- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപയോഗിച്ച ശേഷം റോഡരുകിലേക്ക് വലിച്ചെറിഞ്ഞ കുപ്പികൾ; ബിയർ കുപ്പികൾ കൊണ്ട് എസ് പി ബി യുടെ രൂപം വരച്ചത് രണ്ടു ദിവസം കൊണ്ട്; റിക്കോർഡ് ബുക്കിൽ ഇടം നേടി തളിപ്പറമ്പുകാരൻ വിമൽ കുമാർ
തളിപ്പറമ്പ്:ബിയർ കുപ്പികൾ ഉപയോഗിച്ച് ദക്ഷിണേന്ത്യയിലെ അനുഗ്രഹീത ഗായകൻ എസ്.ബി.ബാലസുബ്രഹ്മണ്യത്തിന്റെ ചിത്രം തീർത്ത യുവകലാകാരൻ ഏഷ്യൻ ബുക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു.
പിലാത്തറ അറത്തിപ്പറമ്പ് സ്വദേശി പി.വി.വിമൽ കുമാറാണ് 'കുപ്പി വര' യിലൂടെ ഇരട്ട റെക്കോർഡുകൾ സ്വന്തമാക്കിയ യുവപ്രതിഭ. ഏഷ്യൻ ബുക് ഓഫ് റെക്കോർഡ്സിനു പുറമെ, ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സിലും ഈ കലാസൃഷ്ടി ഇടം നേടി.
ഉപയോഗിച്ച ശേഷം റോഡരുകിലേക്ക് വലിച്ചെറിഞ്ഞതും, പലരും നൽകിയതുമായ ബിയർ കുപ്പികളിലാണ് എസ്പി.ബി.യുടെ രൂപം തെളിഞ്ഞത്.1136 ബിയർ കുപ്പികൾ തലകീഴായി പെറുക്കി വച്ചാണ്, അതുപയോഗിച്ച് 14 അടി നീളത്തിലും 10 അടി വീതിയിലുമുള്ള കൂറ്റൻ ചിത്രം തീർത്തത്.
ചിത്രരചനയിൽ യാതൊരു വിധ പരിശീലനവും ലഭിക്കാത്ത വിമൽ കുമാർ, ജന്മസിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തിയാണ് ഈ രംഗത്ത് നേട്ടം കൊയ്തത്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ ചിത്രങ്ങൾ വരക്കാറുള്ള വിമൽ കുമാർ, മുതിർന്നപ്പോൾ വ്യത്യസ്തമായെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് 'കുപ്പി വര' ആരംഭിച്ചത്.
ബിയർ കുപ്പികൾ കഴുകി ഉണക്കിയെടുത്താണ് കലാപ്രവർത്തനങ്ങൾ തുടങ്ങിയത്. രണ്ട് ദിവസം മുഴുവനെടുത്താണ് എസ്പി.ബാലസുബ്രഹ്മണ്യത്തിന്റെ ചിത്രം പൂർത്തിയാക്കിയത്. നേരത്തെ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 200 ഓളം പേരുടെ പോട്രെയ്റ്റുകൾ ഈ യുവ കലാ കാരൻ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ കാലത്ത് കണ്ണൂർ ജില്ലയിൽ മത്സരിച്ച 12 ഓളം പേരുടെ ചിത്രങ്ങൾ ഒരൊറ്റ കുപ്പിയിൽ വരച്ച് ശ്രദ്ധ നേടി.
ചിത്രരചനയിലും മ്യൂറൽ പെയ്ന്റിംഗിലും കഴിവ് തെളിയിച്ച ഈ യുവാവ് നിർമ്മാണ തൊഴിലാളിയാണ്. വിമൽ കുമാറിന്റെ സഹോദരൻ പി.വി.വിനീഷ് മജീഷ്യനാണ്. അറത്തിപ്പറമ്പിലെ ഇ.കെ.ഗോവിന്ദൻ - പി.വി. രുഗ്മിണി ദമ്പതികളുടെ മകനായ വിമൽ കുമാർ പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണിപ്പോൾ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്