- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നിന്ന് എല്ലാത്തരം ലഹരി വസ്തുക്കളേയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി; കോടികൾ വാരി എറിഞ്ഞിട്ടും എക്‌സൈസ് കേസുകൾക്ക് കുറവില്ല; ഖജനാവ് കൊള്ളയടിക്കുന്ന മറ്റൊരു വെള്ളാനയായി 'വിമുക്തിയും'
തിരുവനന്തപുരം: ഒരു വശത്ത് ശമ്പളമില്ലാതെ കെ എസ് ആർ ടി സി ജീവനക്കാർ മറുവശത്ത് കെ എസ് ആർ ടി സി ബസിൽ മുഖ്യമന്ത്രിയുടെ പരസ്യം ഉൾപ്പെടെ വിമുക്തിക്കായി കഴിഞ്ഞ നാല് വർഷം ചെലവഴിച്ചത് 33.98 കോടി രൂപയാണ്. മദ്യം , മയക്കുമരുന്ന്, ലഹരി വസ്തുക്കൾ എന്നിവക്കെതിരെ ജനങ്ങളിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ലഹരി വിരുദ്ധപരിപാടിയാണ് വിമുക്തി.
കേരളത്തിൽ നിന്ന് എല്ലാത്തരം ലഹരി വസ്തുക്കളേയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണിത്. ആസക്തി രഹിത കേരളമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് വേണ്ടി കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം വർദ്ധിക്കുന്നു എന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
സ്‌ക്കൂൾ, കോളേജ് പരിസരത്തിൽ ലഹരി പദാർത്ഥങ്ങൾ വില്പന നടത്തിയതിന് 2021 ൽ മാത്രം 74604 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022 ഫെബ്രുവരി മാസത്തിൽ മാത്രം 7984 കേസുകളിലായി 2003 കിലോഗ്രാം നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 29 ബാറുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 664 ബാറുകളാണ് പ്രവർത്തിക്കുന്നത്.
ബാറുകളേക്കാൾ ഉപരി ലഹരി മരുന്ന് വസ്തുക്കൾ സുലഭമായി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ല. ആസക്തി രഹിത കേരളം സൃഷ്ടിക്കാനായി തുടങ്ങിയ വിമുക്തി പദ്ധതി പൂർണ പരാജയമാണന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിമുക്തിയുടെ ജില്ലാ ഓഫിസുകളിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളാണെന്ന ആരോപണവും ഉയരുന്നു.
കെ എസ് ആർ ടി സി ബസിലെ മുഖ്യമന്ത്രിയുടെ പരസ്യം കണ്ട് ആരും ലഹരിമുക്തരാകില്ല എന്ന അടിസ്ഥാന ബോധം പദ്ധതിയുടെ നടത്തിപ്പ് കാർക്കില്ലാതെ പോയി. മുഖ്യമന്ത്രിയുടെ വിമുക്തി പരസ്യം വച്ച് ശമ്പളം കിട്ടാതെ ബസ് ഓടിക്കുകയാണ് സംസ്ഥാനത്തെ ഹതഭാഗ്യരായ കെ.എസ്.ആർ.ടി.സി. ജീവനക്കാർ. ശരിയായ രീതിയിൽ പദ്ധതികൾ നടപ്പിലാക്കാത്ത, ദിശാബോധം ഇല്ലാത്ത ഭരണവർഗങ്ങൾ ജനങ്ങളുടെ നികുതി പണം ഒഴുക്കി കളയുന്നതിന്റെ മകുടോദാഹരണമാണ് വിമുക്തി പദ്ധതി.
പദ്ധതിക്കു വേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്. സാമ്പത്തിക വർഷം, തുക എന്ന ക്രമത്തിൽ
2018- 19 -10 കോടി
2019-20 - 8.04 കോടി
2020-21 - 11.15 കോടി
2021-22 - 4.79 കോടി