കൊല്ലം: ദേശീയ സൈബർ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഹൈടെക് സെൽ മുൻ അസി. കമ്മിഷണർ എൻ.വിനയകുമാരൻ നായർ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങി. കൊല്ലം മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തിനു കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ എ.അശോകൻ മുൻപാകെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണു ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തുന്നതുൾപ്പെടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി.

അതേസമയം സംഭവം മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കീഴടങ്ങലും കോടതിയിൽ ഹാജരാക്കലും അതീവരഹസ്യമായിട്ടായിരുന്നു. ഓഗസ്റ്റ് 19നും 20നും കൊല്ലത്തെ ഹോട്ടലിൽ നടന്ന സൈബർ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയായി വന്ന ബിരുദ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വിനയകുമാരൻ നായർക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിരുന്നു.

സമ്മേളന സ്ഥലത്തുണ്ടായിരുന്ന റേഞ്ച് ഐജി മനോജ് ഏബ്രഹാമിനോട് വിദ്യാർത്ഥിനി പരാതിപ്പെട്ടതിനെ തുടർന്നു വിനയകുമാരൻ നായരെ വേദിയിൽ നിന്ന് ഉടൻ മാറ്റി. കൊല്ലം റൂറൽ എസ്‌പി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു കേസെടുത്തത്. ഇതിനിടെ ഹൈടെക് സെല്ലിൽ നിന്നു വിനയകുമാരൻ നായരെ നന്ദാവനം എആർ ക്യാംപിലേക്കു മാറ്റിയിരുന്നു. കേസെടുത്തതിനെ തുടർന്നു സസ്‌പെൻഷനിലായിരുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാനായിരുന്നു കോടതിയുടെ നിർദ്ദേശം.

മാദ്ധ്യമ സ്ഥാപനത്തിലെ ജീവനക്കാരന്റെ മകളാണ് പരാതിക്കാരിയായ പെൺകുട്ടി. ജേർണലിസം വിദ്യാർത്ഥിനിയുമാണ്. ഇന്ത്യൻ ശിക്ഷാനിയമം 354ാം വകുപ്പ് ചുമത്തി വിനയകുമാറിനെതിരേ കേസെടുക്കാൻ കൊല്ലം റൂറൽ എസ്‌പി: അജിതാബേഗം നിർദ്ദേശം നൽകിയിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് അന്വേഷണം നടത്തിയ അജിതാബീഗം അവതാരകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തന്നെ അപമാനിക്കാൻ പലവട്ടം എ.സി.പി. ശ്രമിച്ചതായി അവതാരക എസ്‌പിയോടു പറഞ്ഞു. പരാതി എഴുതി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേസ് എടുത്തത്.

ഹൈടക് സെല്ലിന്റെ ചുമതല ഉപയോഗിച്ച് നിരവധി തട്ടിപ്പുകൾക്ക് കുട പിടിച്ച വിനയകുമാരൻ നായരെ അറസ്റ്റ് ചെയ്യേണ്ടിയും വരുമെന്ന കാര്യം ഉറപ്പായിരുന്നു. അതിനിടെ വിനയകുമാരൻ നായർക്ക് ജാമ്യം ഉറപ്പാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. കൊക്കൂൺ എന്ന സമ്മേളനം തന്നെ നിയമവിരുദ്ധമാണെന്നും കൊല്ലത്തെ സമ്മേളനം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും കാട്ടി എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് പരാതി നൽകിയിരുന്നു. ഇതോടെയാണ് കേസിൽ നിന്ന് വിനയകുമാരൻ നായരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് വിരമാമിട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭീഷണിയും സമ്മർദ്ദവും മാറിയതോടെ പെൺകുട്ടി പരാതിയും നൽകി. നേരത്തെ തനിക്കെതിരെ പെൺകുട്ടി പരാതി നൽകില്ലെന്ന വീരവാദം വിനയകുമാരൻ നായർ നടത്തിയിരുന്നു. ഇതിനിടെ വിനയകുമാരൻ നായർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നിലപാട് എടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജാമ്യമില്ലാത്ത വകുപ്പ് ചേർത്തത്.