- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവണ്ടിയിൽ കോഴിക്കോട് നിന്ന് യാത്ര തുടങ്ങി; ധർമ്മസ്ഥലയിൽ എത്തിയത് മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കിൽ; പെട്രോൾ തീർന്നപ്പോൾ ശ്രമിച്ചത് മറ്റൊരു സ്കൂട്ടർ തട്ടിയെടുത്ത് യാത്ര തുടരാൻ; നാട്ടുകാർ പിടികൂടിയപ്പോൾ തിരിച്ചറിഞ്ഞത് കുതിരവട്ടത്തെ ചാട്ടം; ഫയർഫോഴ്സ് പോയിട്ടും സെൽ പൂട്ടാൻ മറന്നത് ചാട്ടമായി; ഒടുവിൽ വിനീഷ് കുടുങ്ങി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തിയത് പൊലീസിന് ആശ്വാസമായി. കർണാടകത്തിലെ ധർമസ്ഥലയിൽ നിന്നാണ് കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്.
സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 12.30 ന് വിനീഷ് മംഗലാപുരത്തേക്ക് ട്രെയിൻ കയറിയതായി കണ്ടെത്തി. മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീർന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെയാണ് വിനീഷ് പിടിയിലായത്. ധർമസ്ഥല പൊലിസ് സ്റ്റേഷനിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞദിവസം ഒരന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാൻ അഗ്‌നിരക്ഷാ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്ത് വാതിലുകൾ തുറന്നുകിടന്ന അവസരം ഇയാൾ മുതലാക്കിയെന്നാണ് പൊലീസ് നിഗമനം. അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ തിരികെപോയിട്ടും വാതിൽ പൂട്ടുന്നതിൽ വീഴ്ചപറ്റി. ഈ അവസരം മുതലെടുത്താണ് ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വന്നത്. ഇത് വലിയ സുരക്ഷാ വീഴ്ചയാണ്.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്ന് തടവുകാരനായ അന്തേവാസി പുറത്തുകടക്കുന്നത്. വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഞായറാഴ്ച രാത്രി ഇയാൾ പുറത്തുകടന്നെന്നാണ് പൊലീസ് നിഗമനം.
സുരക്ഷാ വീഴ്ച ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി പരിശോധന നടത്തി. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ വീട്ടിൽ കയറി ഏലംകുളം പഞ്ചായത്തിൽ എളാട് ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്റെ മകളും ഒറ്റപ്പാലം നെഹ്റു കോളജിൽ എൽഎൽ.ബി മൂന്നാം വർഷ വിദ്യാർത്ഥിനിയുമായ ദൃശ്യയെ (21) പ്രതിയായ വിനീഷ് വിനോദ് (21) കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റിരുന്നു.
കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. വിവാഹം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ വിനീഷ് ദൃശ്യയുടെ പിതാവ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. കൂടാതെ, നിരന്തരം ഫോൺ ചെയ്യൽ ഉൾപ്പെടെയുള്ള ഉപദ്രവങ്ങൾ ദൃശ്യ പ്രതിയിൽ നിന്ന് നേരിട്ടിരുന്നു. ദൃശ്യയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവിന്റെ പരാതിയിൽ നേരത്തേ വിനീഷിനെ പൊലീസ് താക്കിത് ചെയ്തതുമാണ്. വീടിന്റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു.
ബഹളംകേട്ട് മുകൾ നിലയിൽ നിന്നെത്തി തടയുന്നതിനിടെയാണ് ഇളയ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. കൃത്യം നടത്തിയ ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അങ്ങനെയാണ് പ്രതി പിടിയിലായത്.
മറുനാടന് മലയാളി ബ്യൂറോ