ചെന്നൈ: സിനിമാ സംവിധായകനും ക്യാമറാമാനുമായി എ വിൻസന്റ് (86)അന്തരിച്ചു. രാവിലെ 10.55ന് ചെന്നൈ ചെപ്പേട്ടിലെ പ്രശാന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈയിൽ നടക്കും.

എ വിൻസന്റ് അഥവാ അലോഷ്യസ് വിൻസന്റ് 1960കളിൽ ഛായാഗ്രാഹകനായി സിനിമാ ലോകത്ത് എത്തി. പിന്നീട് സംവിധായകൻ എന്ന നിലയിലും തിളങ്ങി. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1974 ഇൽ പുറത്തിറങ്ങിയ 'പ്രേം നഗർ' എന്ന ഹിന്ദി ചലച്ചിത്രത്തിനു മികച്ച ഛായാഗ്രാഹകനുള്ള ഫിലിം ഫെയർ അവാർഡും കിട്ടിയിരുന്നു.

ഭാർഗവീനിലയം ആണ് സംവിധാനം ചെയ്ത ആദ്യസിനിമ. മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധർവക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങൾ, വയനാടൻ തമ്പാൻ, കൊച്ചു തെമ്മാടി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 180ഓളം തമിഴ്,തെലുങ്ക്,ഹിന്ദി ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 1969ൽ മികച്ച സംവിധായകനുള്ള സംസ്ഥാന ബഹുമതി നേടി. ജെ.സി. ഡാനിയേൽ പുരസ്‌കാരം ലഭിച്ചു.

തെന്നിന്ത്യൻ സിനിമയിലെ എല്ലാ പുതുമകളുടെയും അദ്ഭുത ങ്ങളുടെയും തുടക്കം വിൻസന്റ് മാസ്റ്ററിൽ നിന്നായിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'നീലക്കുയിലിന്റെ' ( 1954 )കാമറ ചലിപ്പിച്ചത് അദ്ദേഹമാണ്. തമിഴ് സിനിമയിൽ മാറ്റം കൊണ്ടുവന്ന ശ്രീധർ ആദ്യമായി സംവിധാനം ചെയ്ത 'നെഞ്ചിൽ ഒരാലയം ' എന്ന ചിത്രത്തിന്റെ ദൃശ്യ വിസ്മയവും വിൻസന്റ് മാസ്റ്ററുടേതായിരുന്നു. ഒരു നല്ല ഛായാ ഗ്രാഹകന് എങ്ങനെ ഒരു നല്ല സംവിധായകൻആകാൻ കഴിയുമെന്ന് 'ഭാർഗ്ഗവീ നിലയം'( 1964 ) എന്ന സിനിമയിലൂടെ അദ്ദേഹം കാണിച്ചു തന്നു.

1928 ജൂൺ 14ന് കോഴിക്കോട് ജില്ലയിലായിരുന്നു ജനനം. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയിൽ സ്റ്റുഡിയോ ബോയ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് ക്യാമറാമാൻ കെ.രാമനാഥന്റെ സഹായിയായി സിനിമാ രംഗത്ത് സജീവമാകുകയായിരുന്നു. ഛായാഗ്രഹകരായ ജയനും അജയനും മക്കളാണ്.