കോഴിക്കോട്: കോവിഡ് ചതിച്ചു. സിനിമയില്ല, സീരിയലില്ല. വിദേശരാജ്യങ്ങളിലെ സ്റ്റേജ്ഷോകളുമില്ല. ആർട്ടിസ്റ്റ് വിസ കിട്ടാൻ പ്രയാസം. അപ്പോൾ അടുത്ത കൂട്ടുകാർ ട്രോളിയതാണ്. എം 80 മൂസയെപ്പോലെ മീൻ ച്ചാടം തുടങ്ങിക്കോളാൻ. പക്ഷേ വിനോദ് കോവുർ സീരിയാസായി. 350 എപ്പിസോഡ് നീണ്ട എം 80 മൂസയിലെ മീൻകാരനായി തകർത്ത നടൻ വിനോദ് കോവുർ ശരിക്കും മത്സ്യവിൽപ്പനക്കാരനാവുകയാണ്.

മീൻകച്ചവടത്തിന് ഈ ഓണത്തിന് തുടക്കം കുറിക്കും. എം 80യിൽ മീൻകൊട്ടയുമായി പായുന്ന വേഷമായിരുന്നു സീരിയിലിലെങ്കിൽ ഇവിടെ ശീതീകരിച്ച മീൻകടയിലാണ് വിൽപ്പന. ജീവിതത്തിൽ ഇതൊരു പുതിയ എപ്പിസോഡാണെന്ന് വിനോദ് പറഞ്ഞു. 'അഭിനയം, മിമിക്രി, പാട്ട്, ഇതല്ലാതെ വേറൊന്നുമറിയില്ല. അഞ്ചുമാസായി അഞ്ചു കായ് വരവില്ല. ശരിക്കുംപെട്ടിരിക്കയാ. അതിജീവിക്കാനാണീ പരിപാടിക്കിറങ്ങുന്നത്'- വിനോദ് പറഞ്ഞു.

കോവിഡ് മാരി തീർത്ത പ്രതിസന്ധിയെ വെല്ലാനാണ് മീൻകാരനായി അഭിനയിച്ച കലാകാരൻ അതേ ജോലിക്കിറങ്ങുന്നത്. അഭിഭാഷകനായ സഹോദരൻ മനോജ് 'നിയമോപദേശം' നൽകി. റോഡരികിലെ കച്ചവടങ്ങൾ ഒന്നൊന്നായി നിരോധിക്കപ്പെടുകയാണ്. അപ്പോൾ കടയ്ക്ക് നല്ല സാദ്ധ്യതയുണ്ട്. പാർട്ണർമാരിൽ രണ്ടുപേർ ചാലിയത്ത് മത്സ്യബന്ധന ബോട്ടുള്ളവരാണ്. തുടർച്ചയായി നല്ല മത്സ്യംകിട്ടാൻ ഇത് വഴിയൊരുക്കും. മറ്റുരണ്ടുപേർ ഐ.ടി.രംഗത്ത്് തിരിച്ചടി നേരിട്ടവർ. 'പൊരിച്ചോളീ, കറിവെച്ചോളീ...' എന്നെഴുതിയ ഒന്നാംതരം പായ്ക്കിൽ മുറിച്ച് വൃത്തിയാക്കി മസാലപുരട്ടിയ മീൻ വീടുകളിലെത്തിക്കാനും ഒരുക്കങ്ങളായിട്ടുണ്ട്.

സീരിയലിലെ നായകൻ മൂസക്കായിയുടെ പേരിലാണ് (മൂസക്കായ്‌സ് സീ ഫ്രഷ്) വിനോദ് കോവൂരിന്റെ ശീതീകരിച്ച ഫിഷ്സ്റ്റാളും. കോഴിക്കോട് ബൈപാസിൽ ഹൈലൈറ്റ് മാളിനടുത്തായി അടുത്ത ദിവസം സീ ഫ്രഷിന് തുടക്കമാകും. 47 സിനിമകളിലും അതിലേറെ സീരിയലിലും അഭിനയിച്ച ഈ നടൻ ഗൾഫിലും അമേരിക്കയിലുമെല്ലാം നിരവധി സ്റ്റേജ്‌ഷോ അവതരിപ്പിച്ച ജനപ്രിയ കലാകാരനാണ്. കോവിഡ്കാലത്ത് പ്രചോദനമേകുന്ന സന്ദേശവുമായി മൂന്നോളം ഹ്രസ്വസിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. അതിലുമപ്പുറം മഹാമാരിയാൽ ജീവിതം പട്ടിണിയിലായ ഇരുപതോളം കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകിയ നന്മമനസ്സിന്റെ ഉടമയുമാണ്.

കോഴിക്കോട് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കടയുടെ പരസ്യത്തിനായി മൂസക്കായിയുടെ ചിത്രമുള്ള കൂറ്റൻ കട്ടൗട്ട് ഉടനുയരും. കൊച്ചിയിൽ 14 ഇടത്ത് രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും ചേർന്ന് മത്സ്യവിപണനശൃംഖലയൊരുക്കിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിന് പോയപ്പോൾ അതുപോലെ കോഴിക്കോട്ടും ആരംഭിക്കാൻ അവർ പ്രേരിപ്പിച്ചിരുന്നു.

കോവിഡ്കാലത്ത് ഒട്ടേറെ ഹ്രസ്വചിത്രങ്ങൾ സംവിധാനംചെയ്തിരുന്നു. മത്സ്യസ്റ്റാൾ തുടങ്ങിയാലും കലാജീവിതം തുടരും. ഇപ്പോൾ ഇങ്ങനെയൊരു കട അത്യാവശ്യമായെന്നുമാത്രം-47 സിനിമകളിലും അതിലേറെ സീരിയലുകളിലും അഭിനയിച്ച താരം പറയുന്നു.