ഫിലഡൽഫിയ: കഴിഞ്ഞ 35 വർഷമായി ഫിലഡൽഫിയ കേന്ദ്രീകരിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിനു പങ്കു വഹിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ മുൻ ജനറൽ സെക്രട്ടറി വിൻസന്റ് ഇമ്മാനുവൽ ഫിലഡൽഫിയ സിറ്റി കൗൺസിലിലെ ഔദ്യോഗിക പദവിയിൽ നിയമിതനായി.

മുൻ ചീഫ് ജസ്റ്റീസ് റോൺ കാസ്റ്റീൽ, മുൻ സ്പീക്കർ ജോൺ പ്രെട്‌സൽ, മുൻ ഗവർണർ ജിം കോർബെറ്റ്, സെനറ്റർ പാറ്റ് ടനമി, ഫിലഡൽഫിയ സിറ്റി കൗൺസിൽമാൻ അൽടോബൻ ബർഗർ എന്നിവർ വിൻസന്റിന് ഭാവുകങ്ങൾ നേർന്നു.

മാപ്പ്, സിഐഒ, ട്രൈസ്റ്റേറ്റ് കേരള ഫോറം, ഐഎസിഎ, ഓർമ, എക്യുമെനിക്കൽ ഫെലോഷിപ് എന്നിങ്ങനെ നിരവധി മലയാളി സംഘടനകളിൽ വിൻസന്റ് ഇമ്മാനുവൽ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഫിലഡൽഫിയ പൊലീസ് അഡൈ്വസറി കൗൺസിൽ, ഫിലഡൽഫിയ ചേംബർ ഓഫ് കൊമേഴ്‌സ്, നോർത്തീസ്റ്റ് വൈഎംസിഎ എന്നിവിടങ്ങളിലും ഭാരവാഹിയാണ്. ഫിലഡൽഫിയ സീറോ മലബാർ കാത്തലിക് ചർച്ച് ട്രസ്റ്റിയായി നാലു വർഷം സേവനം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് യുഎസ്എ, കേരളാ എക്സ്‌പ്രസ്, ഇ മലയാളി എന്നീ മാദ്ധ്യമങ്ങളിലും പ്രവർത്തിച്ചുവരുന്നു. സെവൻ ഇലവൻ ഫ്രാഞ്ചൈസിയായി ബിസിനസ് രംഗത്ത് മുദ്ര പതിപ്പിച്ചു. 35 വർഷം മുമ്പ് ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ഡൽഹിയിൽ സേവനം ചെയ്യുമ്പോഴായിരുന്നു വിൻസന്റ് അമേരിക്കയിലേക്ക് കുടിയേറിയത്.

അമേരിക്കയുടെ ആദ്യ തലസ്ഥാനം എന്ന സാഹോദര്യ നഗരമായ ഫിലഡൽഫിയ സിറ്റി ഹാളിൽ ഔദ്യോഗിക സേവനത്തിന്റെ കസേരയിൽ വിൻസന്റ് ഇമ്മാനുവൽ ഇരിക്കുമ്പോൾ അമേരിക്കയിലെ മലയാള മാദ്ധ്യമ പ്രവർത്തകർക്കുള്ള അംഗീകാരമായാണ് ഇതിനെ കാണാൻ കഴിയുന്നത്.

റിപ്പോർട്ട്: ജോർജ് നടവയൽ