മുംബൈ: ബോളിവുഡിന്റെ പഴയകാല നായകനും മുൻ കേന്ദ്രമന്ത്രിയും പാർലമെന്റംഗവുമായ വിനോദ് ഖന്ന (70) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. നിലവിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബിജെപി. എംപിയാണ്. മുംബൈ എച്ച് എൻ റിലൈൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

2015ൽ പുറത്തിറങ്ങിയ ദിൽവാലെയായിരുന്നു വിനോദ്ഖന്ന അഭിനയിച്ച അവസാന ചിത്രം. നൂറ്റി നാൽപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1997-ൽ ബിജെപിയിൽ ചേർന്നു. മൂന്നുതവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2002-ൽ വിനോദ് ഖന്ന കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു. വ്യവസായിയായ കെ.സി.ഖന്നയുടെ മകനായിട്ടാണ് വിനോദ് ജനിച്ചത് . ആദ്യകാല വിദ്യാഭ്യാസം മുംബൈയിലായിരുന്നു..

1968 ലെ മൻ ക മീത് എന്ന സുനിൽ ദത്ത് നിർമ്മിച്ച ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം ധാരാളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1970 - 80 കാലഘട്ടത്തിലെ ഒരു മുൻ നിര നായകനാകാൻ വിനോദ് ഖന്നക്ക് കഴിഞ്ഞു. 1999 ൽ ഫിലിംഫെയർ ജീവിതകാല പുരസ്‌കാരം ലഭിച്ചു. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങൾ ദീവാനപൻ (2002), റിസ്‌ക് (2007) എന്നിവയാണ്. 1997 ൽ തന്റെ മകനായ അക്ഷയ് ഖന്നയെ ചലച്ചിത്രമേഖലയിലേക്ക് കൊണ്ടു വന്നു.

1997 ൽ ഭാരതീയ ജനത പാർട്ടിയിൽ ചേർന്നു. ഗുർദാസ്പൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിനോദ് ഖന്ന ആദ്യം വിവാഹം ചെയ്തത് ഗീതാഞ്ജലിയെ ആണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. അക്ഷയ് ഖന്ന, രാഹുൽ ഖന്ന എന്നിവരാണ്. രണ്ട് പേരും ബോളിവുഡിൽ താരങ്ങളായി. 1990 ൽ ഇവരുടെ വിവാഹ മോചനം നേടി. പിന്നീട് കവിതയെ വിവാഹം ചെയ്യുകയും ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്.