കൊച്ചി: വിനായകന്റെ വിവാദ മീടൂ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചാവിഷയം. വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലായിരുന്നു വിനായകന്റെ വിവാദ പരാമർശം. മീ ടൂ സംബന്ധിച്ച തന്റെ വാദങ്ങളെ സമർത്ഥിക്കാൻ വേണ്ടിയാണ് വിനായകൻ മാധ്യമപ്രവർത്തകയെ കൈ ചൂണ്ടി വിവാദപരാമർശം നടത്തിയത്.

ആ 'പെണ്ണിനോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ചോദിക്കും, അവർ നോ പറയുകയാണെങ്കിൽ ഓകെ,' എന്നാണ് വിനായകൻ പറഞ്ഞത്. പരാമർശം വിവാദമായതോടെ നടി നവ്യാ നായരും പ്രതികരണവുമായെത്തിയിരുന്നു. വിനായകൻ ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളുടെയടുത്ത് പെട്ടന്ന് കയറി ഇടപെട്ടാൽ തിരിച്ച് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നും നവ്യ പറഞ്ഞിരുന്നു.

പരാമർശം വിവാദമായതോടെ വിനായകനെ അനുകൂലിച്ചും, പ്രതികൂലിച്ചും പോസ്റ്റുകളുടെ പ്രളയമായി. എന്തായാലും മാധ്യമപ്രവർത്തകയ്ക്ക് നേരെ നടത്തിയ അപകീർത്തി പരാമർശത്തിൽ വിനായകൻ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. തന്റെ ഭാഷാപ്രയോഗത്തിൽ മാധ്യമപ്രവർത്തകയ്ക്ക് വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുയെന്നാണ് വിനായകൻ പറഞ്ഞത്.

വിനായകന്റെ പോസ്റ്റ് ഇങ്ങനെ:

നമസ്‌കാരം ,

ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ ഒട്ടും വ്യക്തിപരമായിരുന്നില്ല...വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.

വിനായകൻ

വിവാദ പരാമർശം ഇങ്ങനെ:

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്നാണ് വിനായകൻ പറഞ്ഞത്. അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും വിനായകൻ പറഞ്ഞു. പറയുന്നു. മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്ന് നടൻ പറയുന്നു. 'എന്താണ് മീ ടൂ എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ.? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം.? എന്റെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാൻ തന്നെയാണ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. അവർക്ക് താത്പര്യമില്ലെങ്കിൽ അവർ നോ പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല.''വിനായകൻ പറഞ്ഞു.

'ഞാൻ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകൾ വിട്ടുകളയുന്ന കാര്യങ്ങളാണ്. ലക്ഷകണക്കിന് ആളുകൾ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാൻ വേണ്ടിയാണ് ഞാൻ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാൽ ഞാൻ ആ പോസ്റ്റ് കളയും. വിമർശനം ആണ് ഞാൻ ഇടുന്നത്. അത് അവർ ഏറ്റെടുത്താൽ അത് ഞാൻ മാറ്റും,' സാമൂഹിക പ്രശ്നനങ്ങളെക്കുറിച്ചുള്ള തന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു. സംവിധായകൻ രഞ്ജിത്തിനെതിരായ പോസ്റ്റും ഇത്തരത്തിലുള്ളതാണ് വിനായകൻ പറഞ്ഞു.

മാന്യന്മാരെന്ന് നടിക്കുന്നവരെ താൻ എന്നും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ സിനിമാ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. 'ഈ ലോകത്ത് മാന്യൻ എന്ന് പറയുന്ന അമാന്യനെ ഞാൻ ചീത്ത പറയും. മാന്യൻ എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാൻ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകൾ വ്യക്തമാക്കുന്നത്.

കോവിഡിന്റെ മരുന്ന് ഏറ്റവും ഡേർട്ട് ആയ വിനായകൻ ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പേഴ്‌സണൽ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേർട്ട്. ഞാൻ അതിൽ തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേർട്ട്. ഞാൻ ഭയങ്കരനാണ്', വിനായകൻ പറഞ്ഞത് ഇങ്ങനെ