കോട്ടയം: പിഎഫ് തുക പാസാക്കണമെങ്കിൽ ലൈംഗികബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ സർക്കാർ ഉദ്യോഗസ്ഥനെതിരെ കൂടുതൽ തെളിവുകൾ. സർക്കാർ എയ്ഡഡ് ഇൻസ്റ്റിട്യൂറ്റ് പ്രൊവിഡറ്റ് ഫണ്ട് രേഖപ്പെടുത്തുന്നതിലെ അപാകതയാണ് വിനോയ് ചന്ദ്രൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചൂഷണത്തിന് മറയാക്കിയത്. പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസർ കണ്ണൂർ തളിക്കാവ് സ്വദേശി ആർ വിനോയ് ചന്ദ്രൻ എത്തിയത് രാഷ്ട്രീയ സ്വാധീന മറവിലാണ്.

പിഫ് വിഹിതം പിടിച്ചെങ്കിലും പിഎഫ് ക്രഡിറ്റിൽ രേഖപ്പെടുത്തിയില്ല. കുട്ടികളുടെ കുവ് മൂലം ജോലി നഷ്ടപ്പെടുകയും അദ്ധ്യാപക ബാങ്ക് വഴി നിയമനം ലഭിക്കുകയും ചെയ്തവരാണ് പലരും. വിനോയ് ചന്ദ്രൻ ചൂഷണത്തിന് ശ്രമിച്ച അദ്ധ്യാപികയും ഇത്തരത്തിൽ ജോലി ചെയ്തയാളാണ്. ഇത്തരത്തിൽ നിരവധി പേർ സംസ്ഥാനത്ത് ഉണ്ട്. പ്രശ്നപരിഹാരത്തിനായി പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറെ സമീപിച്ചു. അപ്പോൾ അദ്ധ്യാപികയ്ക്ക് കിട്ടിയത് ഞെട്ടിക്കുന്ന മറുപടിയാണ്. അതുകൊണ്ടാണ് ഈ പീഡന ശ്രമം അഴിമതിക്കേസാകുന്നത്.

നിരന്തരം ലൈംഗിക ചുവയോടെ വാട്സാപ്പിൽ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന് പറഞ്ഞ വിനോയ് യുവതിയോട് നഗ്നയായി വാട്സാപ്പ് കോളിൽ വരാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതെ വന്നതോടെ താൻ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും കോട്ടയത്ത് മുറി എടുത്ത് പ്രശ്നം പരിഹരിക്കാമെന്നും അറിയിച്ചു. വരുമ്പോൾ 42 അളവിലുള്ള ഷർട്ട് വാങ്ങി വരണമെന്നും നിർദേശിച്ചു.

ഇതോടെ യുവതി വിജിലൻസ് എസ്‌പി വി.ജി വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.തുടർന്ന് വിനോയ് നിർദേശിച്ച പ്രകാരം ഷർട്ട് വാങ്ങി അതിൽ ഫിനോഫ്തലിൻ പൗഡറിട്ട് വിജിലൻസ് സംഘം യുവതിയെ ഹോട്ടൽ മുറിയിലേക്ക് അയച്ചു. യുവതി മുറിയിലേക്ക് കയറിയതിന് പിന്നാലെ വിജിലൻസ് സംഘവും ഇടിച്ചു കയറി. ഇതോടെ കുടുങ്ങിയെന്ന് വ്യക്തമായി. ഇതോടെ കരഞ്ഞു കാലു പിടിച്ച് രക്ഷപ്പെടാനും ശ്രമിച്ചു.

ഇയാൾ കൂടുതൽ സ്ത്രീകളെ വലയിലാക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടുകൾ. വിജിലൻ അറസ്റ്റ് ചെയ്ത ഇയാളുടെ ഫോണിൽ നിന്നും ഇത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചു. നിരവധി അദ്ധ്യാപികമാരെ ഇയാൾ വലയിലാക്കാൻ ശ്രമിച്ചതെന്നും, സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ലക്ഷണിച്ചുകൊണ്ടുള്ള വാട്സ് ആപ് ചാറ്റുകൾ ഉൾപ്പെടെയാണ് വിജിലൻസ് സംഘത്തിന് ലഭിച്ചത്.

വീട് നിർമ്മാണത്തിനായി പി എഫിൽ നിന്നും വായ്പ എടുക്കുന്നതിനായാണ് കോട്ടയം സ്വദേശിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി അപേക്ഷ നൽകിയത്. എന്നാൽ സാങ്കേതിക പിഴവുകൾ വന്നതിനാൽ സംസ്ഥാന നോഡൽ ഓഫീസറെ സമീപിക്കാൻ അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതി വിനോയ് ചന്ദ്രനെ ഫോണിൽ വിളിച്ചത്. പ്രശ്നം പരിഹരിക്കാമെന്ന് ഏറ്റ ഇയാൾ ജീവനക്കാരിയെ ലൈംഗിക താത്പര്യത്തോടുകൂടി സമീപിക്കുകയായിരുന്നു.

പിഎഫിൽ സമാന പ്രശ്നം നേരിടുന്ന നൂറ്റി അറുപതോളം അദ്ധ്യാപികമാരുണ്ട്. ഇവരിൽ പലരും ഗെയിൻ പിഎഫ് നോഡൽ ഓഫീസർ എന്ന നിലയിൽ വിനോയിയെ സമീപിച്ചിരുന്നു. ഇവരോടെല്ലാം വിനോയ് അശ്ലീല ചാറ്റ് നടത്തിയതിന്റേയും ലൈംഗിക താൽപര്യങ്ങൾ കാണിച്ചതിന്റേയും ഫോൺ രേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ദുരനുഭവം നേരിട്ട ഒരു അദ്ധ്യാപിക വിനോയിക്കെതിരെ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രതികരിച്ചെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

വിനോയ് പണമിടപാട് നടത്തിയോയെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനഃപൂർവ്വം കാലതാമസം വരുത്തിയോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അദ്ധ്യാപികയെ ലൈംഗികവേഴ്ചയ്ക്ക് ക്ഷണിച്ച വിനോയിയെ വ്യാഴാഴ്ചയാണ് കോട്ടയത്തെ ഹോട്ടലിൽ നിന്ന് പിടികൂടിയത്. അദ്ധ്യാപിക മുറിയിലേക്ക് ചെന്നതിന് പിന്നാലെ വിജിലൻസും അകത്ത് കയറി ആകെ പരിഭ്രമിച്ച് പോയ വിനോയ് ചന്ദ്രൻ കരഞ്ഞും കാല് പിടിച്ചും രക്ഷപെടാൻ ശ്രമം നടത്തി.

പല തവണ ഫോണിൽ വിളിച്ചെങ്കിലും വിനോയ് ചന്ദ്രൻ ഒഴിഞ്ഞുമാറി. പിന്നീട് വിളിച്ചപ്പോൾ വാട്‌സ് ആപ്പിൽ വിളിക്കാൻ പറയുകയായിരുന്നു. വിളിച്ചപ്പോൾ '' കാണാൻ സുന്ദരിയാണെന്നും ഒരു ഉപകാരം ചെയ്തുതരുമ്പോൾ എനിക്ക് നിങ്ങൾ പ്രത്യുപകാരം ചെയ്യണമെന്നും ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ'' എന്നുമായിരുന്നു വിനോയുടെ പ്രതികരണം. ദുരുദ്ദേശം മനസിലാക്കി അദ്ധ്യാപിക പറ്റില്ലെന്ന് തീർത്തു പറഞ്ഞതോടെ ഫയൽ തീർപ്പാക്കാതെ വിനോയ് ബുദ്ധിമുട്ടിച്ചു. തുടർന്ന് അദ്ധ്യാപിക വീണ്ടും ഫോണിൽ വിളിച്ചപ്പോഴാണ് കോട്ടയത്ത് റൂമെടുക്കാമെന്ന അതിബുദ്ധി വിനോയ് കാട്ടിയത്.

ഹോട്ടൽ മുറിയിൽ ഗർഭനിരോധന ഉറകളടക്കം കരുതിയാണ് ഇയാൾ കാത്തിരുന്നതെങ്കിലും വിജിലൻസ് സംഘം പിടികൂടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇൻസ്പെക്ടർമാരായ സജു.എസ്.ദാസ്, രതീന്ദ്രകുമാർ, റെജികുന്നിപ്പറമ്പിൽ, ജയകുമാർ, എസ്‌ഐമാരായ അനിൽകുമാർ,സുരേഷ്‌കുമാർ,പ്രസന്നകുമാർ,ഗോപകുമാർ,എഎസ്ഐമാരായ.സ്റ്റാൻലി തോമസ്,സാബു, അനിൽകുമാർ,ഹാരിസ്, ടിനുമോൻ, സി.പി.ഒ മാരായ മനോജ്കുമാർ, അനൂപ്, രാജേഷ്, അരുൺചന്ദ്, രഞ്ജിനി തുടങ്ങിയവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.