ജമൈക്ക: ലോകത്തിന്റെ മുതുമുത്തശ്ശി സ്ഥാനം ഇനി പശ്ചിമ ജമൈക്കയിലെ വയലറ്റ് ബ്രൗണിന്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഇറ്റലിയിലെ എമ്മ മൊറാനോ നിര്യാതയായതോടെയാണ് 117 വയസ്സുള്ള വയലറ്റ് ആ സ്ഥാനത്തെത്തിയത്.

1900 മാർച്ച് 10നാണ് ഇവർ ജനിച്ചത്. ജമൈക്കൻ പ്രധാനമന്ത്രിയാണ് തന്റെ നാട്ടുകാരിക്ക് ഈ അപൂർവ്വ ഭാഗ്യം കൈവന്നതിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്. ചിത്രവും വിവരങ്ങളും അടക്കം ട്വിറ്ററിൽ കുറിച്ചാണ് അഭിനന്ദനം അറിയിച്ചത്. ജെറന്റോളജി ഗവേഷക വിഭാഗമാണ് ഇത്തരത്തിൽ ലോോകമുത്തശ്ശി പട്ടം ഇവർക്ക് നൽകിയത്. കഴിഞ്ഞ വർഷമാണ് ലോകമുത്തശ്ശി എന്ന പദവി എമ്മയെ തേടിയെത്തിയത്. ഇവർ മരിച്ചതോടെ 19ാം നൂറ്റാണ്ടിലെ അവസാന ആളും മരിച്ചു. ഇനി 20ാം നൂറ്റാണ്ടിൽ ജനിച്ച അഞ്ചു മുത്തശ്ശിമാരാണുള്ളത്. ഇവരിൽ രണ്ട് ജപ്പാൻ സ്വദേശിനികളും ഒരു സ്പാനിഷ് സ്വദേശിനിയും യുറോപ്യൻ സ്വദേശിനിയുമുണ്ട്.

ലോക മുത്തശി കിരീടം പുതുതായി നേടിയ ജമൈക്കയിലെ വയലറ്റ് മോസക് ബ്രൗണിന്റെ കരുത്ത് ചിട്ടയായ ജീവിതവും ഈശ്വര വിശ്വാസവുമാണ്. ജമൈക്കയിലെ ട്രവാനിയിൽ ജനിച്ച വീട്ടിൽതന്നെയാണു വയലറ്റ് ഇപ്പോഴും താമസിക്കുന്നത്. കരിമ്പ് തോട്ടങ്ങളിൽ അടിമയായാണു മുത്തശ്ശിയുടെ ജീവിതം തുടങ്ങിയത്. പിന്നീട് കരിമ്പ് തോട്ടത്തിന്റെ ഉടമയായും ചെറിയ വ്യവസായ സംരംഭകയുമൊക്കെയായി. ഇടയ്ക്ക് സംഗീത അദ്ധ്യാപികയായും പ്രവർത്തിച്ചു. മീനും ആട് വിഭവങ്ങളുമാണു മുത്തശ്ശിക്ക് ഇഷ്ടം. എന്നാൽ പന്നി, കോഴി ഇറച്ചികൾ അവർ ഉപയോഗിക്കാറില്ല. മാങ്ങ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ഓറഞ്ച് എന്നിവയും അവർക്കിഷ്ടമാണ്.

പന്നിയും കോഴിയും ഒഴിവാക്കും എന്നതൊഴിച്ചാൽ ഭക്ഷണകാര്യത്തിൽ പ്രത്യേകതകളൊന്നുമില്ല. 'ദീർഘായുസ്സ് ദൈവം എനിക്കു നൽകിയതാണ്. അതുകൊണ്ട് അതു സ്വീകരിക്കണം' വയലറ്റ് നിലപാട് വ്യക്തമാക്കി. 115 -ാം വയസിലെത്തിയപ്പോൾ എലിസബത്ത് രാജ്ഞി നൽകിയ സമ്മാനമാണു മുത്തശ്ശിക്ക് ഏറ്റവും വിലപ്പെട്ടത്. വയലറ്റിനൊപ്പം മകൻ ഹാരോൾഡും (97) ഗിന്നസ് ബുക്കിലിടംപിടിച്ചു.

മാതാപിതാക്കളിലൊരാൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംചെന്ന വ്യക്തിയാണ് അദ്ദേഹം. വയലറ്റ് മുത്തശ്ശിയുടെ മാതാപിതാക്കൾ 97 വയസുവരെ ജീവിച്ചിരുന്നു.