കൊച്ചി: മീ ടു ആരോപണത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ. തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. മാനസികവും ശാരീരികവുമായ ഉപദ്രവമാണ് മീ ടു. അത് വലിയ കുറ്റകൃത്യമാണ്. താൻ ആരേയും ആ രീതിയിൽ ഉപദ്രവിച്ചിട്ടില്ലെന്നും വിനായകൻ കൊച്ചിയിൽ പറഞ്ഞു. എനിക്ക് ഉണ്ടായത് സ്ത്രീകളുമായുള്ള ശാരീരിക ബന്ധമാണെന്നും വിനായകൻ പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കവേയാണ് വിനായകൻ ഇക്കാര്യം പറഞ്ഞത്.

ഒരുത്തി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ നടത്തിയ ഭാഷാ പ്രയോഗത്തിൽ വീണ്ടും മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. മീ ടൂ പരാമർശത്തിൽ വിനായകൻ മാധ്യമപ്രവർത്തകരോട് തർക്കിച്ചു. താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും മീ ടൂ എന്ന പേര് നൽകി പീഡനത്തെ ലഘൂകരിക്കരുതെന്നും വിനായകൻ പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ വായടപ്പിക്കാൻ വേണ്ടി മാത്രമാണ് വിനായകൻ ഇപ്പോൾ ശബ്ദമുയർത്തുന്നതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ താൻ ആ കുട്ടിയുമായി സംസാരിച്ചുവെന്നും അവരോട് മാപ്പ് പറഞ്ഞുവെന്നും വിനായകൻ വ്യക്തമാക്കി. എന്നാൽ ഇത്രയും പേരുടെ മുൻപിൽ വച്ച് ആ മാധ്യമപ്രവർത്തകയെ അപമാനിക്കുകയെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു. എന്നാൽ തെറ്റ് ചെയ്തതായി തനിക്ക് തോന്നുന്നില്ലെന്നും അതേസമയം പരാമർശത്തിൽ മാധ്യമപ്രവർത്തകയ്ക്ക് വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും വിനായകൻ വാർത്താ സമ്മേളനത്തിൽ പരസ്യമായി പറഞ്ഞു.

മീ ടൂ പരാമർശം വിവാദമായതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നടൻ നേരത്തെ മാപ്പ് പറഞ്ഞിരുന്നു. ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ ഒട്ടും വ്യക്തിപരമായിരുന്നില്ലപ വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു, എന്നായിരുന്നു വിനായകൻ അന്ന് ഫേസ്‌ബുക്കിൽ കുറിച്ചത്.