ഹൂബ്ലി: സാമൂഹിക മാധ്യമത്തിലെ വിദ്വേഷകരമായ പോസ്റ്റിനെച്ചൊല്ലി കർണാടകയിലെ ധർവാദ് ജില്ലയിൽ സംഘർഷം. പഴയ ഹൂബ്ലി പൊലീസ് സ്റ്റേഷന് നേരെ ആൾക്കൂട്ടം കല്ലേറ് നടത്തിയതിനെ തുടർന്ന് 40 ഓളം പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ ഒരു ഇൻസ്‌പെക്ടർ ഉൾപ്പെടെ 12 പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങളും ജനക്കൂട്ടം തകർത്തതായി അധികൃതർ പറഞ്ഞു.

സംഘർഷം രൂക്ഷമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു, അക്രമത്തെത്തുടർന്നു നഗരത്തിൽ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി.

അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഹൂബ്ലി പൊലീസ് കമ്മീഷണർ ലാഭു റാം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെ സാമൂഹിക മാധ്യമത്തിൽ ഒരാൾ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് സംഘർഷത്തിലേക്ക് നയിച്ചത്. വിദ്വേഷകരമായ ഈ പോസ്റ്റിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയും പോസ്റ്റിട്ട ആളെ അറസ്റ്റ് ചെയ്യുകയുമുണ്ടായെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു.

പൊലീസ് നടപടിയിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി അർധരാത്രിയോടെ പൊലീസ് സ്റ്റേഷന് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നുവെന്നു ലാഭു റാം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതു മൂൻകൂട്ടി ആസൂത്രണം ചെയ്തുള്ള ആക്രമണമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തെ സംഘടിത ആക്രമണമെന്ന് വിശേഷിപ്പിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത്തരം സംഭവങ്ങൾ സംസ്ഥാനം വെച്ചുപൊറുപ്പിക്കില്ലെന്നും പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകളെ തിരിച്ചറിയാമെന്നും പറഞ്ഞു.