തിരുവനന്തപുരം: കഴിഞ്ഞ മാസമാണ് മകന്റെ തിരോധാനത്തിൽ വർഷങ്ങൾ കഴിഞ്ഞും ഒരു വഴിത്തിരിവില്ലാത്തതിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തത്.ഇതിന് പിന്നാലെ രാഹുലുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിൽ വീണ്ടും ഇടംപിടിച്ചിരുന്നു.വാർത്ത ശ്രദ്ധയിൽ പെട്ടതിന് ശേഷം മുംബൈ സ്വദേശിനിയായ സ്ത്രീ രാഹുലിനോട് സാദൃശ്യം തോന്നുന്ന ഒരു കുട്ടിയെ കണ്ടെന്നുവിവരിച്ച് രാഹുലിന്റെ അമ്മയ്ക്ക് കത്തെഴുതിയിരുന്നു. കത്തിനൊപ്പം കുട്ടിയുടെ കുറച്ച് പടങ്ങളും അയച്ചിരുന്നു.

അച്ഛനെ തേടി മുംബൈയിലെത്തിയ വിനയ് എന്ന കുട്ടിയുടെ പടമാണ് വസുന്ധര ആലപ്പുഴയിലെ വീട്ടിലേക്ക് അയച്ചത്.എന്നാൽ കുറച്ച് നാൾകൾ മുമ്പ് നെടുമ്പാശ്ശേരിയിലെ സിവിൽ പൊലീസ് ഓഫീസർ ബിനു വിനയ് എന്നുപേരുള്ള ഒരു കുട്ടി അച്ഛനെയും അമ്മയെയും തേടുന്നുവെന്ന് കാണിച്ച് ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു.അത്തരത്തിൽ നേരത്തെ തന്നെ മാധ്യമശ്രദ്ധ നേടിയ കുട്ടിയായിരുന്നു വിനയ്.ഈ വിനയിയെയാണ് രാഹുലിനോട് സാമ്യമുണ്ടെന്ന് പറഞ്ഞ് കത്തും ഫോട്ടോയും ലഭിച്ചത്.സംഭവം വീണ്ടും മാധ്യമങ്ങളിൽ ശ്രദ്ധനേടിയതോടെ വിഷയത്തിൽ മറുനാടനോട് മനസ്സുതുറക്കുകയാണ് വിനയ്.

ആ അമ്മയുടെ വിഷമം എനിക്ക് മനസിലാകും.. പക്ഷെ ആ കുട്ടി ഞാനല്ല.. ഞാൻ വിനയ് ആണെന്നാണ് വിനയിയുടെ പ്രതികരണം.ആ അമ്മയുടെ മകൻ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും അ മകനെ ഉടനെ തന്നെ അമ്മയ്ക്ക് ലഭിക്കട്ടെയെന്നും വിനയ് ആശംസിക്കുന്നതായും പ്രാർത്ഥിക്കുന്നതായും വിനയ് മറുനാടനോട് പറഞ്ഞു..

വിനയിയുടെ വാക്കുകൾ.. കൂട്ടുകാർ ഷെയർ ചെയ്താണ് ഞാൻ ഈ സംഭവം അറിയുന്നത്.അ അമ്മയ്ക്ക് മകനെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ പറ്റിയ മിസ്റ്റെക്ക് ആവാം..അവർ എന്റെ അച്ഛനും അമ്മയും അല്ല എന്ന് എനിക്ക് ഉറപ്പുണ്ട്.എന്നെ നോക്കുന്ന ബിനു സാർ, എന്റെ അച്ഛനെയും അമ്മയെയും കുറിച്ചുള്ള വിവരങ്ങൾ എല്ലാം ശേഖരിച്ച് വച്ചിട്ടുണ്ട്.ഉടനെ തന്നെ എനിക്കൊരു സന്തോഷ വാർത്ത തരുമെന്നും സർ പറഞ്ഞിട്ടുണ്ട്.എന്റെ അച്ഛനെയും അമ്മയെയും കണ്ട് കിട്ടുകയാണെങ്കിൽ അത് എനിക്കും വളരെ സന്തോഷമാണ്.

ഈ കത്തും വാർത്തയും പുറത്ത് വന്നതോടെ എനിക്ക് വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എന്റെ ചിത്രങ്ങളൊക്കെ പുറത്ത് വന്നപ്പോ കുറേപ്പേർ വിളിച്ചിട്ട് ഞാനാണോ രാഹുൽ എന്നു ചോദിച്ചു.അപ്പൊ ഞാൻ തന്നെ വല്ലാണ്ടായി.എന്റെ പേര് വിനയ് എന്നു തന്നെയാണ്.അമ്മയുടെ വിഷമം എനിക്ക് മനസിലാകും.17 കൊല്ലം കാത്തിരുന്നിട്ട് ഒരു മകൻ ജീവിച്ചിരിപ്പുണ്ട് എന്ന വാർത്ത കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാകും.പക്ഷെ ഞാൻ അല്ല അത്.. അമ്മയുടെ മകൻ എവിടയോ ഉണ്ട്.എന്തായാലും എത്രയും പെട്ടന്ന് മകനെ അമ്മയ്ക്ക് തിരിച്ചു ലഭിക്കട്ടെയെന്ന് ഞാൻ ദൈവത്തിന്റെയടുത്ത് പ്രാർത്ഥിക്കുന്നു.

പൊലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അന്വേഷണവും ഒന്നും ഉണ്ടായിട്ടില്ല.പക്ഷെ കുറെ പരിചയക്കാർ വിളിച്ചിരുന്നു എന്താ ഇതിന്റെ സത്യാവസ്ഥ എന്നു ചോദിച്ചിട്ട്.അപ്പോ ഞാൻ അവരോടൊക്കെ പറഞ്ഞത് എന്റെ അച്ഛനെയും അമ്മയെയും കണ്ടുകിട്ടിയിട്ടില്ല. ഉടനെത്തന്നെ കിട്ടുമെന്നാണ്.എന്റെ ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിൽ ഞാൻ ഇത് സംബന്ധിച്ച് സ്റ്റോറി ഇട്ടിരുന്നു.ഇത് ഷെയർ ചെയ്യാൻ പാടില്ല..ഇത് എന്റെ കുടുംബം അല്ലെന്ന് പറഞ്ഞ്.കുറപേർക്ക് ഒക്കെ അങ്ങിനെ കാര്യം ബോധ്യമായി.പിന്നെ ഞാൻ എന്താ പറയാ.. എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെയെന്നും വിനയ് പ്രതികരിച്ചു.

തന്റെ ബന്ധുക്കളെയൊക്ക തനിക്കറിയാമെന്നും അമ്മയുടെ ബന്ധുക്കളൊക്കെ ഒറ്റപ്പാലം സ്വദേശികളാണെന്നും വിനയ് പറയുന്നു.തനിക്ക് എല്ലാവരോടും ഒരു അഭ്യർത്ഥനയെ ഉള്ളു.. എല്ലാവരെയും സഹായിക്കണം.. പക്ഷെ ഇത്തരമൊരു കാര്യം പങ്കുവെക്കുമ്പോൾ അത് ശരിക്കും ശ്രദ്ധിച്ചു ശരിയെന്ന് ഉറപ്പ് വരുത്തി മാത്രമെ ചെയ്യാവു.അല്ലെങ്കിൽ അത് വല്ലാത്ത സങ്കടമാണ് ഞാനാണോ രാഹുൽ എന്ന് ചോദിച്ചൊക്കെ വിളിക്കുമ്പോൾ സങ്കടമാകും.കാരണം അങ്ങിനെ ചെയ്യുമ്പോൾ ഒരാളുടെ രൂപം തന്നെ മാറുകയല്ലെ..അത് വല്ലാത്ത അവസ്ഥയാണെന്നും വിനയ് പറഞ്ഞു നിർത്തുന്നു.

പാലാരിവട്ടം വെസ്റ്റ്‌ഫോർട്ട് ഇൻസ്റ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയിൽ ബിഎസ്‌സി അനിമേഷൻ വിഎഫ്എക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് വിനയ്.നടനാവണമെന്നാണ് വിനയിയുടെ ആഗ്രഹം.സിജു വിൽസൺ നായകനായ വരയൻ എന്ന ചിത്രത്തിൽ ഇതിനോടകം വിനയ് അഭിനയിച്ചിട്ടുണ്ട്.വിദേശത്തുള്ള ഒരു വ്യക്തിയുടെ സ്‌പോണസർഷിപ്പിലാണ് വിനയിയുടെ പഠനം ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നുപോകുന്നത്.

കേരളാ പൊലീസിനെയും സിബിഐയെയും കുഴക്കിയ കേസായിരുന്നു ഏഴ് വയസ്സുകാരനായ രാഹുലിന്റെ തിരോധാനം. സംസ്ഥാനമൊട്ടാകെ മാധ്യമങ്ങൾ രാഹുലിന്റെ തിരോധാനം ചർച്ച ചെയ്തു. 19 മാസം പൊലീസും പിന്നീട് സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ യൂണിറ്റുകളും ഒന്നര പതിറ്റാണ്ട് കാലം അന്വേഷിച്ചിട്ടും രാഹുൽ എവിടെ പോയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയതേയില്ല.

ആശ്രാമം വാർഡിലെ വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് എ ആർ രാജുവിന്റെയും മിനിയുടെ മകനായ ഏഴു വയസ്സുകാരൻ രാഹുലിനെ 2005 മെയ്‌ 18നു ദുരൂഹമായി കാണാതായത്. നാടുമുഴുവൻ തിരഞ്ഞിട്ടും രാഹുലിനെ കണ്ടെത്തിയില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് അന്വേഷണം ഫലം കണ്ടില്ല. സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു. എന്നാൽ കുടുംബം പ്രതീക്ഷിച്ച ഫലം കണ്ടില്ല.

കേരളാ പൊലീസ് 19 മാസമാണ് അന്വേഷിച്ചത്. അയൽവാസികളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തു. രാഹുലിനെ കൊലപ്പെടുത്തി മൃതദേഹം ചതുപ്പിലേക്ക് തള്ളിയതായി സമ്മതിച്ച അയൽവാസിയായ മധ്യവയസ്‌കനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ മൃതദേഹം കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെ ആ വഴിയും അടഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തി. സിബിഐയും പൊലീസിന്റെ വഴിയെയാണ് നീങ്ങിയത്. അയൽക്കാർ ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തു. 2006 ഫെബ്രുവരിയിൽ, അയൽവാസിയായ യുവാവിനെയും നേരത്തെ ആരോപണവിധേയനായ വ്യക്തിയെയും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും അനുകൂലമായ ഒന്നും കണ്ടെത്തിയില്ല.

ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഫലമില്ലാതായതോടെ 2013ൽ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചു.