- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ഞാലിക്കാരൻ വിനോദിനെ കൊല്ലുന്നതിന് മുൻപ് കെട്ടിയിട്ട് അടിക്കാൻ തട്ടിക്കൊണ്ടു പോയ മാരുതി വാൻ പൊളിച്ചു വിറ്റു; വാനിന്റെ ഉടമയെ സിപിഎമ്മിലെടുത്ത പഞ്ചായത്ത് അംഗവുമാക്കി; മനോജ് സിംഗപ്പൂരിലേക്ക് പോയത് ഈ മുതലാളിയുടെ ചെലവിൽ; വിനോദിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തലിൽ ഇവർക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യം
അടൂർ: തുവയൂർ സൗത്ത് മാഞ്ഞാലി അരുവാൻകോട്ടു വിളയിൽ വൈക്കം മണിയെന്ന പേരിൽ അറിയപ്പെടുന്ന വിനോദ് കുമാർ(27) കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജിന്റെ നേതൃത്വത്തിൽ ക്രൂരമായി പീഡിപ്പിച്ചിരുന്നു. മനോജിന്റെയും സംഘത്തിന്റെയും അവിഹിത ബന്ധങ്ങളും വഴിവിട്ട നീക്കങ്ങളും പൊതുസമൂഹത്തിൽ വിളിച്ചു പറഞ്ഞുവെന്നതാണ് കുറ്റം. തങ്ങളെ എതിർക്കുന്നവരെ കൊണ്ടു പോയി കൈകാര്യം ചെയ്യാൻ ഇവർ ഒരു സങ്കേതം തന്നെ ഒരുക്കിയിരുന്നു.
2007 ൽ മനോജിന്റെ നേതൃത്വത്തിൽ വിനോദിനെ ഒരു ഓമ്നി വാനിൽ തട്ടിക്കൊണ്ടു പോയി മണ്ണടി മുടിപ്പുര ക്ഷേത്രത്തിന് സമീപമുള്ള വായനശാലയുടെ മുന്നിലുള്ള പോസ്റ്റിൽ പിടിച്ചു കെട്ടി മർദിച്ചവശനാക്കിയെന്നും ബന്ധുക്കൾ പറയുന്നുണ്ട്. മൃതപ്രായനായ വിനോദിനെ അവിടെ ഉപേക്ഷിച്ചു മടങ്ങി. ഇതിന് ശേഷം വിനോദും സിപിഎം നേതാക്കളുമായി പരസ്യമായ വാക്കേറ്റം ഉണ്ടായി.
അന്ന് വിനോദിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാൻ നിലവിൽ ഇല്ല. ഈ വാഹനം ആക്രിക്കാർക്ക് പൊളിച്ചു കൊടുത്തുവെന്നാണ് വിവരം. വാനിന്റെ ഉടമ ഇപ്പോഴത്തെ കടമ്പനാട് പഞ്ചായത്തംഗം ലിന്റോ യോഹന്നാൻ ആണെന്ന് വിനോദിന്റെ ബന്ധുക്കൾ പറയുന്നു. അന്ന് പാർട്ടിയിലൊന്നും ലിന്റോ ഇല്ലായിരുന്നു. ഈ സംഭവത്തിന് ശേഷം ലിന്റോയെ സിപിഎമ്മിലേക്ക് കൊണ്ടു വന്നത് മനോജാണ്. ഇപ്പോൾ പഞ്ചായത്തിലേക്ക് മത്സരിക്കാനുള്ള ഒത്താശയും ചെയ്തു കൊടുത്തു. വ്യവസായി കൂടിയായ ലിന്റോയുടെ ആതിഥ്യം സ്വീകരിച്ചാണ് മനോജ് സിംഗപ്പൂരിലേക്ക് പോയത്.
ഇതിനായി ചട്ട വിരുദ്ധമായി പാസ്പോർട്ട് സംഘടിപ്പിച്ചു. പത്തിലധികം ക്രിമിനൽ കേസുള്ള മനോജിന് ഒരു കാരണവശാലും പാസ്പോർട്ട് അനുവദിക്കാൻ പാടില്ലാത്തതാണ്. പൊലീസ് വേരിഫിക്കേഷനിൽ ക്രിമിനൽ കേസുള്ള കാര്യം വ്യക്തമാക്കി പാസ്പോർട്ട് ഓഫീസിലേക്ക് റിപ്പോർട്ട് അയയ്ക്കണം. എന്നാൽ ഏനാത്ത് പൊലീസ് സ്റ്റേഷനിലെ ബിജു രവീന്ദ്രൻ എന്ന പൊലീസുകാരൻ മനോജിന് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചു. പാസ്പോർട്ട് ലഭിക്കുകയും ചെയ്തു. വളരെ രഹസ്യമായി മനോജ് നടത്തിയ വിദേശയാത്ര പാർട്ടിക്കാർ തന്നെ പുറത്തു കൊണ്ടുവരികയും വിവാദമാവുകയും ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മനോജിന് എങ്ങനെ പാസ്പോർട്ട് കിട്ടി എന്ന ചോദ്യമാണ് പാർട്ടിക്കാർ ഉയർത്തിയത്.
മറുനാടൻ ഈ വാർത്ത പുറത്തു വിട്ടതോടെ പൊലീസിനെതിരേ അന്വേഷണം തുടങ്ങി. ഏനാത്ത് സ്റ്റേഷനിലെ പൊലീസുകാരൻ ബിജു രവീന്ദ്രനെതിരേ വകുപ്പു തല അന്വേഷണം തുടങ്ങിയെങ്കിലും ഭരണ സ്വാധീനം കൊണ്ട് മനോജ് അത് അട്ടിമറിച്ചു. ബിജുവിനെതിരേ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, അയാൾ വർഷങ്ങളായി ഏനാത്ത് സ്റ്റേഷനിൽ തുടരുന്നു. മനോജിന്റെ പാസ്പോർട്ട് വിഷയം വീണ്ടും മറുനാടൻ കുത്തിപ്പൊക്കിയതോടെ ബിജു രവീന്ദ്രനെ ഏനാത്ത് നിന്ന് കൊടുമണിലേക്ക് മാറ്റാനുള്ള കരുക്കൾ നീക്കുകയാണ് മനോജ്. ഇതിനായി ഉന്നത സിപിഎം നേതാക്കളിൽ മനോജ് സ്വാധീനം ചെലുത്തിയെങ്കിലും നടന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ഇതിനുള്ള ശ്രമം തടയപ്പെട്ടു.
ഇങ്ങനെ മനോജിനെ വിദേശ സന്ദർശനത്തിന് കൊണ്ടു പോയതിന്റെ പേരിൽ പഞ്ചായത്ത് മെമ്പറായ ലിന്റോ കടമ്പനാട് പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടറെ കള്ളക്കേസിൽ കുടുക്കാൻ നീക്കം നടത്തിയിരുന്നു. യാഥാർഥ്യം മനസിലായ ഏനാത്ത്് എസ്എച്ച്ഓ ആ കേസ് എഴുതി തള്ളി. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റായ പ്രിയങ്ക പ്രതാപ് മാനദണ്ഡം ലംഘിച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടതിന്റെ പേരിലാണ് ഹെൽത്ത് ഇൻസ്പെക്ടർ ആയ സുരേഷ് കുഴിവേലിക്കെതിരേ മനോജും സംഘവും തിരിഞ്ഞത്.
മനോജിന്റെ നോമിനിയായിട്ടാണ് 22 വയസ് മാത്രമുള്ള പ്രിയങ്ക പ്രസിഡന്റ് കസേരയിൽ എത്തിയത്. പാർട്ടിയിലെ സീനിയറായിട്ടുള്ള വനിതാ നേതാക്കൾ ഉണ്ടായിരുന്നിട്ടും അവരൊന്നും തന്റെ വരുതിക്ക് നിൽക്കില്ലെന്ന് മനസിലാക്കിയാണ് പ്രിയങ്കയെ കൊണ്ടു വന്നത്. അങ്ങനെ മനോജിന്റെ സംരക്ഷണയിലുള്ള പ്രിയങ്കയ്ക്ക് എതിരേ വാർത്ത വന്നതാണ് വിരോധത്തിന് കാരണമായത്. സുരേഷ്കുഴിവേലിയെ പഞ്ചായത്ത് കമ്മറ്റി സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി അതിന് ഒത്താശ ചെയ്തുവെങ്കിലും സുരേഷ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്