- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആളുകൾക്ക് പെട്ടെന്ന് കണക്ട് ചെയ്യാനാണ് ഈ പേര് ഇട്ടത്; വിശകലനം ചെയ്യുന്നതിന് പകരം ഹൃദയം കൊണ്ട് കാണേണ്ട ചിത്രം; സിനിമക്ക് എങ്ങനെ 'ഹൃദയം' എന്ന പേര് വന്നതെന്ന് വിശദമാക്കി വിനീത് ശ്രീനിവാസൻ
കൊച്ചി: വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ചിത്രമായ 'ഹൃദയം' മനസ്സ് കീഴടക്കിയതിന്റെ ആവേശത്തിലാണ് ഇപ്പോഴും ആരാധകർ. പ്രണവ് മോഹൻലാൽ ചിത്രം അത്രകണ്ട് വിജയമാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. 'ഹൃദയം' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഓൺലൈനിൽ തരംഗമായിരിക്കുന്നു. ഇപ്പോഴിതാ സിനിമക്ക് എങ്ങനെയാണ് ഹൃദയം എന്ന പേര് വന്നത് എന്ന് പറയുകയാണ് വിനീത്.
സിനിമയുടെ പേരും ചർച്ചയായിരുന്നു. വളരെ ലളിതമായ, എന്നാൽ ഒരുപാട് ആഴമുള്ള ഒരു പേരായിരുന്നു വിനീത് സിനിമക്ക് നൽകിയിരുന്നത്. ആളുകൾക്ക് പെട്ടെന്ന് കണക്ട് ചെയ്യാനാണ് ഈ പേര് ഇട്ടതെന്നും വിശകലനാത്മകമായി കാണുന്നതിന് പകരം ഹൃദയം കൊണ്ട് കാണേണ്ട ചിത്രമാണ് ഇതെന്നും വിനീത് പറഞ്ഞു. ഫിലിം കംപാനിയൻ സൗത്തിനോടായിരുന്നു വിനീതിന്റെ പ്രതികരണം.
തട്ടത്തിൻ മറയത്തിന് ശേഷം വിനീത് വീണ്ടും പ്രണയ കഥയുമായി വരുന്നു. 'ഹൃദയ'ത്തെ ചുറ്റിപ്പറ്റിയുള്ള ആദ്യ അഭ്യൂഹങ്ങൾ ഇങ്ങനെയായിരുന്നു. എന്നാൽ 'അരുൺ നീലകണ്ഠൻ' എന്ന കേന്ദ്രകഥാപാത്രത്തിന്റെ 18 വയസ് മുതൽ 30 വയസുവരെയുള്ള ജീവിതകഥയാണ് ചിത്രം പറയുന്നതെന്ന് വിനീത് ശ്രീനിവാസൻ തന്നെ പിന്നീട് തിരുത്തി.
'ഹൃദയം എന്ന പേര് കേട്ടതിന് ശേഷം, ഒരു പുരുഷനേയും രണ്ട് സ്ത്രീകളേയും കണ്ടപ്പോൾ സ്വഭാവികമായും ഒരു ത്രികോണ പ്രണയത്തിന്റെ കഥയായിരിക്കുമെന്നാണ് വിചാരിച്ചത്. പക്ഷേ ചിത്രത്തിൽ കൗമാരത്തിൽ നിന്നും മുതിർന്ന പ്രായത്തിലേക്കുള്ള ഒരു വ്യക്തിയുടെ വളർച്ചയാണ് കാണിക്കുന്നത്. ഹൃദയം എന്ന പേര് ഇത്തരമൊരു ചിത്രത്തിന് നൽകിയത് എന്തുകൊണ്ടാണ്,' എന്നായിരുന്നു ഭരദ്വാജ് രംഗന്റെ ചോദ്യം.
'സിനിമക്കായി ഒരുപാട് പേരുകൾ ആലോചിച്ചിരുന്നു. എന്നാൽ ഒന്നും തൃപ്തികരമായിരുന്നില്ല. 'തട്ടത്തിൻ മറയത്ത്' എന്ന പേര് കേൾക്കുമ്പോൾ അതൊരു മുസ്ലിം പെൺകുട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ് എന്ന് ആളുകൾക്ക് മനസിലാവും. 'ജേക്കബിന്റെ സ്വർഗരാജ്യവും' അങ്ങനെ തന്നെയാണ്.
'തിര' കൈകാര്യം ചെയ്ത വിഷയം ഒരുപാട് പരന്നതായിരുന്നു. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആ സിനിമ ചർച്ച ചെയ്തിരുന്നു. അതിനാൽ തന്നെ തിര എന്ന പേര് യോജിച്ചതായിരുന്നു.
പ്രിയദർശന്റെ സിനിമകൾ ശ്രദ്ധിച്ചാൽ 'ചിത്രം', 'കിലുക്കം' പോലെ സിനിമയുടെ ഫീലിനോട് ചേർന്നു നിൽക്കുന്ന പേരുകളാണ്. പ്രത്യേകിച്ച് ഒരു വിഷയത്തിലേക്ക് വിരൽ ചൂണ്ടുന്നതല്ല. ഹൃദയം എന്ന പേരിട്ടത് പ്രേക്ഷകർക്ക് അതിനോട് കണക്ഷൻ കിട്ടാനാണ്. വിശകലനാത്മകമായി കാണുന്നതിന് പകരം ഹൃദയം കൊണ്ട് കാണേണ്ട സിനിമ ആണിത്,' വിനീത് പറഞ്ഞു.
'മറ്റൊരു കടമ്പ നേരത്തെ ഈ പേര് ആരെങ്കിലും ഉപയോഗിച്ചോ എന്നുള്ളതായിരുന്നു. ആർക്ക് വേണമെങ്കിലും തെരഞ്ഞെടുക്കാൻ സാധിക്കുന്ന പേര് ആണിത്. ഭാഗ്യവശാൽ അന്വേഷിച്ചുവന്നപ്പോൾ ഒരു സിനിമക്കും ഹൃദയം എന്ന പേര് ഇല്ലായിരുന്നു,' വിനീത് കൂട്ടിച്ചേർത്തു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലും ഹൃദയം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു. വിദേശ രാജ്യങ്ങളിലും ചിത്രം വലിയ വിജയമാണ് നേടിയത്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണവ്, കല്യാണി, ദർശന എന്നിവരുടെ പ്രകടനങ്ങൾ മികച്ച അഭിപ്രായം നേടിയിരുന്നു.
ചിത്രത്തിലെ നായകനും നായികയും ഭക്ഷണം കഴിച്ച ഹോട്ടലിന്റെ വിവരങ്ങൾ തിരക്കിയവർക്ക് വിനീത് ശ്രീനിവാസൻ മറുപടി നൽകിയിരുന്നു. 'ഹൃദയം' കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്.
സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ് എന്ന് വിനീത് ശ്രീനിവാസൻ ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നു.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് 'ഹൃദയം' നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിത്താര സുരേഷാണ്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിർമ്മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
പ്രണവ് മോഹൻലാലിന് പുറമേ ദർശന, കല്യാണി പ്രിയദർശൻ, അരുൺ കുര്യൻ, പ്രശാന്ത് നായർ, ജോജോ ജോസ് തുടങ്ങിയവർ അഭിനയിക്കുന്നു. 'ജേക്കബിന്റെ സ്വർഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വർഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയിരിക്കുന്നത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായതിനാൽ റിലീസിനായി വലിയ കാത്തിരിപ്പുമായിരുന്നു. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുമാണ് 'ഹൃദയം' കണ്ടവരുടെ അഭിപ്രായങ്ങൾ.




