കൊച്ചി: നടിമാർ ഉയർത്തുന്ന മീ ടൂ ആരോപണങ്ങളെയും മലയാളത്തിലെ സൂപ്പർതാരങ്ങൾ വളർത്തുന്ന ഫാൻസ് സംസ്‌ക്കാരത്തെയും തള്ളിപ്പറഞ്ഞ് നടൻ വിനായകൻ. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഫാൻസുകാരെ പൊട്ടന്മാരെന്ന് വിളിച്ചു കൊണ്ടാണ് വിനായകൻ തുറന്നടിച്ചത്. 'ഒരുത്തീ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിനായകൻ തുറന്നടിച്ചു രംഗത്തുവന്നത്.

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്ന് വിനായകൻ പറഞ്ഞു. അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും വിനായകൻ പറഞ്ഞു. പറയുന്നു. മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്ന് നടൻ പറയുന്നു. 'എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' - വിനായകൻ പറഞ്ഞു.

'ഞാൻ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകൾ വിട്ടുകളയുന്ന കാര്യങ്ങളാണ്. ലക്ഷകണക്കിന് ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാൻ വേണ്ടിയാണ് ഞാൻ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാൽ ഞാൻ ആ പോസ്റ്റ് കളയും. വിമർശനം ആണ് ഞാൻ ഇടുന്നത്. അത് അവർ ഏറ്റെടുത്താൽ അത് ഞാൻ മാറ്റും,' സാമൂഹിക പ്രശ്‌നനങ്ങളെക്കുറിച്ചുള്ള തന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു. സംവിധായകൻ രഞ്ജിത്തിനെതിരായ പോസ്റ്റും ഇത്തരത്തിലുള്ളതാണ് വിനായകൻ പറഞ്ഞു.

മാന്യന്മാരെന്ന് നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ സിനിമാ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 'ഈ ലോകത്ത് മാന്യൻ എന്ന് പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകൾ വ്യക്തമാക്കുന്നത്. കോവിഡിന്റെ മരുന്ന് ഏറ്റവും ഡേർട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പേർസണൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേർട്ട്. ഞാൻ അതിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്', വിനായകൻ കൂട്ടിച്ചേർത്തു.

സൂപ്പർ താരങ്ങളുടെ ഫാൻസുകൾക്കെതിരെയും വിനായകൻത തുറന്നടിച്ചു. 'ഫാൻസ് എന്ന പൊട്ടന്മാർ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോവുന്നില്ല. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ഞാൻ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂർ കഴിഞ്ഞ് ഞാൻ കണ്ടതാണ് ഒന്നരക്കോടി എന്ന്. ഞാൻ അന്വേഷിച്ച് ചെന്നപ്പോൾ, പടം തുടങ്ങിയത് 12.30 മണിക്കാണ്, ഒന്നരയ്ക്ക് ഇന്റർവെല്ലായപ്പോൾ ആൾക്കാർ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ് ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാൻ ഉണ്ടായിട്ടില്ല. അപ്പോൾ ഇവർ വിചാരിച്ചതു പോലെ ഈ പരിപാടി നടക്കില്ല. ഞാൻ വീണ്ടും പറയാം, ഈ ഫാൻസ് വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും പോണില്ല ഒരു സിനിമയും മോശമാവാനും പോണില്ല,' എന്ന് വിനായകൻ പറയുന്നു.

ഫാൻസ് ഷോ നിരോധിക്കണമെന്ന തിയറ്റർ ഉടമകളുടെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് 'ഫാൻസിനെ നിരോധിക്കണം' എന്നായിരുന്നു വിനായകന്റെ മറുപടി. ഫാൻസിനെ കുറിച്ചുള്ള വിനായകന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സിനിമാ ഗ്രൂപ്പുകളിലടക്കം വിനായകന്റെ വാക്കുകൾ ചർച്ചയാവുന്നുണ്ട്. അതേസമയം, ഒരുത്തീ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചാണ് രണ്ടാം ഭാഗത്തിന്റെ വിവരം പുറത്തുവിട്ടത്.

വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ നാസർ നിർമ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. നവ്യാ നായരും, വിനായകനും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും.ഒരുത്തീ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുത്തീയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഒരുക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.