കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിയും വരെ സിപിഎമ്മുമായി ബന്ധപ്പെട്ട ആരും കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. പല ന്യായങ്ങൾ പറഞ്ഞ് ചോദ്യം ചെയ്യൽ ഒഴിവാക്കും. അതിനിടെ ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു വീണ്ടും നോട്ടിസ് നൽകാനാണ് കസ്റ്റംസ് തീരുമാനം. സ്പീക്കർ ശ്രീരാമകൃഷ്ണനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.

ഇപ്പോൾ കസ്റ്റംസിന് മുമ്പിലെത്തുന്നത് തെരഞ്ഞടുപ്പിൽ ചർച്ചാവിഷയമാകും. ഇതൊഴിവാക്കാനാണ് മാറി നിൽക്കുന്നത്. അതിനിടെ കോടിയേരിയുടെ ഭാര്യയ്‌ക്കെതിരെ ശക്തമായ നിലപാട് എടുക്കാനാണ് കസ്റ്റംസ് ആലോചന. നോട്ടീസ് വീണ്ടും നൽകും. ഉടൻ ചോദ്യം ചെയ്യലിന് എത്തണമെന്നും ആവശ്യപ്പെടും. ഇത്തവണ വീട്ടിലെത്തി നേരിട്ടു നോട്ടിസ് കൈമാറുകയോ ആളില്ലെങ്കിൽ ചുമരിൽ പതിക്കുകയോ ചെയ്യാനാണ് ആലോചിക്കുന്നത്. ലൈഫ് മിഷനിൽ സ്വപ്‌നാ സുരേഷിന് കിട്ടിയ ഐഫോൺ വിനോദിനിയുടെ സിം ഇട്ട് ഉപയോഗിച്ചുവെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇത്.

ചോദ്യം ചെയ്യലിനു കഴിഞ്ഞ ബുധനാഴ്ച എത്താൻ ആവശ്യപ്പെട്ടു വട്ടിയൂർക്കാവിലെ വീട്ടുവിലാസത്തിലേക്ക് രജിസ്റ്റേഡ് തപാലിൽ അയച്ച നോട്ടിസ്, ആളില്ലെന്ന കാരണത്താൽ മടങ്ങി. ഇ മെയിലായും നോട്ടിസ് നൽകിയെങ്കിലും ലഭിച്ചില്ലെന്നാണു വിനോദിനിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് നോട്ടീസ് നേരിട്ട് കൈമാറുന്നത്. അതിന് ശേഷവും ചോദ്യം ചെയ്യലിന് എത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കും. ആവശ്യമെങ്കിൽ വിനോദിനിയെ അറസ്റ്റ ്‌ചെയ്ത് ചോദ്യം ചെയ്യും.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നു ചോദ്യം ചെയ്യലിനെത്തില്ലെന്നാണു വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുള്ളതിനാൽ, എത്താൻ അസൗകര്യമുണ്ടെന്നു സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. അടുത്ത തീയതി, സ്പീക്കറുടെ പ്രതികരണമനുസരിച്ചു തീരുമാനിക്കും. ഭരണ ഘടനാ പദവി വഹിക്കുന്ന വ്യക്തിയായതു കൊണ്ട് ശ്രീരാമകൃഷ്ണനെ കരുതലോടെ മാത്രമേ കസ്റ്റംസ് കൈകാര്യം ചെയ്യൂ. എന്നാൽ നിയമസഭയുടെ കാലാവധി കഴിഞ്ഞാൽ സ്പീക്കർ ഈ പരിഗണന കിട്ടില്ല. ഏതായാലും തെരഞ്ഞെടുപ്പ് തീരും വരെ ശ്രീരാമകൃഷ്ണനും ചോദ്യം ചെയ്യലിന് എത്തില്ലെന്ന് കസ്റ്റംസ് തിരിച്ചറിയുന്നു.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് വിനോദിനിയും ശ്രീരാമകൃഷ്ണനും ചോദ്യം ചെയ്യൽ ഒഴിവാക്കി മാറി നിൽക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണക്കരാർ കിട്ടുന്നതിന് കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോൺസുൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യിൽ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതിൽ വിശദീകരണം നൽകാനാണ് വിനോദിനിയോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്.

സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഫോൺ നൽകിയത് സ്വപ്ന സുരേഷിനാണെന്നും അത് ആർക്കൊക്കെ ലഭിച്ചെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പനും പ്രതികരിച്ചിരുന്നു. ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയിൽ കൈമാറിയതിന് പിറകെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ പുതിയ നീക്കം.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കോഴയായി യുഎഇ കോൺസൽ ജനറൽ ജമാൽ അൽസാബിക്ക് നൽകിയ ഐ ഫോൺ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഒരു ലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരം രൂപ വില വരുന്ന ഐഫോണാണിത്. ലൈഫ് മിഷൻ പദ്ധതിക്ക് കോഴ നൽകാൻ 6 ഐഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിയത്. ഇതിൽ എം ശിവശങ്കർ ഉൾപ്പെടെ അഞ്ച് ഐഫോണുകൾ ഉപയോഗിക്കുന്നവരെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

ആറാമത്തെ ഐഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിനോദിനി ബാലകൃഷ്ണനിലെത്തിയത്. വിനോദിനിയുടെ നമ്പറിൽ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാംമ്പിഗ് കമ്പനി യു.എ.എഫ്.എക്‌സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. കാർ പാലസ് ഉടമ കൂടിയായ ഇയാൾ ബിനീഷിന്റെ പാർട്ണറാണ്. സ്വർണ്ണക്കടത്ത് വിവാദമായതോടെ ഈ ഫോൺ പിന്നീട് ഉപയോഗിക്കാതായെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഈ ഫോൺ ബിനീഷ് കോടിയേരിയാണ് ഉപയോഗിച്ചതെന്നാണ് സൂചന. വിനോദിനിയുടെ പേരിലെ സിം ഇട്ടായിരുന്നു വിളി. അതാണ് വിനോദിനിയെ ചോദ്യം ചെയ്യാനുള്ള കാരണം. ഈ സത്യം പറഞ്ഞാൽ മകൻ ബിനീഷ് ഈ കേസിലും കുടുങ്ങും.

നിലവിൽ ബംഗളൂരു മയക്കുമരുന്ന് കേസിൽ കർണ്ണാടക ജയിലിലാണ് ബിനീഷ്്. ഈ കേസിൽ ജാമ്യം കിട്ടും വരെ ഡോളർ കടത്തിൽ വിനോദിനി കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കും. അല്ലാത്ത പക്ഷം കസ്റ്റംസിനോട് സത്യം പറഞ്ഞാൽ അതം ബംഗളൂരു കേസിലും വിനയാകും. വിനോദിനിയുടെ മൊഴി ബംഗളൂരു കോടതിയിൽ ഹാജരാക്കി ബിനീഷിന് ജാമ്യം കിട്ടുന്നതും കേന്ദ്ര ഏജൻസികൾ തടയും. ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള വിനോദിനിയുടെ നീക്കം.