- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്വേഷണം അതിവേഗം പുരോഗമിക്കുന്നു, പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു, ഞങ്ങൾ അയാളുടെ തൊട്ടുപിന്നിലുണ്ട്'; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ട് മൂന്നു വർഷം; അടൂർ മണക്കാല സ്വദേശി വിനോദ് കുമാറിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി; വിനോദിനെ കൊന്നത് സിപിഎം നേതാക്കളുടെ സ്പിരിറ്റ് കടത്ത് ചോദ്യം ചെയ്തതിനെന്ന് ബന്ധുക്കൾ
അടൂർ: തുവയൂർ സൗത്ത് മാഞ്ഞാലി അരുവാൻകോട്ടു വിളയിൽ വൈക്കം മണിയെന്ന പേരിൽ അറിയപ്പെടുന്ന വിനോദ്കുമാർ (27) ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് 13 വർഷം. വർഷങ്ങൾ നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് വൈകിപ്പിക്കുകയാണ്. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ പ്രതിപ്പട്ടികയിൽ വരുമെന്ന് കണ്ടാണ് അന്വേഷണം അട്ടിമറിക്കുന്നതെന്ന് വിനോദിന്റെ മാതാവും സഹോദരനും ആരോപിക്കുന്നു.
2008 മാർച്ച് 11 ന് പുലർച്ചെയാണ് മണ്ണടി താഴത്ത് കോന്നോൻ ഏലായിൽ വിനോദിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിൽ ധാരാളം മുറിവും ചതവുമുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ശരീരത്തിൽ 24 മുറിവുകളും പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. ഉന്നത സിപിഎം നേതാക്കളുടെ ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട വിനോദ്കുമാറെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. സ്പിരിറ്റ് കടത്തിനും മറ്റും നേതാക്കൾ വിനോദിനെ ഉപയോഗിച്ചു.
ഇതു കാരണം അബ്കാരി കേസുകളിൽ പ്രതിയുമായി. അന്നത്തെ ഏനാത്ത് എസ്ഐ ജോൺ ഇതൊരു കൊലപാതകമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ക്രൂരമായ കൊലപാതകമായിരുന്നിട്ടു കൂടി പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. വിനോദിന്റെ മാതാവ് സുകുമാരിയമ്മ, സഹോദരൻ സന്തോഷ്കുമാർ എന്നിവർ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു.
മരിക്കുന്നതിന് തലേന്ന് രാവിലെ കണിമലയിലുള്ള ശശി, നിലമേലുള്ള കുമാർ, വിശ്വനാഥൻ എന്നിവർക്കൊപ്പം തടിപ്പണിക്കു പോയ വിനോദ് വൈകിട്ട് 5.30 ന് മണ്ണടി മുക്ക് ജങ്ഷനിൽ വന്നുവെന്നും അവിടെ നിന്ന് ഒരു ഓട്ടോയിൽ കയറി പോയെന്നും തനിക്ക് വിവരം ലഭിച്ചുവെന്ന് സുകുമാരിയമ്മ പറയുന്നു. വിനോദിനെ വിളിച്ചു കൊണ്ടു പോയി ആസൂത്രിതമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുകുമാരിയമ്മയ്ക്ക് ഉറപ്പുണ്ട്. ഇതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പിന്നിൽ പ്രവർത്തിച്ചുവെന്ന് കരുതുന്ന അടൂരിലെ ഉന്നത സിപിഎം നേതാക്കളുടെ പേര് സഹിതമാണ് പരാതി നൽകിയത്. ഇവരുടെ പേര് പരാതിയിൽ ഉൾപ്പെടുത്താൻ കാരണമായത് പല തവണ വീട്ടിൽ വന്ന് ഇവർ വിനോദിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതാണ്.
സിപിഎം പ്രവർത്തകനായിരുന്ന സമയത്ത് നേതാക്കൾക്ക് വേണ്ടി സ്പിരിറ്റ് കടത്തിയതിന് വിനോദ് അബ്കാരി കേസിൽ ഉൾപ്പെട്ടു. നേതാക്കളുടെ ഗുണ്ടയായി വിനോദിനെ ഉപയോഗിക്കുകയായിരുന്നു. ഇവരുടെ അഴിമതിയും അവിഹിത ബന്ധങ്ങളും സംബന്ധിച്ച് വിനോദിന് അറിവുണ്ടായിരുന്നു. അയൽവാസിയും സിപിഎം പ്രവർത്തകനുമായ സത്യനുമായി നിരന്തരം വിനോദ് വഴക്കുണ്ടാക്കിയിരുന്നു. സത്യന്റെ മകനെ പല തവണ മർദിക്കുകയും വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ഇതു കാരണം സ്ഥലത്തെ സിപിഎമ്മിന്റെ പ്രധാന നേതാക്കളായ മനോജ്, വിശ്വംഭരൻ, അനിലാ ജോർജ് എന്നിവരുമായി വിനോദ് കടുത്ത ശത്രുതയിലായി. 2007 ൽ മനോജിന്റെ നേതൃത്വത്തിൽ വിനോദിനെ ഒരു ഓമ്നി വാനിൽ തട്ടിക്കൊണ്ടു പോയി മണ്ണടി മുടിപ്പുര ക്ഷേത്രത്തിന് സമീപമുള്ള വായനശാലയുടെ മുന്നിലുള്ള പോസ്റ്റിൽ പിടിച്ചു കെട്ടി മർദിച്ചവശനാക്കിയെന്നും ബന്ധുക്കൾ പറയുന്നു.
മൃതപ്രായനായ വിനോദിനെ അവിടെ ഉപേക്ഷിച്ചു മടങ്ങി. ഇതിന് ശേഷം വിനോദും സിപിഎം നേതാക്കളുമായി പരസ്യമായ വാക്കേറ്റം ഉണ്ടായി. കൊല്ലപ്പെടുന്നതിന് മൂന്നുമാസം മുൻപ് രണ്ടു തവണ മനോജിന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ വിനോദിനെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് മാതാവിന്റെ പരാതിയിലുണ്ട്. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് വീട്ടിലെത്തിയ മനോജും സംഘവും തള്ളേ, നിന്റെ കണ്ണിൽ നിന്ന് ചോര ചാടിക്കുമെടീ നീ അവനെ നാടുകടത്തിയില്ലെങ്കിൽ എന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സുകുമാരിയമ്മ പറയുന്നു.
പിന്നീടൊരിക്കൽ നിലമേൽ ജങ്ഷനിൽ വച്ച് വിനോദ് സിപിഎം നേതാക്കളെ പരസ്യമായി വെല്ലുവിളിച്ചു. തന്നെ അബ്കാരി കേസിൽ നിന്നൊഴിവാക്കിയില്ലെങ്കിൽ നേതാക്കളുടെ അവിഹിതകഥയും സ്പിരിറ്റ് മാഫിയ ബന്ധവും നാടുമുഴുവൻ വിളിച്ചു പറയുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ശേഷവും വിനോദിന്റെ വീട്ടിലെത്തിയ നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു.
കൊല്ലപ്പെടുന്നതിന് തലേന്ന് വൈകിട്ട് 5.30 ന് മണ്ണടി താഴത്ത് ബാർബർ ഷോപ്പിൽ മുടിവെട്ടുകയായിരുന്ന വിനോദിനെ രണ്ടു പേർ ചേർന്ന് ഓട്ടോയിൽ വിളിച്ചു കയറ്റി കൊണ്ടു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. ഈ വിവരമെല്ലാം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് വിനോദിന്റെ മാതാവും ദൃക്സാക്ഷികളും മൊഴിയായി നൽകിയിരുന്നു. ഇത്രയൊക്കെ തെളിവുണ്ടായിട്ടും പ്രതികളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യാൻ തയാറായില്ല. ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണം വൈകുന്നതിനെതിരേ സഹോദരൻ സന്തോഷ്കുമാർ ഹൈക്കോടതിയിൽ 2016 ൽ ഹർജി നൽകി.
2017 നവംബർ 28 ന് ഹർജി ജസ്റ്റിസ് കമാൽപാഷ തീർപ്പാക്കി. ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് തീർപ്പാക്കിയത്. വിനോദിന്റേതുകൊലപാതകമാണെന്നും അന്വേഷണം അതിവേഗം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞങ്ങൾ അയാളുടെ തൊട്ടുപിന്നിലുണ്ട്. ഏതാനും ആൾക്കാരെ കൂടി ചോദ്യം ചെയ്താൽ പ്രതിയെ അറസ്റ്റു ചെയ്യുമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ ഉറപ്പ്. ഇത് വിശ്വാസത്തിലെടുത്താണ് കോടതി ഹർജി തീർപ്പാക്കിയത്. അന്വേഷണം നിലവിലുള്ള വേഗത്തിൽ മുന്നോട്ടു പോകട്ടെയെന്നും അതിന് എന്തെങ്കിലും തടസം വരുന്ന പക്ഷം ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹർജി തീർപ്പാക്കി കൊണ്ട് കമാൽ പാഷ ഉത്തരവിട്ടിരുന്നു. അതിന് ശേഷം യാതൊരു നീക്കവും ക്രൈംബ്രാഞ്ചിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല.
അതുവരെ സന്തോഷിനും മാതാവിനും ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കളുടെയും സഹായം കേസ് നടത്താൻ ലഭിച്ചിരുന്നു. പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്ന് കോടതിയിൽ പറഞ്ഞതോടെ കോൺഗ്രസ്, ബിജെപി നേതാക്കളുമായി സിപിഎമ്മിന്റെ നേതാക്കൾ ധാരണയിലെത്തി. കേസിന് പിന്നിൽ അടിയുറച്ച് നിന്ന ബിജെപി നേതാവിനെ ഭാര്യയെ ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് നിശബ്ദനാക്കിയത്. കോൺഗ്രസ് നേതാക്കളെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും പിന്മാറ്റി. കൂടെ നിൽക്കാൻ ആരുമില്ലാതെ വന്നതോടെ മാതാവും സഹോദരനും നിരാശയിലാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്