തിരുവനന്തപുരം: പെൺവിഷയത്തിൽ കുടുങ്ങി വിവാദത്തിലാകുന്ന ജനപ്രതിനിധികളുടെ പട്ടികയിൽ ഏറ്റവുമൊടുവിൽ ചേർക്കപ്പെടുന്ന പേരാണ് എം വിൻസെന്റിന്റേത്. കേരള സർക്കാരുകളെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളിൽ ആദ്യത്തേത് പി ടി ചാക്കോയ്ക്കെതിരേയായിരുന്നു. തൃശൂർ പീച്ചിയിൽവച്ച് പി ടി ചാക്കോ യാത്ര ചെയ്തിരുന്ന കാറിന് അപകടം സംഭവിക്കുകയും ആ സമയത്ത് ഒരു സ്ത്രീ കാറിൽ ഉണ്ടായിരുന്നുവെന്നുമായിരുന്നു ഉയർന്ന ആരോപണം.

ഇതോടെ പി ടി ചാക്കോയുടെ രാഷ്ട്രീയ ഭാവി തന്നെ തകിടം മറിഞ്ഞു. 1962 ലെ പട്ടം താണുപിള്ള മന്ത്രിസഭയിലും തുടർന്നുവന്ന ആർ ശങ്കർ മന്ത്രിസഭയിലും മന്ത്രിയായിരുന്ന ചാക്കോയ്ക്ക് ഈ ആരോപണത്തിൽ പക്ഷെ, കാലിടറി. 1964 ഫെബ്രുവരി 20ന് അദ്ദേഹം രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കുകളുടെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. മന്ത്രിസ്ഥാനം രാജിവച്ച  അദ്ദേഹം രാഷ്ട്രീയ പ്രവർത്തനവും അഭിഭാഷകവൃത്തിയുമായി മുന്നോട്ടുപോയി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിച്ചെങ്കിലും തോറ്റു. അധികം വൈകാതെ അദ്ദേഹം നിര്യാതനായി. മരണത്തിന് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറികളെത്തുടർന്നാണ് കേരള കോൺഗ്രസ് പാർട്ടിയുടെ ഉദയം.

1996 ലെ ഇ കെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർക്ക് മന്ത്രിസ്ഥാനം നഷ്ടമായതും ലൈംഗിക അപവാദ കേസിലായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയെത്തുടർന്നാണ് നീലന്റെ മന്ത്രിസ്ഥാനം തെറിച്ചത്. പിന്നീട് ലൈംഗികാരോപണം നേരിട്ട് രാജിവച്ച മറ്റൊരു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ്.പീഡനത്തിനിരയായ സ്ത്രീ നേരിട്ട് ചാനലുകളിൽ വന്ന് കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു. കുഞ്ഞാലിക്കുട്ടി അന്ന് വ്യവസായ മന്ത്രിയായിരുന്നു. യുവതിയുടെ വെളിപ്പെടുത്തലുകൾ പിന്നീട് പിൻവലിച്ചെങ്കിലും അന്ന് നടന്ന പ്രക്ഷോഭങ്ങളുടെ ഒടുവിൽ കുഞ്ഞാലിക്കുട്ടിക്ക് അന്നത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് പുറത്തുപോകേണ്ടിവന്നു.

വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ് പി ജെ ജോസഫിന് രാജി വെക്കേണ്ടി വന്നത്. 2006 ഓഗസ്റ്റ് മൂന്നിന് ചെന്നൈ - കൊച്ചി വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ലക്ഷ്മി ഗോപകുമാർ എന്ന സ്ത്രീയോട് മോശമായി പെരുമാറി എന്നതായിരുന്നു ആരോപണം. തമിഴ്‌നാട് പൊലീസ് ഇതിന്റെ അടിസ്ഥാനത്തിൽ പി ജെ ജോസഫിനെതിരെ സ്ത്രീ പീഡനക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് 2006 നവംബർ നാലിന് പി ജെ ജോസഫ് രാജി വെക്കുകയായിരുന്നു.

പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ ലൈംഗിക ആരോപണം ഉയർന്നപ്പോൾ തന്നെ രാജിവെച്ച് അന്വേഷണത്തിന് വഴിയൊരുക്കി. ജനതാദൾ(എസ്) നേതാവും മുൻ മന്ത്രിയും അങ്കമാലി എംഎ‍ൽഎയുമായിരുന്ന ജോസ് തെറ്റയിൽ മകന് വേണ്ടി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. യുവതി പീഡനദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.എന്നാൽ ഇതു സംബന്ധിച്ച പരാതി പിന്നീട് സുപ്രീംകോടതി തള്ളുകയായിരുന്നു .ഈ നിരയിലേക്കാണ് ഇപ്പോൾ എം വിൻസെന്റും എത്തിപ്പെടുന്നത്. ധാർമികതയുടെ പേരിലെങ്കിലും വിൻസെന്റ് രാജിവയ്ക്കുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്.