കൊച്ചി: മലപ്പുറം വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഇവരെ ഹൈക്കോടതി വെറുതേ വിട്ടത് തെളിവുകളുടെ അഭാവത്തിൽ. ഒന്നാം പ്രതിയും ഭാര്യയുമായ എറണാകുളം എളമക്കര സ്വദേശി ജസീന്ത ജോർജ് (55), ഇവരുടെ വാടകക്കാരനായിരുന്ന രണ്ടാം പ്രതി എളമക്കര സ്വദേശി മുഹമ്മദ് യൂസഫ് എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.

മഞ്ചേരി സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരേയാണ് പ്രതികൾ അപ്പീൽ നൽകിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.

2015 ഒക്ടോബർ ഒമ്പതിന് രാവിലെയാണ് വളാഞ്ചേരിയിലെ വീട്ടിൽ വിനോദിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ജസീന്തയ്ക്കും കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. അയൽക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ജസീന്ത ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. യൂസഫിന്റെ സഹായത്തോടെ വിനോദിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി ഇവരെ അറസ്റ്റ് ചെയ്തു.

ഇറ്റലിയിൽ നഴ്‌സായിരുന്നു ജസീന്ത. അവിടെ വച്ചാണ് വിനോദിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. ജസീന്തയോടൊപ്പം എറണാകുളത്ത് താമസിക്കുന്നതിനിടെയാണ് വിനോദ് വളാഞ്ചേരിയിൽ ഗ്യാസ് ഏജൻസി തുടങ്ങിയത്.

ഇതിനിടെ ഗുരുവായൂർ സ്വദേശിനിയായ മറ്റൊരു സ്ത്രീയെ ഇയാൾ വിവാഹം കഴിച്ചു. ഭർത്താവിന്റെ പേരിൽ താൻ വാങ്ങിയ ഭൂമിയും വീടുകളും നഷ്ടമാകുമെന്ന ഭീതിയിൽ ജസീന്ത യൂസഫിന്റെ സഹായത്തോടെ കൊല നടത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതൊന്നും തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവിലും മറ്റുമുള്ള പൊരുത്തക്കേടുകൾ വിലയിരുത്തിയാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

ജസീന്തയുടെ കഴുത്തിലെ മുറിവ് അവർ തന്നെ ഉണ്ടാക്കിയതാണെന്ന പ്രോസിക്യൂഷന്റെ വാദം വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞു. സംഭവ സമയത്ത് യൂസഫ് വളാഞ്ചേരിയിലെ വീട്ടിൽ ഉണ്ടായിരുന്നതിന് തെളിവില്ല. യൂസഫ് സഞ്ചരിച്ചതായി പറയുന്ന ബസിലെ കണ്ടക്ടർക്കും ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയ്റ്റർക്കും ഇയാളെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഖംമൂടിയണിഞ്ഞ ഒരാൾ വീട്ടിൽ കയറി ആക്രമിച്ചതാണെന്ന് ജസീന്ത പറഞ്ഞതിൽ അന്വേഷണം നടത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ രഞ്ജിത് ബി.മാരാർ, പി.കെ.വർഗീസ്, അരുൺ കൃഷ്ണൻ എന്നിവർ ഹാജരായി.