- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷൻ! താലിബാൻ മാറിയോ-ചർച്ചയിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു; അതിനുള്ള പകയാണ് പ്രമോദ് രാമനെ ഉപയോഗിച്ച് ഫേസ്‌ബുക്കിലൂടെ തീർത്തത്; പ്രമോദ് രാമന്റെ വിമർശനത്തിന് വീണ്ടും വിനുവിന്റെ മറുപടി; ഈഗോ വാർ തുടരുന്നു
തിരുവനന്തപുരം: ചാനൽ തലപ്പത്തെ ഈഗോ വാർ കടുക്കുമ്പോൾ സൈബർ ഇടത്തിലൂടെ വിമർശനവും പോർവിളിയും മുറുകുകയാണ്. മീഡിയാ വൺ എഡിറ്റർ പ്രമോദ് രാമൻ ഫേസ്‌ബുക്കിലൂടെ ഉയർത്തിയ വിമർശനത്തിന് ഇന്നലെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാടി മറുപടി നൽകിയ വിനു വി ജോൺ ഇന്ന് വീണ്ടും ട്വിറ്ററിലൂടെ രംഗത്തുവന്നു. തനിക്കെതിരെ പ്രമോദ് രാമൻ വിമർശന പോസ്റ്റിട്ടത് ജമാഅത്തെ ഇസ്ലാമിയുടെ പേരണ കൊണ്ടാണെന്ന് വിനു ട്വീറ്റു ചെയ്തു.
സെപ്റ്റംബർ 26ന് താലിബാൻ മാറിയോ എന്ന ചർച്ച ഏഷ്യാനെറ്റ് സംഘടിപ്പിച്ചിരുന്നു. ഈ ചർച്ചയിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. അതിനുള്ള പകയാണ് അവരുടെ ചാനൽ എഡിറ്ററായ പ്രമോദ് രാമനെ ഉപയോഗിച്ച് എഫ്ബി പോസ്റ്റിലൂടെ തീർത്തത് എന്നാണ് വിനു വി ജോണിന്റെ വ്യാഖ്യാനം. എഡിറ്റർമാർ, മറ്റു സ്ഥാപനങ്ങൾ എന്ത് ചെയ്യണം എന്ന് പറയുക പതിവില്ല. ഇത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷൻ ആണെന്നും വിനു ട്വീറ്റു ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ചെമ്പോല വിവാദം കർഷകരുടെ മരണം പരിഗണിക്കാതെ ചർച്ചക്ക് എടുത്തതിനെ വിമർശിച്ചു പ്രമോദ് രാമൻ രംഗത്തുവന്നിരുന്നു. പ്രമോദ് വിമർശനവം ഉന്നയിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പിന്നാലെ വിനു ട്വിറ്ററിൻ അധിക്ഷേപിക്കും വിധത്തിൽ ട്വീറ്റും ചെയ്തിരുന്നു. യുപിയിലെ ലഖിംപൂരിൽ സമരം ചെയ്ത കർഷകർക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകൻ വാഹമനോടിച്ച് കയറ്റിയതും കർഷക സമരത്തിനെതിരെയുള്ള പൊലീസ് നരനായാട്ടും ചർച്ച ചെയ്യാതെ മോൻസന്റെ കയ്യിലെ ചെമ്പോലയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ചെയ്തതിനെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും മീഡിയ വൺ എഡിറ്ററുമായ പ്രമോദ് രാമൻ ഫേസ്‌ബുക്ക് കുറിപ്പെഴുതിയിരുന്നു. പ്രമോദ് രാമനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു വിനു വി ജോണിന്റെ മറുപടി.
സെപ്റ്റംബർ26ലെ-താലിബാൻ മാറിയോ-ചർച്ചയിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.അതിലുള്ള പകയാണ് ജഅഇസ്ലാമി അവരുടെ ചാനൽ എഡിറ്ററായ പ്രമോദ് രാമനെ ഉപയോഗിച്ച് എഫ്ബി പോസ്റ്റിലൂടെ തീർത്തത്. എഡിറ്റർമാർ,മറ്റു സ്ഥാപനങ്ങൾ എന്ത് ചെയ്യണം എന്ന് പറയുക പതിവില്ല. ഇത് ജഅഇ ക്വട്ടേഷനാണ്! pic.twitter.com/JxD9nQninJ
- VINU V JOHN (@vinuvjohn) October 6, 2021
പ്രമോദ് രാമന്റെ കുറിപ്പ് ഇങ്ങനെ
ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കിൽ മനസ്സിൽ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാൽ അതിന് മുതിരുന്നു.
ഈ കുറിപ്പ് എഴുതുമ്പോൾ യു പിയിൽ കർഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവൺമെന്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളിൽ ചർച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നിൽ കർഷക, യുവജന നേതാക്കളെ മർദിച്ചു പൊലീസ് വണ്ടിയിൽ തള്ളുന്ന ദൃശ്യങ്ങൾ കണ്ട ഏതൊരു മാധ്യമ പ്രവർത്തകനും ഇന്നത്തെ രാത്രിയിൽ അതല്ലാതെ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നത് ചിന്തിക്കാൻ ആവില്ല. എന്നാലോഎല്ലാറ്റിനും 'മുതിരുന്ന' ചിലർക്ക് മോൻസന്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തിൽ കവിഞ്ഞ് ഒരു കർഷകനും അവന്റെ രക്തസാക്ഷിത്വവും ഇല്ല.
ഇത് പറഞ്ഞത് മാധ്യമപ്രവർത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivity യൂടെ ആഴം സൂചിപ്പിക്കാൻ മാത്രം. ഒരു രാത്രിയിൽ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതിൽ നാം കണ്ട insensitivity മറ്റൊരു രാത്രിയിൽ കർഷകമനസ് കാണാതെ പോകുന്ന തരത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തിൽ മാധ്യമപ്രവർത്തനത്തിന്റെ ഒരുവശത്ത് പടർന്നുകൊണ്ടിരിക്കുന്ന നിർദയത്വത്തിന്റെ വിഷവേരുകൾ ആണ്. പകൽ മുഴുവൻ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ ധർമയുദ്ധത്തിൽ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകർ എന്ന മട്ടിൽ റിപ്പോർട്ടർമാരാൽ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിന്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയിൽ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോർട്ടർ സഹപ്രവർത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാൻ ആങ്കർ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവർഗ, പുരുഷ, പിന്തിരിപ്പൻ വഷളത്തരങ്ങൾ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും.
ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവർ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യർത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാൻ മാധ്യമപ്രവർത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്നെ കല്ലെറിയൂ. അല്ലെങ്കിൽ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലിൽ അടയ്ക്കൂ. മാധ്യമ പ്രവർത്തനത്തിന്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിന്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല. തലമുറകൾക്ക് മേൽ വിപൽപ്പിണറായി പതിക്കാവുന്ന ദുർബോധനം ആണത്.
ഇന്നേവരെ പല ആവർത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയിൽ ഞാൻ എന്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ പെരുമാറുന്നുണ്ടോ, ഇന്നിപ്പോൾ Media One ന്റെ ചുമതലയിൽ ഇരുന്ന് സഹപ്രവർത്തകരിൽ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളർത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങൾ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളിൽ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയുന്നുള്ളൂ.
അപ്പോഴും ഞാൻ പറയും. ഞാനും എന്റെ സഹപ്രവർത്തകരും വിമർശിക്കപ്പെടുക തന്നെ വേണം. അവർ അംഗീകരിക്കപ്പെടുന്നുവെങ്കിൽ അതിനൊപ്പം. കാരണം വിമർശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതൽ നല്ല മാധ്യമപ്രവർത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിന്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങൾക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്‌കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.
നന്ദി.
പ്രമോദ് രാമൻ
വിനുവിന്റെ പോസ്റ്റ് ഇങ്ങനെ:
ഷാർജാ ഇന്ത്യൻ അസോ. ഹാളിൽ തീവ്രലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ എഡിറ്റർ മാധ്യമ സദാചാര പോസ്റ്റിട്ടിട്ടുണ്ട്. മുമ്പ് സഹപ്രവർത്തകനായിരുന്ന ടിയാന്റെ സാഹസത്തിന് തമിഴന്മാർ കൈ അടിച്ചൊടിച്ചപ്പോൾ ഈയുള്ളവന് മദിരാശിയിലേക്ക് ഒരു സ്ഥലംമാറ്റം കിട്ടിയിരുന്നു!
സോഷ്യൽമീഡിയയിലെ ഈ വാക് യുദ്ധത്തിന് ശേഷമാണ് ഇന്ന് വീണ്ടും വിനു വി ജോൺ രംഗത്തുവന്നത്. എത്രദിവസം ചാനൽ തലവന്മാർ തമ്മിലുള്ള ചെളിവാരിയെറിയൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പ്രേക്ഷകരും പറയുന്നത്.
മറുനാടന് ഡെസ്ക്