കൊച്ചി: കലാഭവൻ മണിയെന്ന നടന് ഏറ്റവും അധികം അവസരം നൽകിയതും ഹിറ്റ് സിനിമകളുടെ സംവിധായകനും വിനയനായിരുന്നു. അത് മലയാളികൾക്കെല്ലാം അറിവുള്ള കാര്യമാണ്. എന്നാൽ, മലയാള സിനിമയിലെ വൻതോക്കുകളുടെ അപ്രീതിക്ക് പാത്രമായതോടെ വിനയന് അവസരങ്ങൾ നഷ്ടമായി. ഇതിനിടെ കഴിഞ്ഞ ദിവസം കലാഭവൻ മണി അനുസ്മരണ പരിപാടി സഹപ്രവർത്തർ സംഘടിപ്പിച്ചപ്പോൾ വിനയന് താരസംഘടന വിലക്ക് പ്രഖ്യാപിച്ചു.

സഹപ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്ന മണി അനുസ്മരണത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നാണ് സംവിധായകൻ വിനയൻ വ്യക്തമാക്കിയത്. മണിയുടെ ജന്മനാടായ ചാലക്കുടിയിലെ കാർമൽ സ്‌കൂൾ മൈതാനിയിൽ ആയിരങ്ങൾ സാക്ഷ്യം വഹിച്ച ചടങ്ങിനെക്കുറിച്ച് തന്നോടാരും പറഞ്ഞില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു. ഇതാണ് കാപട്യം നിറഞ്ഞ മലയാള സിനിമയുടെ പിന്നാമ്പുറമെന്നും തന്റെ ഫേസ്‌ബുക്കിൽ വിനയൻ കുറിച്ചു.

തങ്ങൾക്കൊപ്പമോ, അതല്ല തങ്ങളേക്കാളും മുകളിലോ അഭിനയവും, പാട്ടും, നൃത്തവും ഒക്കെ വഴങ്ങിയിരുന്ന ഒരു കലാകാരനെ ഒരു കാതം അകലെ മാത്രം നിർത്തിയിരുന്നവർ ഇന്ന് പറയുന്നു അവനെന്റെ സഹോദരൻ ആയിരുന്നെന്ന്. അവനെപ്പറ്റി പറയാൻ വാക്കുകളില്ലെന്ന്. ആ മേലാളന്മാരുടെ ഗുഡ്ബുക്കിൽ പെടാത്ത എന്നെ അവരുടെ കൂടെ ഇരിക്കാൻ വിളിക്കാത്തതു തന്നെ നല്ലത്. പക്ഷേ ഒരു മിന്നാമിനുങ്ങിനെ പോലെ ഒറ്റയ്ക്കു പറന്ന് അകലേയ്ക്കു പോയ മണിയേ സ്മരിക്കാൻ തനിക്ക് ഈ മഹത്തുക്കളുടെ മഹാസമ്മേളനങ്ങളൊന്നും വേണ്ടെന്നും വിനയൻ കൂട്ടിച്ചേർത്തു.

ഒരു ഹാസ്യ നടൻ എന്ന നിലയിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന കലാഭവൻ മണിയെ മികച്ച നടനാക്കിയത് വിനയൻ ചിത്രങ്ങളാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, കല്ല്യാണസൗഗന്ധികം, രാക്ഷസരാജാവ്, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാസ്യതാരമായും, വില്ലനായും നായകനായും മണിയെ വിനയൻ പരിചയപ്പെടുത്തി.

വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ഇന്ന് മണിയുടെ സഞ്ചയനകർമ്മമായിരുന്നു രാവിലെ 9 മണിക്ക്. ഞാൻ ചാലക്കുടിയിലെ വീട്ടിൽ പോയിരുന്നു. ആ പട്ടടയിൽ നോക്കി നിന്നപ്പോൾ ചാലക്കുടിപ്പുഴയുടെ തോഴൻ ഒരു സങ്കടപ്പുഴ മുഴുവൻ തന്റെ ചെറുപ്പകാലത്ത് നീന്തിക്കടന്ന കഥ എന്നോട് പറഞ്ഞതോർത്തു. അന്ധനായ തെരുവുഗായകൻ രാമു തോമസ് മുതലാളി വന്നോ എന്ന് അലക്കുകാരിയോട് ചോദിക്കുന്ന ഒരു സീനുണ്ട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ തോമസ് മുതലാളി വരുമ്പോൾ കൊടുക്കുന്ന പഴയ പൈജാമയും ഉടുപ്പുമായിരുന്നു രാമു സ്ഥിരം ഉപയോഗിച്ചിരുന്നത്. സീൻ അതിഗംഭീരമായപ്പോൾ എല്ലാവരും കൈയടിച്ചു. പക്ഷെ മണി എന്റെയടുത്ത് വന്ന് വിതുമ്പിക്കരഞ്ഞു. സന്തോഷം കൊണ്ടായിരിക്കുമെന്ന് ഞാൻ കരുതി. പക്ഷെ തന്റെ ബാല്യകാലമോർത്തായിരുന്നു മണി വിതുമ്പിയത്. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ പോലും ഒരു പുതിയ ഉടുപ്പ് എനിക്കു കിട്ടിയിട്ടില്ല സാർ.. എന്റെ അമ്മ വീട്ടുവേലക്കു പോയിരുന്ന കുടുംബത്തിലെ എന്റെ ക്ലാസ്സിൽ പഠിക്കുന്ന പയ്യന്റെ പഴയ ഉടുപ്പും നിക്കറും എനിക്കു കൊണ്ടുതരുമായിരുന്നു അത് ഇട്ടുകൊണ്ട് സ്‌കൂളിൽ ചെല്ലുമ്പോൾ ആ പയ്യൻ എന്നെ നോക്കി പരിഹസിച്ചു ചിരിക്കുമായിരുന്നു.. അതു കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്. ഈ കഥ മണിയുടെ ആത്മകഥയിലും എഴുതിക്കണ്ടു.

അതുപോലെ തന്നെ കരുമാടിക്കുട്ടനിൽ അഭിനയിക്കുമ്പോൾ ആസ്ത്മാ രോഗിയായ ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനം കിട്ടാഞ്ഞപ്പോൾ സ്വന്തം ചുമലിലേറ്റി അയാളേം കൊണ്ടോടുന്ന ഒരു സീനുണ്ട്. 80 കിലോയോളം ഭാരമുണ്ടായിരുന്ന ആസ്തമാ രോഗീയുടെ കഥാപാത്രം ചെയ്ത സന്തോഷിനെ മണി നിഷ്പ്രയാസം ചുമലിലേറ്റി ഓടുന്നതു കണ്ടപ്പോൾ ഞങ്ങളെല്ലാം അത്ഭുതപ്പെട്ടു. അന്നും മണി എന്നോടൊരു കഥ പറഞ്ഞു.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ഞാനൊരു ചുമട്ടു തൊഴിലാളി കൂടി ആണ് സർ. സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കു കൊണ്ടുവരുന്ന അരിച്ചാക്ക് ചുമക്കാൻ സ്‌കൂളിൽ ചുമട്ടുതൊഴിലാളികളെ വിളിച്ചിരുന്നില്ല. ഞാനതു ചെയ്തുകൊടുക്കുമ്പോൾ ഹെഡ്‌മാസ്റ്റർ പൈസ തരുമായിരുന്നു. അതു ഞാനെന്റെ അമ്മയുടെ കൈയിൽ കൊണ്ടുകൊടുക്കുമായിരുന്നു. അതു പറഞ്ഞുതീർന്നപ്പോഴും മണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. മണി അത്രയ്ക്കു ശുദ്ധനായിരുന്നു. ഗ്രാമീണതയുടെ നിഷ്‌കളങ്കത നിറഞ്ഞ പച്ചയായ മനുഷ്യൻ. പ്രശസ്തിയും പണവുമൊക്കെ ആയിക്കഴിയുമ്പോൾ വന്ന വഴിയെല്ലാം മറന്ന് ബഡായിയും പുങ്കത്തരവും ജാഡയുമായി വിലസുന്ന സിനിമാതാരങ്ങൾക്കിടയിൽ വ്യത്യസ്ഥനായിരുന്നു മണി.

മണി വല്യ നടനായപ്പോൾ ഫൈവ് സ്റ്റാർ ഹോറ്റലുകളിൽ മണിക്കു വേണ്ടി ഏറ്റവും നല്ല ഭക്ഷണവും ഏറ്റവും വില കൂടിയ മദ്യവുമായി വല്ല്യ വല്ല്യ സിനിമാക്കാർ കാത്തിരുന്നപ്പോഴും മണി ഓടിച്ചെന്നിരുന്നത് ചാലക്കുടിയിലെ തന്റെ പഴയകാല സുഹൃത്തുക്കളുടെ അടുത്തേക്കായിരുന്നു. തന്റെ കൂടെ മണലുവാരിയവർ, കൂലിപ്പണിചെയ്തവർ, ഓട്ടോറിക്ഷ ഓടിച്ചവർ അവരുടെ കൂടെയിരുന്നു അവരുടെ ദുഃഖങ്ങളും സന്തോഷവും പങ്കിടുന്നത് എനിക്ക് മറ്റെന്തിനേക്കാളും മനസംതൃപ്തി തരുമായിരുന്നു എന്നു മണി പറയുമ്പോൾ ആ മനസ്സിനെ മാനിക്കാതിരിക്കാൻ കഴിയുമോ? സുഹൃത്തുക്കളെ സന്തോഷിപ്പിക്കുവാൻ വേണ്ടി തന്റെ ആരോഗ്യം പോലും കളഞ്ഞുകുളിച്ച ഒരു കലാകാരൻ എന്നു മണിയെ വിശേഷിപ്പിക്കാം..

വൈകുന്നേരം 5 മണിക്ക് തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന കലാഭവൻ മണി അനുസ്മരണത്തിനു പോയി പ്രസംഗിച്ചിരുന്നു. മീറ്റിംഗിനിടയിൽ ചാലക്കുടിയിൽ നിന്നും മണിയുടെ ഒന്നുരണ്ടു സുഹൃത്തുക്കൾ വിളിച്ചു ചാലക്കുടിയിൽ സിനിമാക്കാരും സൂപ്പർതാരങ്ങളും ഒക്കെ ചേർന്ന് വലിയ അനുസ്മരണം നടത്തിയിട്ട് വിനയൻ സാർ എന്തേ വരാത്തത് അവർ ചോദിച്ചു. ഞാൻ അറിഞ്ഞില്ലാ, എന്നോട് പറഞ്ഞില്ലാ എന്നു ഞാൻ പറഞ്ഞപ്പോൾ അവർക്കു വിശ്വാസമാകുന്നില്ല.

പിന്നെ ഞാൻ വിശദമായി പറയേണ്ടി വന്നു. അതാണ് കാപട്യം നിറഞ്ഞ മലയാള സിനിമയുടെ പിന്നാമ്പുറം. തങ്ങൾക്കൊപ്പമോ, അതല്ല തങ്ങളേക്കാളും മുകളിലോ അഭിനയവും, പാട്ടും, നൃത്തവും ഒക്കെ വഴങ്ങിയിരുന്ന ഒരു കലാകാരനെ ഒരു കാതം അകലെ മാത്രം നിർത്തിയിരുന്നവർ ഇന്ന് പറയുന്നു അവനെന്റെ സഹോദരൻ ആയിരുന്നെന്ന്. അവനെപ്പറ്റി പറയാൻ വാക്കുകളില്ലെന്ന്. ആ മേലാളന്മാരുടെ ഗുഡ്ബുക്കിൽ പെടാത്ത എന്നെ അവരുടെ കൂടെ ഇരിക്കാൻ വിളിക്കാത്തതു തന്നെ നല്ലത്. പക്ഷേ ഒരു മിന്നാമിനുങ്ങിനെ പോലെ ഒറ്റയ്ക്കു പറന്ന് അകലേയ്ക്കു പോയ മണിയേ സ്മരിക്കാൻ എനിക്ക് ഈ മഹത്തുക്കളുടെ മഹാസമ്മേളനങ്ങളൊന്നും വേണ്ടാ. മണിയിലെ മഹാനടനെ കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്ന ആ കാലത്തെ മണിയുമായുള്ള ബന്ധവും മണി അഭിനയിച്ച എന്റെ 13 സിനിമകളുടെ ഓർമ്മകളും മാത്രം മതി.

ഇന്ന് മണിയുടെ സഞ്ചയനകർമ്മമായിരുന്നു രാവിലെ 9 മണിക്ക്. ഞാൻ ചാലക്കുടിയിലെ വീട്ടിൽ പോയിരുന്നു. ആ പട്ടടയിൽ നോക്കി നി...

Posted by Vinayan Tg on Sunday, March 13, 2016