- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ബന്ധു നിയമനം; അദ്ധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു; യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ബന്ധു നിയമനം. അദ്ധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിൽ അംഗമായ ഡോ. എം മനോഹരന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലാണ് യു ജി സി മാനദണ്ഡങ്ങൾ ലംഘിച്ച് ഡോ. കൃഷ്ണറാണിക്ക് നിയമനം നൽകിയിരിക്കുന്നത്.
കോഴിക്കോട് ഫറോക്ക് കോളേജിലെ അദ്ധ്യാപികയായിരുന്നു ഡോ. കൃഷ്ണറാണി. അദ്ധ്യാപികയുടെ ഭർത്താവും അദ്ധ്യാപക നിയമനത്തിനുള്ള സബ് കമ്മിറ്റിയിൽ അംഗവുമായ ഡോ. എം മനോഹരന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് നിയമനം. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ച ഇവർക്ക് യുജിസി അനുശാസിക്കുന്ന പ്രബന്ധങ്ങൾ പോലും ഇല്ലെന്നാണ് ഉയരുന്ന ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് ലഭിച്ച പരാതിയിൽ ഈ മാസം അഞ്ചിന് വിശദീകരണം നൽകാൻ രാജ്ഭവനിൽ നിന്ന് വൈസ് ചാൻസിലർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കത്തിന് മറുപടി നൽകാതെ ഏഴിന് തന്നെ സർവകലാശാല നിയമനം നൽകി.യുജിസി യോഗ്യതയുള്ള മൂന്ന് ഉദ്യോഗാർത്ഥികളെ തള്ളിയാണ് ഡോ. കൃഷ്ണറാണിയുടെ നിയമനം. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ നടന്ന ബന്ധു നിയമനത്തെ ചൊല്ലി ഇടത് അദ്ധ്യാപക സംഘടനയ്ക്കുള്ളിലും ഭിന്നത രൂക്ഷമാണ്.
ഉന്നത വിദ്യാഭ്യാസം നേടിയ യുവതലമുറയെ നിരാശയിലാഴ്‌ത്തുന്ന ഇത്തരം പ്രവണതകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട് അരങ്ങേറുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. തങ്ങൾ ആഗ്രഹിക്കുന്ന ജോലി നേടാൻ ആവശ്യമായ പരമാവധി യോഗ്യതകൾ നേടി അഭിമുഖങ്ങൾക്കു പോയാലും നമ്മുടെ പൊതുസ്ഥാപനങ്ങളിൽനിന്ന് ഉദ്യോഗാർത്ഥികൾ ഒഴിവാക്കപ്പെടുന്നു.
വിദ്യാഭ്യാസം നേടിയവരുടെ എണ്ണത്തിനനുസൃതമായി ഇവിടെ തസ്തികകളില്ല എന്നത് യാഥാർത്ഥ്യം തന്നെയാണ്. എങ്കിലും തൊഴിൽ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ യോഗ്യതകൾ ശരിയായി വിലയിരുത്തപ്പെടുന്നില്ല, വിഷയങ്ങളിലെ ജ്ഞാനമോ വൈദഗ്ദ്ധ്യമോ പരിശോധിക്കപ്പെടുന്നില്ല എന്ന തോന്നൽ ഉണ്ടാകുന്നു എന്നതാണ് ആക്ഷേപം.
പലപ്പോഴും സർവ്വകലാശാലാ അദ്ധ്യാപകരുടേതുപോലുള്ള തസ്തികകളിൽ അഭിമുഖത്തിനെത്തുന്നവർക്ക് തങ്ങൾ അപമാനിക്കപ്പെടുന്നു. കാലിക്കറ്റ്, കാലടി സർവ്വകലാശാലകളിൽ അടുത്തിടെ നടന്ന അദ്ധ്യാപക നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.
ജനാധിപത്യത്തിൽ വിവരങ്ങളുടെ സുതാര്യത പ്രധാനമാണെങ്കിലും സർവ്വകലാശാലകൾ വിവരങ്ങളെ മറച്ചുവെക്കുകയും അതിനെ ഭരണസംവിധാനങ്ങളുപയോഗിച്ച് ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. അനീതികൾക്കെതിരെ നീതിന്യായ സംവിധാനങ്ങളെ സമീപിക്കുന്നവരെ നേരിടാൻ യൂണിവേഴ്‌സിറ്റികൾ നേരത്തെ തന്നെ വിധികൾ സമ്പാദിച്ചുവെക്കുകയും അവരെ തോൽപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു എന്ന ആക്ഷേപമാണ് ഉന്നത വിദ്യാഭ്യാസം നേടി ജോലിക്ക് അർഹരായ ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിവിധ പഠനവകുപ്പുകളിലേക്ക് അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖങ്ങൾ നടന്നപ്പോഴും ഇത്തരം സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. 24 വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നടന്ന ഇന്റർവ്യൂവും നിയമനങ്ങളും സുതാര്യതയില്ലാത്തതും ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ വേണ്ടിയുള്ളതുമാണെന്ന് അഭിമുഖത്തിൽ പങ്കെടുത്തവർ തന്നെ ആരോപിച്ചിരുന്നു. ചിലർ നിയമനങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, അവയെല്ലാം അവഗണിച്ചുകൊണ്ട് നിയമനങ്ങളുമായി മുന്നോട്ട് പോകുകയാണ് സർവ്വകലാശാല ചെയ്യുന്നത്.
ശുപാർശകളുടേയും രാഷ്ട്രീയ സ്വാധീനത്തിന്റേയും അടിസ്ഥാനത്തിൽ ഉന്നത യോഗ്യതയുള്ളവരെപ്പോലും പുറത്തുനിർത്തിയാണ് നിയമനങ്ങളേറെയും നടക്കുന്നതെന്നതാണ് പ്രധാനമായ ആരോപണം. അഭിമുഖങ്ങൾ പ്രഹസനമാണെന്നും മുൻകൂട്ടി തീരുമാനിക്കപ്പെട്ടവർക്ക് നിയമനം കൊടുക്കുന്ന രീതിയാണെന്നും ഉദ്യോഗാർത്ഥികൾ തന്നെ പറയുന്നു. സംവരണപ്പട്ടിക പുറത്തിറക്കാതെയാണ് നിയമനങ്ങൾ നടക്കുന്നത് എന്നതുകൊണ്ടുതന്നെ എങ്ങനെയാണ് റൊട്ടേഷൻ എന്നത് മനസ്സിലാക്കാൻപോലും ഉദ്യോഗാർത്ഥികൾക്കു കഴിയുന്നില്ല.
ഇതിനെ ചോദ്യം ചെയ്തു നൽകിയ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ സംവരണ വിവരം രഹസ്യരേഖയാണ് എന്നാണ് യൂണിവേഴ്‌സിറ്റി പറഞ്ഞത്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള സംവരണക്രമം എന്തടിസ്ഥാനത്തിലാണ് രഹസ്യരേഖയാകുന്നത്? ഇന്റർവ്യൂവിലെ മാർക്ക് മാത്രമാണ് നിയമനത്തിന്റെ അടിസ്ഥാനം എന്നതാണ് മറ്റൊരു വാദം.
ഉദ്യോഗാർത്ഥിയുടെ അക്കാദമിക് യോഗ്യതകളെല്ലാം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ മാത്രമുള്ള യോഗ്യത മാത്രമാണെന്നാണ് വിശദീകരണം. എന്നാൽ, ബോർഡംഗങ്ങൾ നൽകുന്ന മാർക്കിന്റെ വിവരങ്ങൾ പുറത്തുവിടാൻ യൂണിവേഴ്‌സിറ്റി തയ്യാറാകുന്നുമില്ല. മാർക്ക് പുറത്തുവിടുന്നത് ബോർഡംഗങ്ങളുടെ ജീവനു ഭീഷണിയാണ് എന്നാണ് അതിനെ ന്യായീകരിക്കാൻ പറയുന്ന വാദം.
നമ്മുടെ ക്രമസമാധാന സംവിധാനങ്ങളെത്തന്നെ സംശയത്തിന്റെ മുനയിലാക്കുന്നതാണ് യൂണിവേഴ്‌സിറ്റിയുടെ ഈ വാദം. യുജിസി. നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചല്ല ഇന്റർവ്യു നടക്കുന്നത് എന്നു വ്യക്തമാണ്, യൂണിവേഴ്‌സിറ്റി അതിനെ ന്യായീകരിക്കുമ്പോഴും. ഉദ്യോഗാർത്ഥിയുടെ കഴിവിനെ വിലയിരുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല എന്ന് അഭിമുഖത്തിൽ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.
ഇന്റർവ്യൂ കഴിഞ്ഞപ്പോഴേ പല ഉദ്യോഗാർത്ഥികളും പരാതിയുമായി യൂണിവേഴ്‌സിറ്റിയേയും ഗവർണറേയും ഹൈക്കോടതിയേയും പട്ടികജാതി കമ്മിഷനേയുമടക്കം സമീപിച്ചു. കേസുകൾ നടന്നുകൊണ്ടിരിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്സ് ഇന്റർവ്യൂവിൽ പങ്കെടുക്കുകയും നിയമനം കിട്ടാതെ പുറത്താകപ്പെടുകയും ചെയ്ത രഞ്ജിത് ആർ. എന്ന ഉദ്യോഗാർത്ഥിക്ക് റാഞ്ചി ഐ.ഐ.എമ്മിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം കിട്ടിയതോടെയാണ് കാലിക്കറ്റിലെ നിയമന ക്രമക്കേട് കൂടുതൽ ചർച്ചയായത്.
പട്ടികവർഗ്ഗ വിഭാഗത്തിൽനിന്നുള്ള ഒരദ്ധ്യാപകൻപോലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇല്ല എന്ന് അഭിപ്രായമുയരുമ്പോഴാണ് രഞ്ജിത്തിനെ പുറന്തള്ളാൻ യൂണിവേഴ്‌സിറ്റിക്ക് കഴിയുന്നതും. നാലൊഴിവുണ്ടായിട്ടും നാലാം റാങ്കുകാരനായ രഞ്ജിത്തിനു സംവരണ റൊട്ടേഷന്റെ സാങ്കേതികത്വം പറഞ്ഞാണ് നിയമനം നൽകാതിരുന്നത്. മൂന്നു പേരെ നിയമിച്ചു. നാലാമത്തേത് ഒഴിച്ചിട്ടു.
ഇങ്ങനെ തന്നെയാണ് പല പഠനവകുപ്പുകളിലും സംഭവിച്ചത്. നിലനിൽക്കുന്ന ഒഴിവുകളുടെ എണ്ണത്തിനുള്ളിൽത്തന്നെ റാങ്ക് നേടിയെങ്കിലും അവരെ ഒഴിവാക്കണം എന്ന നിർബ്ബന്ധ ബുദ്ധിപോലെ തസ്തികകൾ ഒഴിച്ചിടുന്നു എന്നാണ് ആക്ഷേപം ഉയരുന്നത്.
മറുനാടന് മലയാളി ബ്യൂറോ