കൊച്ചി: വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന സിനിമ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും, ദർശന രാജേന്ദ്രനും ഒന്നിക്കുന്ന സിനിമ ജനുവരി 21 നാണ് റിലീസ് ചെയ്യുന്നത്. പ്രണവിനെ ആദ്യമായി കണ്ടുമുട്ടിയ ഓർമ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് വിനീത് പ്രണവിനെ പറ്റി പറഞ്ഞത്.

'പ്രണവിനെ ഞാൻ ആദ്യമായി കാണുന്നത് അമ്മയുടെ ഷോയിൽ വച്ചാണ്. അമ്മയുടെ ആദ്യ ഷോ ആയിരുന്നു അത്. കമൽഹാസനായിരുന്നു ഗസ്റ്റ്. ഞാനിരിക്കുന്ന സീറ്റിന്റെ കുറച്ച് അപ്പുറത്തായി ദുൽഖർ ഇരിപ്പുണ്ട്. ദുൽഖറിന്റെ മടിയിലാണ് പ്രണവ് ഇരിക്കുന്നത്. ദുൽഖർ അന്ന് കുട്ടിയാണ്. അതിലും കുട്ടിയാണ് പ്രണവ്. അങ്ങനെയാണ് ഞാൻ ആദ്യമായി കാണുന്നത്.

മാനം തെളിഞ്ഞേ നിന്നാൽ എന്ന പാട്ടിന്, തേന്മാവിൻകൊമ്പത്തിലെ ഡ്രസ് ഒക്കെ ഇട്ട് ലാലങ്കിൾ ഡാൻസ് കളിക്കുകയാണ്. അപ്പോൾ ഫാന്റയുടെ ഒരു ടിൻ ഒക്കെ കുടിച്ച് അപ്പു ലാലങ്കിളിന്റെ ഡാൻസ് കാണുകയായിരുന്നു,' വിനീത് പറഞ്ഞു. സംഗീതത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ 15 ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. വർഷങ്ങൾക്ക് ശേഷം കാസറ്റിലും ഒരു മലയാളസിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാലായിരുന്നു ഹൃദയം ഓഡിയോ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അജു വർഗ്ഗീസ്,അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വർഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.