തിരുവനന്തപുരം: അമ്പലമുക്കിലെ ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട് കാവൽകിണർ സ്വദേശി രാജേന്ദ്രൻ കൊടും കുറ്റവാളിയെന്ന് പൊലീസ്. പ്രതി രാജേഷ് എന്ന രാജേന്ദ്രൻ മുൻപും കുറ്റകൃത്യം ചെയ്ത വ്യക്തിയാണെന്നും 2014ൽ തമിഴ്‌നാട്ടിൽ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ആ കേസിലെ വിചാരണ തുടങ്ങുന്നതിന് മുൻപ് ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു.

ഗുണ്ടാപട്ടികയിലും ഇയാൾ ഉണ്ടായിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. കൊലപാതക കേസിലെ വിചാരണ തുടങ്ങുന്നതിനു മുൻപ് ഇയാൾ കേരളത്തിലേക്കു കടന്ന് പേരൂർക്കടയിലെ ഹോട്ടലിൽ സപ്ലെയറായി ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്.

ഫെബ്രുവരി ആറിന് ഞായറാഴ്ച ലോക്ഡൗണായിരുന്നതിനാൽ ഇയാൾക്ക് ജോലിക്ക് പോകേണ്ടായിരുന്നു. അന്ന് കറങ്ങി നടക്കുന്നതിനിടെയാണ് അമ്പലംമുക്കിലെ വിനീത ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയത്. മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ പുറത്തിറങ്ങിയത്. മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരൂർക്കടയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള അമ്പലമുക്കിലേക്ക് എത്തിയത്. മറ്റൊരു സ്ത്രീയെ പിന്തുടർന്നാണ് പ്രതി അമ്പലംമുക്കിൽ നിന്നും ചെടി വിൽപന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവൻകോണം റോഡിലേക്ക് പോയത്. ഇതിനിടെ ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായി. തുടർന്നാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടത്.

ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന ഇവിടേക്ക് എത്തി രാജേന്ദ്രൻ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. തുടർന്ന് ഇയാളുടെ പ്രവർത്തിയിൽ ഭയപ്പെട്ട വിനീത നിലവിളിക്കാൻ തുടങ്ങി. ഇതോടെ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തിൽ ആവർത്തിച്ച് കുത്തിയ ശേഷം മരണം ഉറപ്പിക്കാനായി സമീപത്തെ പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു. മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും ടാർപ്പോളിൻ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തു.

മാലപൊട്ടിക്കുന്നത് പതിവാക്കിയ രാജേന്ദ്രൻ മോഷണ ശ്രമത്തിനിടെ തന്നെ എതിർത്താൽ കത്തികൊണ്ട് ആക്രമിക്കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. കൊലപാതകം നടത്തിയ ശേഷം തൊട്ടടുത്ത ദിവസം വീണ്ടും പേരൂർക്കടയിലെത്തിയിരുന്നു. ഈ സമയം നഗരം മുഴുവൻ പൊലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. പേരൂർക്കടയിലെത്തിയ പ്രതി തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകം നടത്തുന്നതിനിടെ ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇത് കാണിച്ചാണ് അവധി ചോദിച്ചത്.

കൈയിലേറ്റ മുറിവ് തന്നെയാണ് പ്രതി രാജേന്ദ്രനെതിരെ പൊലീസിന് ലഭിച്ച നിർണായക തെളിവും. പ്രതിയെ തിരക്കിയുള്ള പൊലീസിന്റെ ലേബർ ക്യാമ്പുകളിലെ അന്വേഷണം കൈയിൽ മുറവേറ്റതിനാൽ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തി. എന്തിനാണ് ഇയാൾ നാട്ടിലേക്ക് പോയതെന്ന് അന്വേഷിക്കുന്നതിനിടെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട പ്രതിയെന്ന സംശയിക്കുന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യവും മറ്റ് തൊഴിലാളികളിൽ നിന്ന് പൊലീസിന് മനസ്സിലാക്കാൻ കഴിഞ്ഞു.

മോഷണ ശ്രമം തടുക്കാൻ ശ്രമിച്ചപ്പോഴാണ് രാജേന്ദ്രൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കുത്തിവീഴ്‌ത്തിയത്. മോഷണം മാത്രമായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പ്രതിയെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. തമിഴ്‌നാട്ടിൽ ക്രിമിനൽ ലിസ്റ്റിലുള്ള പ്രതി എല്ലായിപ്പോഴും കൈവശം കത്തി കരുതാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്കു കടന്ന ഇയാൾ വീണ്ടും ഹോട്ടലിൽ തിരിച്ചെത്തിയിരുന്നു. കൊലപാതകത്തിനിടെ കയ്യിൽ ഉണ്ടായ മുറിവ്, ജോലിക്കിടെ സംഭവിച്ചതാണെന്നാണ് ഹോട്ടൽ ഉടമയോട് പറഞ്ഞത്. ഹോട്ടൽ ഉടമയെയും കൂട്ടി ഇയാൾ ആശുപത്രിയിലെത്തി ചികിത്സതേടി. പിന്നീട് വീണ്ടും നാട്ടിലേക്കു മടങ്ങി. ചോദ്യം ചെയ്യലിനിടെ പലതവണ പ്രതി കാര്യങ്ങൾ മാറ്റിപ്പറഞ്ഞത് പൊലീസിനു വെല്ലുവിളിയായി. സാക്ഷി ഇല്ലാതിരുന്നത് അന്വേഷണത്തെ ബാധിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആളെ കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ഇയാൾ പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പേരൂർക്കട ഭാഗത്ത് ഹോട്ടലിൽ ജോലി ചെയ്യുന്നതായി മനസ്സിലാക്കിയിരുന്നു.

ആറാം തീയതി ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളിൽ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവദിവസം കടയിൽനിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുകയായിരുന്നു. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു.

ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആളുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഷാഡോ പൊലീസും അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഇയാൾ തമിഴ്‌നാട്ടിൽ ഉണ്ട് എന്ന വിവരം ലഭിക്കുകയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം അതിഥിതൊഴിലാളികൾ താമസിക്കുന്ന വിവിധ ക്യാമ്പുകളിൽ നടത്തിയ പരിശോധനയ്ക്ക് പുറമേയാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.

തുടർന്ന് തമിഴ്‌നാട്ടിലെത്തി നാഗർകോവിൽ പൊലീസിന്റെ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി മുൻപും കൊലപാതക കേസിലെ പ്രതിയാണെന്നും കൊടുംകുറ്റവാളിയാണെന്നും പൊലീസിന് മനസ്സിലാക്കാൻ കഴിഞ്ഞത്. പ്രഭാത സവാരിക്കിടെയാണ് കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാൾ കൊലപ്പെടുത്തിയത്. സ്വർണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഈ കൊലപാതകവും പ്രതി നടത്തിയത്.

പണത്തിനുവേണ്ടി മോഷണം നടത്തുന്നതു വിനീത ചെറുത്തുനിന്നതോടെ കുത്തിക്കൊല്ലുകയായിരുന്നു. വിനീതയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റു. കുത്തിക്കൊന്നശേഷം ടാർപോളിൻ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച ഒരാൾ മാത്രമേ കടയിൽ ഉണ്ടാകാറുള്ളൂ. 3 ജീവനക്കാരിൽ വിനീതയ്ക്കായിരുന്നു ഞായറാഴ്ചത്തെ ഡ്യൂട്ടി. ചെടി വാങ്ങാനെത്തിയവർ കടയിൽ ആരെയും കാണാത്തതിനെ തുടർന്ന് ഉടമയെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. ഫോൺ എടുക്കാത്തതിനെ തുടർന്ന് ഉടമ സമീപത്തെ കടയിലെ ജീവനക്കാരിയെ വിവരം തിരക്കാൻ പറഞ്ഞയച്ചു. അവരാണ് മൃതദേഹം ആദ്യം കണ്ടത്.