- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യസന്ധനായ വിൻസൻ എം പോൾ ബാർ കേസിൽ വിട്ടുവീഴ്ച്ച ചെയ്തത് മുഖ്യ വിവരാവകാശ കമ്മീഷർ സ്ഥാനമെന്ന രാഷ്ട്രീയ ഓഫറിൽ വീണിട്ടോ? വിജിലൻസ് കോടതിയുടെ വിരട്ടലിൽ സ്ഥാനലബ്ധിയും ത്രിശങ്കുവിലെന്ന് സൂചന
തിരുവനന്തപുരം: അന്വേഷണ ഏജൻസികൾക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നു തുറന്നു പറഞ്ഞ ഐപിസുകാരനാണ് വിൻസൺ എം. പോൾ. അഴിമതിക്കേസിൽ കുടുങ്ങുന്നതു നാണക്കേടല്ലാത്ത കാലമാണിതെന്നും നിയമ സംവിധാനത്തിലെ പോരായ്മ അഴിമതികൾക്കു കാരണമാകുന്നുവെന്നും തുറന്നു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ. സത്യസന്ധതയുടെ പ്രതീകമായാണ് ഈ ഉദ്യോഗസ്ഥന്റെ പ
തിരുവനന്തപുരം: അന്വേഷണ ഏജൻസികൾക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നു തുറന്നു പറഞ്ഞ ഐപിസുകാരനാണ് വിൻസൺ എം. പോൾ. അഴിമതിക്കേസിൽ കുടുങ്ങുന്നതു നാണക്കേടല്ലാത്ത കാലമാണിതെന്നും നിയമ സംവിധാനത്തിലെ പോരായ്മ അഴിമതികൾക്കു കാരണമാകുന്നുവെന്നും തുറന്നു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ. സത്യസന്ധതയുടെ പ്രതീകമായാണ് ഈ ഉദ്യോഗസ്ഥന്റെ പേര് കേരളം ചർച്ചയാക്കിയത്. പ്രമാദമായ കേസുകളുടെ അന്വേഷണ ചുമതല വിൻസൺ എം പോളിന് നൽകി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടുക സർക്കാരുകളുടെ പതിവ് രീതിയായിരുന്നു. അഴിമിത കറ പുരളാത്ത ഈ ഉദ്യോഗസ്ഥനെ മലയാളികൾക്കും പൂർണ്ണ വിശ്വാസമായിരുന്നു. അതുകൊണ്ട് കൂടിയാണ് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 'എസ് കത്തി' വിവാദം ആളിപടർന്നിട്ടും അതിൽ മുതിർന്ന ഐപിഎസുകാരനെ പ്രതിചേർക്കാൻ ആരും തയ്യാറാകാത്തതും.
ഈ പ്രതിച്ഛായയെ തകർക്കുന്നതാണ് ബാർ കേസിലെ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിരീക്ഷണങ്ങൾ. ഇതോടെ തിരിച്ചടി വിജിൻസ് ഡിജിപിക്കാണെന്ന് വിലയിരുത്തലെത്തി. തൊട്ടു പിന്നാലെ സ്ഥാനം ഒഴിയാൻ സന്നദ്ധനായ വിൻസൺ എം പോളെത്തി. ഉടൻ തന്നെ അവധിയിൽ പ്രവേശിച്ചു. രാജി സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തു. എന്നാൽ മുഖ്യവിവരവാകാശ കമ്മീഷണറായി വിൻസൺ എം പോൾ എത്തുമെന്നാണ് സൂചന. നവംബർ 30 വരെയാണ് വിൻസൻ എം പോളിന്റെ ഔദ്യോഗിക കാലാവധി. അതുകഴിഞ്ഞ് മാന്യമായ ഒരു സ്ഥാനം വിൻസൺ എം പോളിന് നൽകുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയും ആലോചിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലും വിവരാവകാശ കമ്മീഷണർ സ്ഥാനം തന്നെയായിരുന്നുവെന്നാണ് സൂചന. നിലവിൽ മുൻ ഡിജിപി സിബി മാത്യൂസാണ് മുഖ്യ വിവരാവകാശ കമ്മീഷണർ. അതുകൊണ്ട് തന്നെ അതേപദവി വഹിക്കുന്ന വിൻസൺ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കുന്നതിൽ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും മുഖ്യമന്ത്രി കണ്ടിരുന്നില്ല.
ഇക്കാര്യ വിൻസൺ എം പോളിനോട് രാഷ്ട്രീയ നേതൃത്വം ചർച്ച ചെയ്തിരുന്നോ എന്ന് വ്യക്തമല്ല. ഏതായാലും വിവരാവകാശ കമ്മീഷണർ സ്ഥാനം കണ്ടാണ് ബാർകോഴ കേസിൽ വിൻസൻ എം പോൾ ഇടപെടൽ നടത്തിയതെന്നാണ് സംശയം ഉയരുന്നത്. എല്ലാം വിൻസൺ എം പോൾ ചെയ്‌തെന്ന ആരോപണമാണ് ശക്തമാകുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇനിയൊരു സ്ഥാനവും വിൻസൺ എം പോൾ ഏറ്റെടുക്കാൻ ഇടയില്ലെന്ന സൂചനയുമുണ്ട്. സർക്കാരുമായുള്ള ഒത്തുകളിയായിരുന്നു ബാർ കോഴയിലെ ഇടപെടലെന്ന ആരോപണം ശക്തമാക്കാനേ ഈ സ്ഥാനം ഏറ്റെടുക്കൽ ഉപകരിക്കൂ. അതുകൊണ്ട് തന്നെ നവംബർ 30ലെ വിരമിക്കൽ തീയതി കഴിഞ്ഞാൽ വിൻസൺ എം പോൾ ഔദ്യോഗിക ജീവിതത്തിന് വിടപറയുമെന്നാണ് സൂചന.
സിബി മാത്യൂസിന്റെ വിവരാവകാശ കമ്മീഷണറായുള്ള കാലാവധി തീരാൻ ഇനിയും മാസങ്ങളുണ്ട്. അതുവരെ വിജിലൻസ് ഡയറക്ടറായി വിൻസൺ എം പോളിന് കാലാവധി നീട്ടികൊടുക്കാനായിരുന്നു സർക്കാരിന്റെ നീക്കം. ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ വിൻസൺ എം പോൾ തന്റെ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കുരക്ക് മുറുകി കോടതി ഉത്തരവ് എത്തിയത്. ഇത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ കറുത്ത ഏടായി മാറുകയും ചെയ്തു.
ബാർകേസിൽ മാണിക്ക് വേണ്ടി ഇടപെടാൻ സർക്കാറിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ടായെന്ന സൂചന നേരത്തെ ഉയർന്നിരുന്നു. മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കണം എന്നതായിരുന്നു വിജിലൻസ് എസ്‌പി സുകേശൻ അഭിപ്രായപ്പെട്ടത്. എന്നാൽ, ഇക്കാര്യം പരിഗണിക്കാതെ നിയമോപദേശം സ്വീകരിച്ചാണ് മാണിക്ക് വിജിലൻസ് ഡയറക്ടർ ക്ലീൻചിറ്റ് നൽകിയത്. ഈ തീരുമാനത്തിന് അദ്ദേഹം വഴങ്ങിയത് മുഖ്യ വിവരാവകാശ കമ്മീഷർ സ്ഥാനം പ്രതീക്ഷിച്ചാണെന്നാണ് സൂചന.
മുത്തൂറ്റ് പോൾ എം ജോർജ് വധക്കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന എസ് കത്തി വിവാദത്തെ തുടർന്ന് ജോലിയിൽ നിന്നും സ്വയം വിരമിക്കാൻ തീരുമാനിച്ചിരുന്നതായി വിൻസൻ എം പോൾ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. വിജിലൻസ് മേധാവിയായി ചുമതലയേറ്റശേഷം വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് വിൻസൻ എം പോൾ നേരത്തെയുള്ള വിവാദതീരുമാനത്തെക്കുറിച്ച് വിശദീകരിച്ചത്. പോൾ ജോർജ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പത്രസമ്മേളനം വിവാദമായതിനു പിന്നാലെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മനസ് സഞ്ചരിച്ചത്. എസ് കത്തിയുമായി ബന്ധപ്പെട്ടുയർന്ന പലവിധ വ്യാഖ്യാനങ്ങൾ തന്നെ മാനസികമായി മടുപ്പിച്ചെന്ന് അന്ന് എ.ഡി.ജി.പി ആയിരുന്ന വിൻസൻ എംപോൾ പറഞ്ഞിരുന്നു.
നിരന്തരമായ വാർത്തകൾ വന്നതോടെ മനസ്സ് മടുത്തിരുന്നു. സർവീസ് അവസാനിപ്പിച്ച് പുറത്തുപോകണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ദിവസങ്ങളോളം മാനസികസംഘർഷത്തിൽ ഉഴലുന്ന അവസ്ഥയായിരുന്നെന്നും വിൻസൺ എം പോൾ പറഞ്ഞിരുന്നു. വിൻസൺ എം പോൾ എറണാകുളം റേഞ്ച് ഐ.ജിയായിരിക്കേയാണ് തന്റെ ക്രമസമാധാന മേഖലയിൽപെട്ട ചങ്ങനാശ്ശേരിക്ക് സമീപം മുത്തൂറ്റ് പോൾ എം. ജോർജ് കൊല്ലപ്പെട്ടത്. ആലപ്പുഴ ജില്ല ഗുണ്ടാ സംഘങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് പ്രമുഖ പത്രങ്ങളിൽ അടക്കം നിരന്തരം വാർത്തകൾ വന്നിരുന്നു.
ഇവരെ ഒതുക്കേണ്ടത് റേഞ്ച് ഐ.ജിയെന്ന നിലയിൽ തന്റെ കർത്തവ്യം കൂടിയായിരുന്നതിനാലാണ് പ്രവൃത്തിയിലേക്കു കടക്കേണ്ടി വന്നതെന്നും എ.ഡി.ജി.പി വിശദീകരിച്ചു. പോൾ എം ജോർജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയ എസ് മോഡൽ കത്തി പൊലീസ് സംഘം പ്രത്യേകം പണിയിപ്പിച്ചതാണെന്നായിരുന്നു ആരോപണം. പ്രത്യേക അന്വേഷണസംഘത്തിന്റെ നിഷ്പക്ഷതയെ ചോദ്യംചെയ്താണ് വാർത്ത വന്നത്. ഇതോടെ വിൻസൺ ഏം പോളും വിവാദത്തിൽപ്പെട്ടു.അപ്പോഴും അന്വേഷണ ഉദ്യോഗസ്ഥ സംഘത്തിലാരോ തെറ്റിധരിപ്പിച്ചതാകുമെന്ന വിലയിരുത്തൽ ഉയർന്നിരുന്നു.
1984 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥാനാണ് വിൻസൻ എം പോൾ. അദ്ദേഹത്തെ ഡിജിപി സ്ഥാനം നൽകുന്നതിനെ നേരത്തെ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്തായാലും സർവീസിൽ നിന്നും വിൻസൻ എം പോൾ വിരമിക്കുന്നത് കേരളത്തെ പിടിച്ചു കുലുക്കിയ രാഷ്ട്രീയ വിവാദത്തിന്റെ പേരിലാണ് താനും. തെറ്റുചെയ്താൽ മാത്രമേ കുറ്റബോധം തോന്നുകയുള്ളു. നിയമത്തിനുള്ളിൽ നിന്നു മാത്രമേ പ്രവർത്തിച്ചിട്ടുള്ളുവെന്ന് ചങ്കൂറ്റത്തോടെ സധൈര്യം പറയാൻ സാധിക്കുമെന്നും മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയാണ് അദ്ദേഹം തന്റെ രാജിസന്നദ്ധത അറിയിച്ചത്. മാദ്ധ്യമങ്ങൾക്കായി ഒരു വിശദീകരണ കുറിപ്പും നൽകിയിരുന്നു.
വിൻസൻ എം. പോളിന്റെ പ്രസ്താവനയുടെ പൂർണരൂപം
ബാർ കോഴ കേസിന്റെ അന്വേഷണത്തിൽ ഒരു ഭാഗത്തുനിന്നും ഏതെങ്കിലും രീതിയിലുള്ള സമ്മർദ്ദങ്ങളോ ഇടപെടലുകളോ ഉണ്ടാകാനുള്ള അവസരം നൽകിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് സ്വതന്ത്രമായും നിഷ്പക്ഷമായും അന്വേഷണം നടത്താനുള്ള എല്ലാ സാഹചര്യങ്ങളും സഹായങ്ങളും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നൽകുകയാണുണ്ടായത്.
അന്വേഷണ ഉദ്യോഗസ്ഥൻ വളരെ വിശദമായി നടത്തിയ അന്വേഷണത്തിനൊടുവിൽ നൽകിയ വസ്തുതാവിവര റിപ്പോർട്ട് വിജിലൻസ് കേസന്വേഷണങ്ങളുടെ കാര്യത്തിൽ നിലവിലുള്ള നടപടികളുടെ ഭാഗമായി നിയമ വിഭാഗവും വിജിലൻസ് അഡീഷണൽ പൊലീസ് ഡയറക്ടർ ജനറലും പരിശോധിക്കുകയും അവർ നൽകിയ റിപ്പോർട്ട് ഞാൻ നിയമത്തിന്റെയും പ്രസക്തമായ സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തിൽ പരിഗണിക്കുകയുമാണുണ്ടായത്. അഴിമതിയുമായി ബന്ധപ്പെട്ട ഏതു കേസിന്റെയും നിയമപരമായ നിലനിൽപിന് അവിഭാജ്യമായ ഘടകങ്ങളൊന്നും ഈ കേസിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ വെളിവായിട്ടില്ല എന്നു വസ്തുതാ വിവര റിപ്പോർട്ടിൽനിന്നും ബോധ്യമായതിന്റൈ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഇതു സംബന്ധിച്ച് വീണ്ടു വിശദീകരണം തേടുകയും അപ്രകാരമുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തമായ മറുപടിക്കു ശേഷം ആയതും വസ്തുതാ റിപ്പോർട്ടിലെ മറ്റു നിയമപരവും വസ്തുതാപരവുമായ പിഴവുകളും പൊരുത്തക്കേടുകളും ചൂണ്ടിക്കാണിച്ച് ആയതുകൂടി പരിഗണിച്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ മാത്രമാണ് ഞാൻ നിർദ്ദേശം നൽകിയത്. അപ്രകാരം നിർദ്ദേശം നൽകാനുള്ള മേലുദ്യോഗസ്ഥന്റെ ചുമതല ക്രിമിനൽ നടപടി നിയമം അനുശാസിക്കുന്നുണ്ട്. അതല്ലാതെ ചില മാദ്ധ്യമങ്ങളിൽ വന്നതുപോലെ അന്തിമറിപ്പോർട്ട് ഏതെങ്കിലും പ്രത്യേക രീതിയിൽ കോടതി മുമ്പാകെ സമർപ്പിക്കണമെന്ന് ഞാനോ വിജിലൻസിലെ ഏതെങ്കിലും വിഭാഗമോ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടില്ല. ഞാൻ വസ്തുതാ വിവര റിപ്പോർട്ടിലെ പിഴവുകളും നിയമപരമായ പോരായ്മകളും ചൂണ്ടിക്കാണിച്ചത് നിയമപരമായി എടുക്കേണ്ട എല്ലാ മുൻകരുതലുകളും എടുത്തതിനുശേഷം മാത്രമാണ്.
വസ്തുതകളും നിയമപ്രശ്‌നങ്ങളും സംബന്ധിച്ച എന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥനു ബോധ്യമായ വസ്തുതകളുടെ അടിസ്ഥആനത്തിൽ ടി ഉദ്യോഗസ്ഥൻ കോടതി മുമ്പാകെ അന്തിമ റിപ്പോർട്ട് നൽകുകയായിരുന്നു. ഇതല്ലാതെ എന്റെ ഭാഗത്തുനിന്നോ മറ്റേതെങ്കിലും സ്ഥാനങ്ങളിൽ നിന്നോ ഈ കേസന്വേഷണത്തിൽ യാതൊരു വിധ സമ്മർദ്ദമോഇടപെടലോ ഉണ്ടായതായി എനിക്കറിയില്ല.
കഴിഞ്ഞ 32 വർഷമായി കേരള പൊലീസിൽ ജോലി ചെയ്യുന്ന ഞാൻ എന്റെ വ്യക്തിപരമായ പ്രശസ്തിക്കോ ലഭിച്ചേക്കാമായിരുന്ന കൈയടികൾക്കോ വേണ്ടി എനിക്ക് ഉത്തമ വിശ്വാസമില്ലാത്തതും നിയമാനുസൃതവുമല്ലാത്തതുമായ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. എന്റെ വ്യക്തിപരമായ വിശ്വാസങ്ങളോ അഭിപ്രായങ്ങളോ എന്റെ അന്വേഷണങ്ങളെയോ ഔദ്യോഗിക കൃത്യനിർവ്വഹണത്തെയോ ബാധിക്കാതിരിക്കാൻ ഞാൻ ആത്മാർത്ഥമായി എന്നും ശ്രമിച്ചിട്ടുണ്ട്. എനിക്കു ലഭിക്കാവുന്ന പ്രശംസകളോ എനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളോ കേസന്വേഷണങ്ങളിലെ സത്യസന്ധതയെ ബാധിച്ചിട്ടില്ല എന്ന് തികഞ്ഞ വിനയത്തോടെയും ആത്മവിശ്വാസത്തോടെയും ഉറക്കെ തന്നെ പറയുവാൻ എനിക്കു കഴിയും. ആത്മവിശ്വാസത്തോടെയും സത്യസന്ധതയോടെയും ചെയ്ത പ്രവർത്തികൾ അംഗീകാരമോ മറിച്ച് വിമർശനങ്ങളോ ആണ് സൃഷ്ടിക്കുന്നതെങ്കിലും ആയതു ഞാൻ കാര്യമാക്കിയിട്ടില്ല.
കേസന്വേഷണത്തിൽ പോരായ്മകളും കുറവുകളുമുണ്ടെങ്കിൽ ആയതു ചൂണ്ടിക്കാണിച്ച് അന്വേഷണം ശരിയായ ദിശയിൽ കൊണ്ടുപോകാനുള്ള ഉത്തരവാദിത്വവും ചുമതലയും ഒരു മേലുദ്യോഗസ്ഥനുണ്ടെന്നും ആയതു തികഞ്ഞ ഉദ്ദേശ ശുദ്ധിയോടെയും ആത്മവിശ്വാസത്തോടെയും നടപ്പാക്കണം എന്ന ഉറച്ച ബോധത്തോടെയും ഞാൻ ബാർ കോഴ കേസിൽ നടത്തിയ ഔദ്യോഗിക കൃത്യനിർവഹണം സംബന്ധിച്ച് തികച്ചും അടിസ്ഥാനരഹിതവും എന്നെ തേജോവധം ചെയ്യുന്ന രീതിയിലുള്ളതുമായ ചില പരാമർശങ്ങൾ ബാർ കോഴ കേസ് സംബന്ധിച്ച് ചിലരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളവരുടെ വലിപ്പമോ സാമൂഹ്യപ്രതിഫലനങ്ങളോ നോക്കാതെ നിയമത്തിന്റെ പരിധിക്കുള്ളിൽനിന്നു കൊണ്ട് വസ്തുതകൾ പൂർണമായി അവലോകനം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രദ്ധിക്കേണ്ട നിയമപരവും വസ്തുതാപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇക്കാര്യത്തിൽ ഞാൻ ചെയ്തത്. നിയമത്തിന്റെ കർശനമായ പരിധികളും പരിമികളും മാത്രമാണ് ബാർ കോഴ കേസിലും എന്നെ നയിച്ചത്. വസ്തുതകൾ പൂർണമായി കോടതികൾ വിലയിരുത്തുന്ന സമയം ഞാൻ ഇക്കാര്യത്തിൽ ചെയ്തത് നിയമപരമായി ശരിയാണെന്നു സ്ഥാപിക്കപ്പെടും, അത് എത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും എന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം.
ബാർ കോഴ കേസിൽ തുടരന്വേഷണം വേണം എന്ന കോടതി വിധി വ്യക്തിപരമായോ ഔദ്യോഗികമായോ എന്നെ ബാധിക്കുന്നില്ല. എങ്കിൽപ്പോലും മേൽസൂചിപ്പിച്ച വിമർശനങ്ങളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഞാനതിനെ കാണുന്നത്. മേൽപ്രസ്താവിച്ച ആരോപണങ്ങൾ വിജിലൻസ് മേധാവി എന്ന നിലയിൽ വ്യക്തിപരമായി എന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുന്നതായിരുന്നു. സത്യത്തിനും നീതിക്കുമൊപ്പം ജനങ്ങളുടെ വിശ്വാസവും പ്രധാനമാണെന്നു ഞാൻ വിശ്വസിക്കുന്നു. വിൻസൻ എം. പോൾ എന്ന വ്യക്തിക്കെതിരെയുള്ള പരാമർശങ്ങൾ ഓരിക്കലും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പോലുള്ള മഹത്തായ പ്രസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കരുത് എന്ന് എനിക്കു നിർബന്ധമുണ്ട്.
ഈ കേസിന്റെ തുടർന്നുള്ള അന്വേഷണം യാതൊരുവിധ സംശയങ്ങൾക്കും ഇട നൽകാത്ത വിധത്തിലായിരിക്കണമെന്നും അതിനാൽ തുടരന്വേഷണം നടക്കുന്ന വേളയിൽ വിജിലൻസിന്റെ ചുമതല ഞാൻ തുടർന്നും വഹിക്കുന്നത് ധാർമ്മികമായി ശരിയല്ലെന്നും ഞാൻ വിശ്വസിക്കുന്നു. വിജിലൻസിന്റെ സുതാര്യതയ്ക്കും സൽപ്പേരിനും യാതൊരുവിധ മങ്ങലും ഏൽക്കരുതെന്ന ആത്മാർത്ഥമായ ഉദ്ദേശ്യശുദ്ധിയോടെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു ഞാൻ സ്വയം ഒഴിവാകുന്നു.