തിരുവനന്തപുരം:അമ്പലമുക്കിലെ ചെടിവിൽപ്പനശാലയിലെ ജീവനക്കാരിയായ വിനിതമോളെ കൊലപ്പെടുത്തിയ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കന്യാകുമാരി സ്വദേശിയായ രാജേഷ് എന്ന യുവാവാണ് പ്രതി എന്നാണ് വിവരം. പേരൂർക്കടയിലെ ഹോട്ടലിലെ ജീവനക്കാരനാണ് ഇയാൾ.

മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക സൂചന. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കസ്റ്റഡിയിലുള്ള പ്രതിയെ ഇപ്പോൾ ചോദ്യം ചെയ്യുന്നതായാണ് സൂചന. ഞായറാഴ്ച പകലാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. അമ്പലനഗറിൽ ടാബ്‌സ് ഗ്രീൻടെക് അഗ്രിക്ലിനിക്ക് അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളാണ് (38) കൊല്ലപ്പെട്ടത്.

വിനിത മോളുടെ മൃതദേഹത്തിൽ കഴുത്തിൽ ആഴത്തിലുള്ള മൂന്ന് കുത്തുകളേറ്റിട്ടുണ്ടായിരുന്നു. പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ടാണ് മുറിവേറ്റത്. കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് മൃതദേഹം കണ്ടത്. പത്ത് മാസം മുമ്പാണ് വിനിത ഇവിടെ ജോലിക്ക് ചേർന്നത്. നഗരമധ്യത്തിൽ പട്ടാപ്പകൽ യുവതിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അമ്പലംമുക്കിന് സമീപം അലങ്കാരച്ചെടികൾ വിൽക്കുന്ന കടയ്ക്കുള്ളിലാണ് കൊലപാതകം. നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനീത മോൾ (38) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ കടയ്ക്കുള്ളിൽ ചെടികൾക്കിടയിലാണ് മൃതദേഹം കണ്ടത്. ഏതാനും മാസം മുൻപാണ് വിനീത ഈ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. ഞായറാഴ്ച കട അവധി ആയിരുന്നെങ്കിലും ചെടികൾക്ക് വെള്ളം നനയ്ക്കാൻ എത്തണമെന്ന് സ്ഥാപന ഉടമ പറഞ്ഞതനുസരിച്ചാണ് വിനീത എത്തിയത്. ഉച്ചയ്ക്ക് സ്ഥാപനത്തിൽ ചിലർ ചെടി വാങ്ങാനെത്തിയിരുന്നു. എന്നാൽ കടയിൽ ആരെയും കണ്ടില്ല. ഇതോടെ സ്ഥാപന ഉടമ തോമസ് മാമനെ വിളിച്ചു ചോദിച്ചു.

ഇദ്ദേഹം പല തവണ ഫോൺ വിളിച്ചിട്ടും വിനീത എടുക്കാതായതോടെ ഉടമ നേരിട്ട് സ്ഥലത്തെത്തി. എന്നാൽ വിനീതയെ കണ്ടെത്താനായില്ല. തുടർന്ന് മറ്റൊരു ജീവനക്കാരിയായ സുനിതയെയും വിളിച്ചുവരുത്തി രണ്ടാമത് നടത്തിയ തിരച്ചിലിലാണ് വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുറകുവശത്ത് ചെടികൾക്കിടയിൽ വലകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഇവർ ഉടൻതന്നെ പൊലീസ് കൺട്രോൾറൂമിൽ വിളിച്ച് വിവരമറിയിച്ചു.

വിനീതയുടെ ഭർത്താവ് സെന്തിൽ കുമാർ രണ്ടു വർഷം മുൻപ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരുന്നു. സംഭവം അറിഞ്ഞ് വിനീതയുടെ അച്ഛൻ വിജയനും അമ്മ രാഗിണിയും സ്ഥലത്തെത്തി. മകളുടെ കഴുത്തിൽ നാല് പവന്റെ താലിമാല ഉണ്ടായിരുന്നതായി അമ്മ പൊലീസിനോട് പറഞ്ഞു. മൃതദേഹത്തിൽ ഈ മാല ഉണ്ടായിരുന്നില്ല. അതേസമയം ചിട്ടി പിടിച്ച ഇരുപത്തിയയ്യായിരം രൂപ വിനീതയുടെ ബാഗിൽ തന്നെയുണ്ടായിരുന്നു. പിന്നീട് കൊലയാളിയുടെ സിസിടിവി ദൃശ്യം കിട്ടി. ഇതാണ് നിർണ്ണായകമായത്.