തിരുവനന്തപുരം: വെള്ളറടയിൽ സാംകുട്ടി വില്ലേജ് ഓഫീസിനു തീവയ്ക്കുകയും ചെമ്പനോടയിൽ ജോയി എന്ന കർഷകൻ ജീവനൊടുക്കുകയും ചെയ്തതിനു പിന്നാലെ കണ്ണു തുറന്ന് സർക്കാർ. യാതൊരുകാരണവശാലും വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസുകളിൽ അപേക്ഷകർ രണ്ടുപ്രാവശ്യത്തിൽ കൂടുതൽ വരാൻ ഇടയാക്കരുതെന്നാണ് സർക്കാർ ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. മറിച്ചു പരാതിയുണ്ടാകുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേയും ചുമതലയുള്ള തഹസിൽദാർക്കെതിരേയും കർശന നടപടിയെടുക്കും.

ഇതോടെ വരുമാന സർട്ടിഫിക്കറ്റ് മുതൽ നൽപതോളം സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട ഗതികേട് ഒഴിവാകുമെന്ന പ്രതീക്ഷയിലാണു പൊതുജനം. വിദ്യാർത്ഥികൾക്കും രോഗികൾക്കും വരെ സർട്ടിഫിക്കറ്റുകൾ കിട്ടാൻ കൈക്കൂലി കൊടുക്കേണ്ട ഗതികേടിനും ഇതോടെ പരിഹാരമായേക്കും.

എല്ലാ താലൂക്കിലും വില്ലേജ് ഓഫീസുകളെ സംബന്ധിച്ച പരാതിപ്പെട്ടി സ്ഥാപിക്കും. 15 ദിവസംകൂടുമ്പോൾ പരാതികൾ പരിശോധിച്ച് വില്ലേജ് ഓഫീസർവഴി നടപടി സ്വീകരിക്കും. 1957 ലെ ഭൂസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരാത്ത എല്ലാ ഭൂമിക്കും ഇനമോ തരമോ നോക്കാതെ അടിസ്ഥാന നികുതി കൈവശക്കാരനിൽനിന്നും ഈടാക്കാവുന്നതാണ്. സർവേ ചെയ്തിട്ടില്ലാത്ത ഭൂമിയിൽ ഭൂ നികുതി താൽക്കാലികമായി ഈടാക്കാം.

ഭൂനികുതി അടയ്ക്കാൻ വരുന്നയാളിന്റെ നികുതി നിയമപരമായി സ്വീകരിക്കാൻ കഴിയുന്നതാണെങ്കിൽ അന്നുതന്നെ സ്വീകരിച്ച് രസീത് നൽകേണ്ടതാണ്. അന്നുതന്നെ കഴിഞ്ഞില്ലെങ്കിൽ പിറ്റേന്ന് നികുതി അടച്ച് രസീത് നൽകണം.

നികുതി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തി ഭൂമി കൈവശക്കാരനെ അറിയിച്ച് ആക്ഷേപമുള്ളപക്ഷം തഹസിൽദാർ മുമ്പാകെ അപേക്ഷ നൽകുകയും വേണം. തഹസിൽദാർ ഇക്കാര്യം പരിശോധിച്ചു തുടർനടപടി സ്വീകരിച്ചു വിവരം കക്ഷികളെ അറിയിക്കണമെന്നുമാണ് ലാന്റ് റവന്യൂ കമ്മിഷണറേറ്റിന്റെ നിർദ്ദേശം.