിയ നോട്ടുമാല അടിച്ചുമാറ്റിയോനല്ലേടാ തെണ്ടി നീ....'
മുട്ട തിന്നുന്നതിനിടയിൽ പാണ്ടി ജോസ് കണാരനോട് തട്ടികയറി.
'ജോസേട്ടൻ അതുമാത്രം പറയരുത്....' കണാരൻ ഉരണ്ടു.
'ഞാനത് ചുമ്മാര്‌ടെ കഴുത്തീന് ഊരീന്നുള്ളത് ശരിതന്നെ. തെരക്കിനെടേല് സംഘാടകരിലാരോ അതെന്റെ കൈയീന്ന് മേടിച്ചു. പതിവില്ലാതെ ഞാനന്ന് നല്ലോണം മിനുങ്ങീർന്നല്ലോ.... അതാര്‌ടെ കയ്യിലാ കൊടത്തെന്ന് എനിക്കങ്ങ്ട്ട് ഓർമ വര്ണില്യ ... ഇപ്രാവിശ്യം....'
കൈയിലിരിക്കണ കറുത്ത ബാഗ് തൊട്ട് കണാരൻ സത്യം ചെയ്തു.
'ദാ.... ഈ ബാഗാണേ.... ന്റെ കെട്ട്യോളാണേ.... നോട്ടുമാല ഞാൻ സൂക്ഷിക്കും.'
'നീ കൊറേ ഒലത്തും......!'
കണാരന്റെ സത്യപ്രസ്താവനയിലേക്ക് കൈ രണ്ടും പ്രത്യേകരീതിയിൽ നീട്ടിക്കാണിച്ച് പാണ്ടിജോസ് തൊള്ളയിട്ടു.
കെട്ട്യോളെ പിടിച്ച് സത്യം ചെയ്യുന്നോടാ ..... നല്ല എരീം പുളീം ഒള്ള ഒരെണ്ണത്തിനെ കയ്യി കിട്ടിപ്പോ അവനൊറ്റയ്ക്ക് കീച്ചണം. അവന്റെ കെട്ട്യോളാണ്‌ത്രെ! ഏതു പള്ളീലുവച്ചാടാ ശവീ നീയവളെ കെട്ടീത്?
'യ്യോ ... ഞങ്ങക്ക് അങ്ങനെയൊന്നും വേണ്ട്‌ന്നെ... ഏതേലും അമ്പലത്തി മുന്നിവച്ച് മാലയിട്ടാ മതി.'
പാണ്ടിജോസിന് ഇളകി വന്നു.
'ഞങ്ങളൊരുമിച്ച് പൊക്കീതാ ആ മൊതലിനെ ..... ന്നിട്ട് അവനൊറ്റയ്ക്ക് വേണം. ആരേം തൊടീയ്ക്കില്ലെന്ന്....'
ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന കൊട്ടുവടി കണാരന്റെ മുഖത്തൊഴിച്ചിട്ടും പാണ്ടിജോസ് അടങ്ങിയില്ല. ഒന്നു തൊഴിച്ചാലേ സമാധാനം കിട്ടു...
'മൈരേ...വച്ചിട്ടുണ്ട് നെനക്ക് ഞാൻ.' കലി മാറാതെ ജോസ് പറഞ്ഞു.
'ഓ..... ഈ തെറിപറച്ചിൽ ഒന്നു നിർത്താമോ സഹോദരങ്ങളേ.... ഞാനൊരു വിശ്വാസി കൂട്ടത്തിലുള്ളത് മറന്നുപോയോ?
ഉപദേശി ഡേവീഡിനു മനം പുരട്ടി.

വിക്കൻവർഗീസിന്റെ പീടികയുടെ താഴത്തെ മൂലയിൽ ഒറ്റ മിഷ്‌നിട്ടു തയ്യൽ നടത്തുന്ന ഉപദേശി ഡേവീഡ് വീട്ടിലെ പട്ടിണിയോർത്താണ് പുലികൾക്കു ചായമടിക്കാൻ കൊച്ചുമാണിയോടൊപ്പം കൂടീത്.
'ചിത്രപ്പണികളൊന്നും വേണ്ട... ഡേവിഡേട്ടൻ ബേസിട്ട് തന്നാമതി.' കൊച്ചുമാണി പറഞ്ഞതോണ്ട് വന്നതാണ്.
കരിമ്പുലി വാസുവിന്റെ ദേഹത്ത് ചായമടിച്ചുകൊണ്ടിരുന്ന ഡേവീഡിനു നേരെയായി അതുവരെ മിണ്ടാതിരുന്ന കുറക്കനന്തു.
'ഡാ...... നായിന്റെ മോനേ .... നത്തേ... നീ എന്നുമുതലാടാ ഉപദേശിയായത്? നെന്റെ ഭാര്യേടെ അനീത്തിനെ ആപ്പുവച്ച് അതിനു വയറ്റിലുണ്ടാക്കി, അതാപൊളിക്കിച്ചി തള്ളേക്കൊണ്ട് കലക്കിക്കളയിച്ചിട്ട് അവനിപ്പോ മാനസാന്തരം വന്ന് സഹോദരൻ. കു....കു....'
തെറി മുഴുമിക്കും മുൻപേ കുറക്കനന്തു ഉപദേശിയെ ചവിട്ടി.
കുറുക്കനന്തുവിന്റെ സ്വഭാവത്തിനു ചവിട്ട് എപ്പോ വേണമെങ്കിലും പ്രതീക്ഷിച്ചതുകൊണ്ടാകാം, ഉപദേശി ഒഴിഞ്ഞുമാറി.
'തെറി കേട്ടാ അവനിപ്പോ മനം പൊരട്ടുത്രേ....'
പാളിപ്പോയ തൊഴിയുടെ ഈണത്തിൽ അടുത്തുള്ള കസേരയിലേക്ക് വീണ കുറുക്കനന്തു പുലമ്പി.
'ഞങ്ങളൊന്നും അനീത്തിക്കുട്ട്യോളെ തൊട്ണ നാറികളല്ലെടാ.....'
കുറുക്കനന്തു മെലിഞ്ഞാട്ടാണ്.

താടിം മീശേം വളർത്തിയിരിക്കുന്നു. രണ്ടും വടിക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ചായമിടാറില്ല. എങ്കിലും പുലികളുടെ കൂട്ടത്തിൽ മുണ്ടും ഷർട്ടുമണിഞ്ഞ് അവർക്ക് ആവേശം പകർന്ന് ഇടയ്ക്ക് ഓരിയിട്ട് കളി നടത്തും.

അവന്റെ വയറിൽ ഒരു കൂർത്ത മോന്തയുള്ള കുറുക്കനെ വരയ്‌ക്കേണ്ടതായിരുന്നു. ഉപദേശി ക്ഷമിച്ചു. പണ്ടായിരുന്നെങ്കിൽ തിരിച്ച് തെറി പറയാനും കുറുക്കന്റെ ചതിക്കഥകൾ വിളിമ്പാനും ഒരു തല്ലുണ്ടാക്കാനും ഉള്ള അവസരങ്ങൾ പാഴാക്കാറില്ല. ഇപ്പോൾ ഭാഷാവരം കിട്ടിയതുകൊണ്ട് ഉപദേശി ഡേവീഡ് ക്ഷമിച്ചു.
ഉപദേശി ഡേവീഡിന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഒരു അലകും പിടിയും വന്നുവെന്നാണ് നാട്ടാരുടെ പറച്ചിൽ.
'...ന്നാലും അവന്റെ അച്ചടിഭാഷ കേൾക്കുമ്പോ.... നിക്ക് കാലിന്റടീന്ന് ചൊറിഞ്ഞു വരും. കാശിന് ആർത്തീണ്ടെങ്കിലും അവൻ നല്ലൊരു ടെയ്‌ലറാ .....ട്ടോ. അവന്റെ ഷർട്ടടി കിണ്ണംകാച്യല്ലേ?
പൈലിയുടെ കുമ്പവയറിന് സിംഹവാലൻകുരങ്ങിനെ വരച്ചുപിടിപ്പിക്കുന്ന തിരക്കിലായിരുന്നു കൊച്ചുമാണി. ഈ വക അങ്കങ്ങൾ കാണാനോ കേൾക്കാനോ ആശാന് നേരമില്ല.
'കുറുക്കനന്തു ആളു ഡീസന്റാട്ടോ....' കൊച്ചുമാണിയുടെ സഹായി കീടൻ കാച്ചി ശബ്ദം താഴ്‌ത്തി പറഞ്ഞു.
'അനിയത്തിക്കുട്ട്യോളെ തൊടില്ല. ഭാര്യേടെ ചേച്ചീനെ വച്ചോണ്ടിരിക്കാനാ അവനിഷ്ടം.'
കൊച്ചുമാണി ആ കമന്റും ശ്രദ്ധിച്ചില്ല. ശ്രദ്ധ പെയിന്റെിങ്ങിൽ മാത്രമാണ്. സിംഹഗർജനങ്ങൾക്കും കടുവകളുടെ മുരൾച്ചയ്ക്കുമിടയ്ക്ക് കരിംപുലികളും വരയൻപുലികളും പുള്ളിപ്പുലികളും നിറഞ്ഞു. കൂട്ടത്തിൽ തമാശപുലിയാണ് പൈലിപ്പുലി. അതോണ്ട്തന്നെ അവന്റെ വയറിൽ കുരങ്ങന്മോന്ത തന്ന്യാവ്‌ട്ടെ.
ഒരു തുള്ളി അകത്തു ചെന്നാ പൈലിപ്പുലിയുടെ കോമാളിത്തരവും കൂടും. ചായം തേച്ചു കഴിഞ്ഞ പുലികൾ താഴെ വാഴയില വെട്ടി വിരിച്ചതിൽ മലർന്നടിച്ച് ഉറക്കത്തിലാണ്. അവരുടെ കുമ്പകളിലെ പുലിത്തലകളും ഗീർ..... ഗീർ..... ശബ്ദത്തോടെ കൂർക്കംവലിയിലാണ്.
ആന്റപ്പന്റെ പെങ്ങൾ മെക്കട്ടുമേറീടെ മോനാണ് ഇപ്രാവശ്യം അരങ്ങേറ്റം കുറിക്കുന്ന കന്നിപ്പുലി. മഞ്ഞയിൽ കറുത്ത പുള്ളികളിട്ട് ചെറുപ്പത്തിന്റെ തെളപ്പും മിനുപ്പുമുള്ള പയ്യൻസ്പുലിയുടെ ചുവടുവെപ്പിനും നല്ല ശേലുണ്ട്. ആന്റപ്പനും ഇപ്രാവിശ്യം വേഷമിട്ടിട്ടുണ്ട്.
ആന്റപ്പന്റെ വെള്ളിനിറത്തിനിടയ്ക്ക് കറുത്ത കരടിത്തല വരച്ചുകഴിഞ്ഞപ്പോ ആശ്വാസത്തോടെ കൊച്ചുമാണി അടുത്തിരിക്കുന്നവന്റെ ഗ്ലാസിൽ നിന്നും ഒരുസിപ്പെടുത്തു.
'....പ്രാശ്യം....രാ....പെമ്പുളി?'
തൂവെള്ളമുണ്ടും കൈനീളൻ ഷർട്ടുമിട്ട് വായ്‌ക്കോണിലൂടെ വെള്ളമൊലിപ്പിച്ച് ഗബ്രിയേലിന്റനിയൻ കുഞ്ഞാപ്പി എന്ന കുഞ്ഞാറ്റ മരക്കോണി കയറി വന്നു'.

വിലാപ്പുറങ്ങൾ
ലിസി
മാതൃഭൂമി ബുക്‌സ്, 2014
250 രൂപ